Asianet News MalayalamAsianet News Malayalam

പാണ്ഡ്യ ടി20 ലോകകപ്പ് കളിക്കില്ല? കര്‍ശന നി​ബന്ധന വച്ച് ടീം ഇന്ത്യ; പാലിച്ചില്ലേല്‍ നറുക്ക് മറ്റൊരാള്‍ക്ക്

ഐപിഎല്ലില്‍ സ്ഥിരമായി പന്തെറിഞ്ഞാല്‍ മാത്രം ഹാര്‍ദിക് പാണ്ഡ്യയെ ലോകകപ്പ് ടീമിലെടുത്താല്‍ മതി എന്ന് ധാരണ

Hardik Pandya T20 World Cup 2024 spot hangs on his bowling in IPL 2024
Author
First Published Apr 16, 2024, 12:06 PM IST

മുംബൈ: വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും വേദിയാവുന്ന ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം സ്‌ക്വാഡില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഇടം തുലാസില്‍. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ പാണ്ഡ്യയുടെ ലോകകപ്പ് സെലക്ഷന്‍ ഐപിഎല്ലില്‍ തുടര്‍ന്നുള്ള മത്സരങ്ങളിലെ ബൗളിംഗ് പ്രകടനത്തെ ആശ്രയിച്ചിരിക്കും എന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്‍ 2024 സീസണില്‍ ഇതുവരെ ബൗളിംഗില്‍ തിളങ്ങാന്‍ ഹാര്‍ദിക് പാണ്ഡ്യക്കായിട്ടില്ല. 

ലോകകപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഇന്ത്യന്‍ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും പ്രധാന കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും കഴിഞ്ഞ ആഴ്‌ച മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഐപിഎല്ലില്‍ സ്ഥിരമായി പന്തെറിഞ്ഞാല്‍ മാത്രം ഹാര്‍ദിക് പാണ്ഡ്യയെ ലോകകപ്പ് ടീമിലെടുത്താല്‍ മതി എന്നാണ് മൂവരും ധാരണയിലെത്തിയിരിക്കുന്നത്. ഐപിഎല്‍ 2024 സീസണില്‍ മുംബൈ ഇന്ത്യന്‍സ് ഇറങ്ങിയ ആറില്‍ നാല് മത്സരങ്ങളില്‍ മാത്രമേ പാണ്ഡ്യ പന്തെറിഞ്ഞുള്ളൂ. ആദ്യ രണ്ട് കളികളില്‍ ഗുജറാത്ത് ടൈറ്റന്‍സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും എതിരെ മുംബൈ ഇന്ത്യന്‍സിന്‍റെ ബൗളിംഗ് ഓപ്പണ്‍ ചെയ്തത് പാണ്ഡ്യയായിരുന്നു. ഈ മത്സരങ്ങളില്‍ മൂന്നും നാലും ഓവറുകള്‍ വീതം എറിഞ്ഞു. എന്നാല്‍ പിന്നീടുള്ള രണ്ട് കളികളില്‍ പന്തെറിയാന്‍ തയ്യാറായില്ല. ഇതിന് ശേഷം ആര്‍സിബിക്കെതിരെ ഒന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മൂന്നും ഓവറുകളാണ് ബൗളിംഗിലേക്കുള്ള മടങ്ങിവരവില്‍ എറിഞ്ഞത്. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മുംബൈയുടെ കഴിഞ്ഞ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് നേടിയെങ്കിലും മൂന്ന് ഓവറില്‍ 43 റണ്‍സ് വഴങ്ങി. തന്‍റെ അവസാന ഓവറില്‍ സിഎസ്‌കെ ഫിനിഷര്‍ എം എസ് ധോണിക്കെതിരെ ഹാട്രിക് സിക്‌സുകള്‍ വിട്ടുകൊടുത്തത് പാണ്ഡ്യക്ക് നാണക്കേടായി. ഈ ഡെത്ത് ഓവറില്‍ മാത്രം 26 റണ്‍സാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങള്‍ പാണ്ഡ്യക്കെതിരെ അടിച്ചുകൂട്ടിയത്. സിഎസ്‌കെയ്‌ക്കെതിരെ ബാറ്റിംഗിലാവട്ടെ ആറ് പന്തില്‍ 2 റണ്‍സേ നേടിയുള്ളൂ. ഇതോടെ ഹാര്‍ദിക് പാണ്ഡ്യ ടി20 ലോകകപ്പ് കളിക്കുന്ന കാര്യം അവതാളത്തിലായിരിക്കുകയാണ്. 

