
മുംബൈ: ഇംഗ്ലണ്ടിനെതിരെ ശേഷിക്കുന്ന ഏക ടെസ്റ്റിനും അയര്‍ലന്‍ഡിനെതിരെ രണ്ട് ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ ഒരുമിച്ചാണ് പ്രഖ്യാപിച്ചത്. അയര്‍ലന്‍ഡിലേക്കുള്ള ടീം പ്രഖാപിച്ചപ്പോള്‍ രാഹുല്‍ ത്രിപാഠി (Rahul Tripathi) പുതുമുഖ താരമായി ടീമിലെത്തി. മലയാളി താരം സഞ്ജു സാംസണിനും (Sanju Samson) അവസരം നല്‍കിയിരുന്നു. സൂര്യകുമാര്‍ യാദവ് തിരിച്ചെത്തുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ച ടീമില്‍ നിന്ന് റിഷഭ് പന്ത് (Rishabh Pant), ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിക്കുകയും ചെയ്തു. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്.
അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയപ്പോള്‍ ആശങ്കയേറെയുണ്ടായിരുന്നു. രണ്ട് മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യ അവിടെ കളിക്കുക. സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിക്കുമോ എന്നായിരുന്നു എല്ലാവരും ചോദിച്ച ചോദ്യം. റിതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ദിനേശ് കാര്‍ത്തിക്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് സ്ഥാനം ഉറപ്പായിരിക്കെ സഞ്ജുവിനെ എവിടെ കളിപ്പിക്കുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
എന്നാല്‍, ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പുതിയ വാര്‍ത്തകള്‍. അയര്‍ലന്‍ഡ് പര്യടനത്തിന് പ്രഖ്യാഖിച്ച ടീമിനെ ഇംഗ്ലണ്ട് പര്യടനത്തിലും നിലനിര്‍ത്തുമെന്നാണ് അറിയുന്നത്. അയര്‍ലന്‍ഡിനെതിരെ അവസരം കിട്ടിയില്ലെങ്കില്‍ പോലും താരത്തിന് ഇംഗ്ലണ്ടിനെതിരെ കളിക്കാനുള്ള അവസരമുണ്ടാവും. ഇംഗ്ലണ്ടിനെതിരെ മൂന്ന് വീതം ടി20- ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഈ മാസം 26,28 തീയതികളിലാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യ ടി20 പരന്പര കളിക്കുന്നത്.
ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര ജൂലൈ 7നാണ് തുടങ്ങേണ്ടത്. ജൂലൈ ഒന്ന് മുതല്‍ 5 വരെയാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം. ടെസ്റ്റ് കഴിഞ്ഞ ഉടന്‍ ഒരു ദിവസത്തെ ഇടവേളയില്‍ അതേ ടീമിനെ ടി20 പരമ്പരയ്ക്ക് അയക്കാന്‍ സാധ്യതയില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അയര്‍ലന്‍ഡില്‍ കളിക്കുന്ന ടീമിനൊപ്പം സീനിയര്‍ താരങ്ങളേയും ഉള്‍പ്പെടുത്തും. ടീമിനെ ബിസിസിഐ ഉടന്‍ പ്രഖ്യാപിക്കും.
അയര്‍ലന്‍ഡിലേക്കുള്ള ഇന്ത്യന്‍ ടീം: ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്കവാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ആര്‍ ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.
സഞ്ജുവിന് ഗവാസ്‌കറുടെ ഉപദേശം
ഇതിനിടെ, സഞ്ജുവിന് ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍. സഞ്ജുവിന്റെ ഷോട്ട് സെലക്ഷനെ കുറിച്ചാണ് ഗവാസ്‌കര്‍ സംസാരിക്കുന്നത്. ഇക്കാര്യം ശ്രദ്ധിക്കണമെന്ന ഉപദേശവും അദ്ദേഹം നല്‍കുന്നുണ്ട്. ''സഞ്ജു ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കാന്‍ ശ്രമിക്കുന്നതാണ് കനത്ത തിരിച്ചടിയാവുന്നത്. മോശം പന്തുകള്‍ വരും, ആ അവസരത്തിന് കാത്തുനില്‍ക്കാന്‍ സഞ്ജു തയ്യാറാവണം. ഷോട്ട് സെലക്ഷനാണ് സഞ്ജുവിന്റെ പ്രധാന പോരായ്മ. ഷോട്ട് സെലക്ഷന്‍ മെച്ചപ്പെടുത്തിയാല്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യാനാകും. അങ്ങനെയെങ്കില്‍ ടീമിലെ സ്ഥാനം ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല.'' ഗവാസ്‌കര്‍ പറഞ്ഞു.