
മുംബൈ: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി സഞ്ജു സാംസണ്‍ ഇന്ന് ഗ്രൗണ്ടിലിറങ്ങും. ആദ്യ മത്സരത്തില്‍ ത്രിപുരയെ തകര്‍ത്ത കേരളത്തിന്‍റെ രണ്ടാം മത്സരത്തിലെ എതിരാളികള്‍ കര്‍ണാടകയാണ്. ആദ്യ മത്സരത്തില്‍ സഞ്ജു കളിച്ചിരുന്നില്ല. കര്‍ണാടകയാകട്ടെ ആദ്യ മത്സരത്തില്‍ ജാർഖണ്ഡ് ഉയര്‍ത്തിയ 412 റണ്‍സിന്‍റെ വിജയലക്ഷ്യം അനായാസം പിന്തുടര്‍ന്ന് ജയിച്ചാണ് രണ്ടാം മത്സരത്തില്‍ കേരളത്തിനെതിരെ ഇറങ്ങുന്നത്. കര്‍ണാടകക്കെതികെ സഞ്ജു ഓപ്പണറാവുമോ മധ്യനിരയിലിറങ്ങുമോ എന്നാണ് ആകാംക്ഷ. ടി20 ലോകകപ്പ് ടീമില്‍ ഓപ്പണറായ സഞ്ജു ഏകദിന ടീമിലും ഓപ്പണറായി ഇറങ്ങി വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുന്നത് കാണാനാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.
സൂപ്പര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ന് രണ്ടാമങ്കത്തിന് ഇറങ്ങുന്നുണ്ട്. രോഹിത് മുംബൈക്കായും കോലി ഡല്‍ഹിക്കായുമാണ് ഇറങ്ങുന്നത്. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ ഉത്തരാഖണ്ഡാണ് മുംബൈയുടെ എതിരാളികൾ. ആദ്യ മത്സരത്തില്‍ സിക്കിമിനെതിരെ രോഹിത് സെഞ്ചുറി നേടിയിരുന്നു. 94 പന്തില്‍ 155 റണ്‍സാണ് രോഹിത് സിക്കിമിനെതിരെ അടിച്ചെടുത്തത്.
മറ്റൊരു മത്സരത്തില്‍ ഡല്‍ഹിക്ക് കരുത്തരായ ഗുജറാത്താണ് ഇന്ന് എതിരാളികള്‍. ആദ്യ മത്സരത്തില്‍ വിരാട് കോലിയുടെ സെഞ്ചുറി കരുത്തില്‍ ആന്ധ്രക്കെതിരെ ഡല്‍ഹി അനായാസ ജയം നേടിയിരുന്നു. 101 പന്തില്‍ 131 റണ്‍സെടുത്താണ് കോലി ടീമിന്‍റെ ചേസ് മാസ്റ്റർ. ഗുജറാത്തും ആദ്യ മത്സരത്തില്‍ സര്‍വീസസിനെതിരെ എട്ട് വിക്കറ്റിന്‍റെ അനായാസ ജയം സ്വന്തമാക്കിയിരുന്നു.
ആദ്യ മത്സരത്തില്‍ ബിഹാറിനായി വെടിക്കെട്ട് സെഞ്ചുറി നേടിയ വൈഭവ് സൂര്യവന്‍ഷിയും ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. പ്ലേറ്റ് ലീഗ് മത്സരത്തില്‍ മണിപ്പൂരാണ് ബിഹാറിന്‍റെ എതിരാളികള്‍. ആദ്യമത്സരത്തില്‍ വൈഭവ് 84 പന്തില്‍ 190 റണ്‍സടിച്ച് റെക്കോര്‍ഡിട്ടിരുന്നു. ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ ജാര്‍ഖണ്ഡ് നായകന്‍ ഇഷാന്‍ കിഷനും ഇന്ന് ശ്രദ്ധാകേന്ദ്രമാണ്. രാജസ്ഥാനാണ് രണ്ടാം മത്സരത്തില്‍ ജാര്‍ഖണ്ഡിന്‍റെ എതിരാളികള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!