Read more: ഇന്ന് സെഞ്ചുറി അടിച്ചാല്‍ സഞ്ജു സാംസണ് കാര്യമുണ്ട്; ഇന്നലെ കുതിച്ചത് ഹെഡും ഡികെയും ക്ലാസനും

ഐപിഎല്‍ 2024ല്‍ ആറ് കളികളില്‍ 131 റണ്‍സും മൂന്ന് വിക്കറ്റും മാത്രമേ ഹാര്‍ദിക് പാണ്ഡ്യക്കുള്ളൂ. 12.00 ഇക്കോണിയിലാണ് താരം പന്തെറിയുന്നത് എന്നതാണ് സെലക്ടര്‍മാര്‍ക്ക് വലിയ ആശങ്ക സമ്മാനിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സന്തുലിതാവസ്ഥ നിലനിര്‍ത്തിയിരുന്ന പേസ് ഓള്‍റൗണ്ടറായ പാണ്ഡ്യ നാല് ഓവര്‍ ക്വാട്ട എറിയാത്തത് ഇതിനകം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചുകഴിഞ്ഞു. ഹാര്‍ദിക് പാണ്ഡ്യ ഇപ്പോഴും പരിക്കിന്‍റെ പിടിയിലാണോ എന്ന സംശയം പല മുന്‍ താരങ്ങള്‍ക്കുമുണ്ട്. രണ്ട് മത്സരങ്ങളില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്‌തിട്ടും ന്യൂബോളില്‍ പാണ്ഡ്യക്ക് സ്വിങ്ങോ ഇംപാക്ടോ സൃഷ്‌ടിക്കാന്‍ കഴിഞ്ഞില്ല. പതിവ് ശൈലിയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ബൗണ്‍സറുകളും കട്ടറുകളും ഈ സീസണില്‍ വിലപ്പോവുന്നില്ല എന്നത് വസ്‌തുതയാണ്. 

പവര്‍പ്ലേയിലും ഡെത്ത് ഓവറിനും പുറമെ മധ്യ ഓവറുകളിലും ഹാര്‍ദിക് പാണ്ഡ്യയെ അടിച്ച് പായിക്കുകയാണ് ബാറ്റര്‍മാര്‍. ഐപിഎല്‍ 2024ല്‍ പവര്‍പ്ലേയിലെ നാലോവറില്‍ 11 ഇക്കോണമിയില്‍ 44 റണ്‍സും ആറ് മധ്യ ഓവറുകളില്‍ 10.33 ഇക്കോണമിയില്‍ 62 റണ്‍സും ഒരു ഡെത്ത് ഓവറില്‍ 26 ഇക്കോണമിയില്‍ 26 റണ്‍സും പാണ്ഡ്യ വിട്ടുകൊടുത്തു. ബൗളിംഗിന്‍റെ ഈ മൂന്ന് ഘട്ടങ്ങളിലും ഓരോ വിക്കറ്റ് വീതമേ താരത്തിന് വീഴ്ത്താനായുള്ളൂ. ശിവം ദുബെയാണ് സ്ക്വാഡിലെത്താനുള്ള പോരാട്ടത്തില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് വെല്ലുവിളിയുയര്‍ത്തുന്ന താരം. 

Read more: '100 മീറ്റർ' റേസിൽ ക്ലാസനെ പൊട്ടിച്ചു; ഈ ഐപിഎല്ലിലെ ഏറ്റവും വലിയ സിക്‌സുമായി ദിനേശ് കാര്‍ത്തിക്, 108 മീറ്റര്‍!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios