
മുംബൈ: ഐപിഎല്‍ 2024 സീസണ്‍ ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷന്‍റെ കൗണ്‍ഡൗണ്‍ ആകുമെന്ന് നേരത്തെ ഉറപ്പായിരുന്നു. എല്ലാ ഫ്രാഞ്ചൈസികളും കുറഞ്ഞത് അഞ്ച് വീതം മത്സരങ്ങള്‍ കളിച്ചപ്പോള്‍ കണക്കുകള്‍ പരിഗണിച്ചാല്‍ സഞ്ജു സാംസണ്‍ ഉറപ്പായും ലോകകപ്പ് കളിക്കേണ്ടതുണ്ട്.
ഐപിഎല്‍ 2024 സീസണിന് മുമ്പേ ട്വന്‍റി 20 ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിച്ചിരുന്നു എന്ന് കരുതിയ പല താരങ്ങളും മോശം പ്രകടനമാണ് ലീഗില്‍ കാഴ്‌ചവെക്കുന്നത്. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍, ഫിനിഷര്‍ റിങ്കു സിംഗ്, ബാറ്റര്‍ സൂര്യകുമാര്‍ യാദവ്, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, പേസര്‍ മുഹമ്മദ് സിറാജ് എന്നിവരാരും ഇതുവരെ പൂര്‍ണ മികവിലേക്ക് ഉയര്‍ന്നിട്ടില്ല. ട്വന്‍റി 20യിലെ ഏറ്റവും മികച്ച ബാറ്ററായ സൂര്യക്ക് മൂന്ന് കളിയില്‍ 52 റണ്‍സ് മാത്രമേയുള്ളൂ. പാണ്ഡ്യ ആറ് കളികളില്‍ 131 റണ്‍സും മൂന്ന് വിക്കറ്റ് മാത്രവുമായും നില്‍ക്കുന്നു. ഫിനിഷിംഗ് മറന്ന റിങ്കു സിംഗിന് ഇതുവരെ നേടാനായത് അഞ്ച് മത്സരങ്ങളില്‍ 63 റണ്‍സും. ആറ് കളിയില്‍ നാല് വിക്കറ്റിലൊതുങ്ങിയ മുഹമ്മദ് സിറാജ് പ്ലേയിംഗ് ഇലവനില്‍ നിന്നും പുറത്തായി.
ഐപിഎല്‍ 2024 സീസണില്‍ 30 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം പരിശോധിച്ചാല്‍ ആരൊക്കെയാണ് ട്വന്‍റി 20 ലോകകപ്പ് ടീമില്‍ ഉറപ്പായും എത്തേണ്ട ബാറ്റര്‍മാര്‍ എന്ന് നോക്കാം. ടോപ് ഓര്‍ഡറില്‍ രോഹിത് ശര്‍മ്മ (261 റണ്‍സ്), വിരാട് കോലി (361 റണ്‍സ്), അഭിഷേക് ശര്‍മ്മ (211 റണ്‍സ്), സഞ്ജു സാംസണ്‍ (264 റണ്‍സ്) എന്നിവരാണ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. ഒരു സെഞ്ചുറിയും രണ്ട് ഫിഫ്റ്റികളുമായി കോലിക്കാണ് നിലവില്‍ ഓറഞ്ച് ക്യാപ്. കോലി 147 ഉം, രോഹിത് 167.30 ഉം, അഭിഷേക് 197.17 ഉം, സഞ്ജു സാംസണ്‍ 155.29 ഉം പ്രഹരശേഷിയിലാണ് ഇതുവരെ ബാറ്റ് വീശിയത്. തകര്‍ത്തടിക്കുന്ന തുടക്കമാണ് അഭിഷേകിനെ വ്യത്യസ്തനാക്കുന്നത്. വിക്കറ്റിന് മുന്നില്‍ മാത്രമല്ല, പിന്നില്‍ തകര്‍പ്പന്‍ ക്യാച്ചുകളും സ്റ്റംപിംഗുകളുമായി സഞ്ജു മികവ് കാട്ടുന്നു.
റിയാന്‍ പരാഗ് (284 റണ്‍സ്), ശിവം ദുബെ (242 റണ്‍സ്), ദിനേശ് കാര്‍ത്തിക് (226 റണ്‍സ്) എന്നിവരാണ് മധ്യനിരയില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ബാറ്റര്‍മാര്‍. ഇവരില്‍ ഡികെ ലോകകപ്പില്‍ കളിക്കുമോ എന്ന് വ്യക്തമല്ല. ഡികെയുടെ അവസാന ഐപിഎല്‍ സീസണ്‍ ആണിത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!