
ജൊഹന്നസ്ബർഗ്: ട്വന്‍റി 20 പരമ്പര 1-1 സമനിലയോടെ അവസാനിച്ചു, ഇനി ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയുടെ ആവേശമാണ്. മൂന്ന് ഏകദിനങ്ങളാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുക. ജൊഹന്നസ്ബർഗ് വേദിയാവുന്ന ആദ്യ ഏകദിനത്തില്‍ തന്നെ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വാന്‍ഡറേർസ് ഏകദിനത്തിനുള്ള ഇന്ത്യന്‍ സാധ്യതാ ഇലവന്‍ നോക്കാം.
ഡിസംബർ 17-ാം തിയതിയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ആദ്യ ഏകദിനത്തില്‍ മുഖാമുഖം വരുന്നത്. ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ടി20 പരമ്പരയിലില്ലാതിരുന്ന മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ്‍ ആദ്യ ഏകദിനത്തില്‍ റുതുരാജ് ഗെയ്‌ക്‌വാദിനൊപ്പം ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ സാധ്യതയുണ്ട്. സഞ്ജു തന്നെയായിരിക്കും വിക്കറ്റ് കീപ്പർ. രോഹിത് ശർമ്മയും ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളും ഇഷാന്‍ കിഷനും സ്ക്വാഡില്ലാത്തതാണ് സഞ്ജുവിന് ഓപ്പണറുടെ റോളിലേക്ക് വഴിയൊരുക്കുക. സായ് സുദർശനാണ് ഓപ്പണറുടെ റോളിലേക്ക് പരിഗണിക്കപ്പെടേണ്ട മറ്റൊരു ബാറ്റർ.
മൂന്നാം നമ്പറില്‍ തിലക് വർമ്മയും നാലാമനായി ശ്രേയസ് അയ്യരും വരാനാണ് സാധ്യത. ടീം ഇന്ത്യ ഏകദിനത്തില്‍ നാലാം നമ്പറില്‍ സ്ഥിരതാരമായി കാണുന്നയാളാണ് ശ്രേയസ്. അഞ്ചാമനായി ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ആറാമനായി റിങ്കു സിംഗും വരുന്നതോടെ സ്പെഷ്യലിസ്റ്റ് ബാറ്റർമാർ അവസാനിക്കും. ടി20യില്‍ വെടിക്കെട്ട് ഫിനിഷർ എന്ന് പേരെടുത്ത റിങ്കു സിംഗ് ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം കുറിക്കാനായാണ് കാത്തിരിക്കുന്നത്.
അക്സർ പട്ടേലായിരിക്കും ടീമിലെ ഓൾറൗണ്ടർ സ്ഥാനത്തേക്ക് വരാന്‍ സാധ്യത. വാഷിംഗ്ടണ്‍ സുന്ദറിനേക്കാള്‍ മുന്‍ഗണന പരിചയസമ്പത്ത് വച്ച് അക്സറിന് കിട്ടിയേക്കും. പേസർമാരായി ദീപക് ചാഹർ, ആവേഷ് ഖാന്‍ എന്നിവരിലൊരാളും അർഷ്ദീപ് സിംഗും മുകേഷ് കുമാറും ഇലവനില്‍ ഇടംപിടിക്കും എന്ന് കരുതാം. ഫോമിലുള്ള കുല്‍ദീപ് യാദവ് സ്പിന്നറായും കളിക്കും. മൂന്നാം ടി20യില്‍ കുല്‍ദീപ് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. കുല്‍ദീപ് ഇലവനിലെത്തുന്നതോടെ മടങ്ങിവരവിനായി യുസ്‍വേന്ദ്ര ചഹല്‍ കാത്തിരിക്കേണ്ടിവരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!