
ഡബ്ലിന്‍: ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് അയര്‍ലന്‍ഡ് (Ireland). അതിലേറെയും മലയാളികള്‍. കഴിഞ്ഞ ദിവസം ഇന്ത്യ- അയര്‍ലന്‍ഡ് രണ്ടാം ടി20 കാണാന്‍ നിരവധി മലയാളികളുണ്ടായിരുന്നു. ഇന്ത്യന്‍ താരം സഞ്ജു സാംസണ് (Sanju Samson) പിന്തുണയുമായി നിരവധി പേരെത്തി. സഞ്ജു കളിക്കുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ തന്നെ ആരാധകര്‍ ആര്‍പ്പുവിളിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya), സഞ്ജുവിന് അയര്‍ലന്‍ഡില്‍ ഒരുപാട് ആരാധകരുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു.
കാണികളില്‍ മാത്രമല്ല, കമന്റേറ്റര്‍മാരിലും സഞ്ജുവിന് ആരാധകരുണ്ടായിരുന്നു. മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയാണ് സഞ്ജുവിനോടുള്ള ആരാധന വ്യക്തമാക്കിയത്. മത്സരശേഷമായിരുന്നു സഞ്ജു- ജഡേജ സംഭാഷണം. സഞ്ജു തന്നെയാണ് മലയാളത്തില്‍ സംസാരിച്ച് തുടക്കമിട്ടത്. ''സഞ്ജു ഇത് കേരളത്തില്‍ നിന്നും അജയ് ജഡേജയാണ് സംസാരിക്കുന്നത്. താങ്കളുടെ പ്രകടനത്തില്‍ അതീവ സന്തോഷവാനാണ് ഞാന്‍, പക്ഷെ സെഞ്ച്വറി നേടാതെ പോയതില്‍ അല്‍പം വിഷമമുണ്ട്.'' എന്നായിരുന്നു അജയ് ജഡേജ പറഞ്ഞത്.
ഇതിന് മറുപടിയായി സഞ്ജു പറഞ്ഞതിങ്ങനെ.. ''അജയ് ഭായ്, നമസ്‌കാരം സുഖമാണല്ലോ അല്ലെ?..ഭക്ഷണം കഴിച്ചോ? എന്തെല്ലാം? സഞ്ജു മറുപടി നല്‍കി. ''ഇവിടെ സുഖമാണ്. അവിടെ സുഖമാണോ?'' എന്ന് ജഡേജയും സഞ്ജുവിനോട് സംസാരിക്കുന്നുണ്ട്. മലയാള സംസാരം ആരാധകര്‍ക്കിടയില്‍ വളരെ കൗതുകവും ആവേശവുമാണ് സൃഷ്ടിച്ചത്. ആലപ്പുഴയില്‍ അമ്മവീടുള്ള അജയ് ജഡേജ കേരളവുമായി അടുത്ത ബന്ധമുള്ളയാളാണ്. ഇരുവരും മലയാളത്തില്‍ സംസാരിക്കുന്ന വീഡിയോ കാണാം...
ഞാന്‍ സഞ്ജുവിന്റെ വലിയ ആരാധകനാമെന്ന് ജഡേജ വീഡിയോയില്‍ തുറന്ന് സമ്മതിക്കുന്നുമുണ്ട്. എന്നാല്‍ സഞ്ജുവിന് സെഞ്ചുറി നേടാന്‍ കഴിയാത്തതിലെ നിരാശ ജഡേജ പങ്കുവെക്കുകയും ചെയ്തു. മലയാളം കേട്ടാല്‍ മനസിലാവുമെന്ന് പറഞ്ഞാണ് ജഡേജ നിര്‍ത്തിയത്.
നേരത്തെ, ഹൂഡയും സഞ്ജുവിനെ പ്രകീര്‍ത്തിച്ചിരുന്നു. 'സഞ്ജു എന്റെ ബാല്യകാല സുഹൃത്താണ്. സഞ്ജുവിനൊപ്പം ബാറ്റ് ചെയ്യുന്നത് എപ്പോഴും സന്തോഷം. ടീമിനെ പിന്തുണയ്ക്കാനെത്തിയ എല്ലാ ആരാധകര്‍ക്കും നന്ദി അറിയിക്കുന്നു' എന്നുമായിരുന്നു ഹൂഡയുടെ വാക്കുകള്‍. 'മികച്ച ഐപിഎല്‍ സീസണ്‍ കഴിഞ്ഞാണ് വരുന്നത്. ആ പ്രകടനം തുടരുകയായിരുന്നു ലക്ഷ്യം. ആക്രമിച്ച് കളിക്കാന്‍ ഇഷ്ടപ്പെടുന്നു. ബാറ്റിംഗ് സ്ഥാനക്കയറ്റം കിട്ടിയതിനാല്‍ ഏറെസമയം ക്രീസില്‍ ലഭിക്കുന്നതായും' ഹൂഡ കൂട്ടിച്ചേര്‍ത്തു.