മിന്നുന്ന പ്രകടനം തുടര്‍ന്ന് സഞ്ജു, വീണ്ടും മത്സരത്തിലെ താരം; കെസിഎല്‍ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു

Published : Aug 28, 2025, 09:40 PM IST
Sanju Samson

Synopsis

കേരള ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ മിന്നുന്ന പ്രകടനം കാഴ്ചവച്ച സഞ്ജു സാംസണ്‍ വീണ്ടും പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടി. 

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ വീണ്ടും പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ സഞ്ജു സാംസണ്‍. ട്രിവാന്‍ഡ്രം റോയല്‍സിനെതിരായ മത്സരത്തില്‍ 37 പന്തില്‍ 62 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു സഞ്ജു. അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു, ഒരറ്റത്ത് വിക്കറ്റ് വീണുകൊണ്ടിരിക്കുമ്പോഴും 15-ാം ഓവര്‍ വരെ പിടിച്ചുനിന്നു. ഓപ്പണിംഗ് വിക്കറ്റില്‍ വിനൂപ് മനോഹരനൊപ്പം 68 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ബ്ലൂ ടൈഗേഴ്‌സിന് മികച്ച തുടക്കം നല്‍കി.

തുടര്‍ന്ന് നാലാം വിക്കറ്റില്‍ നിഖിലിനൊപ്പം 48 റണ്‍സിന്റേയും കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നു. പതിനഞ്ചാം ഓവറില്‍ അഭിജിത് പ്രവീണിന് വിക്കറ്റ് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. റണ്‍ നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ സഞ്ജീവ് സതീഷന് ക്യാച്ച് നല്‍കുകയായിരുന്നു സഞ്ജു. പിന്നീട് ഫീല്‍ഡിംഗിനെത്തിയപ്പോള്‍ ഒരു ക്യാച്ചും സഞ്ജു സ്വന്തമാക്കിയിരുന്നു. ആദ്യ കെസിഎല്‍ കളിക്കുന്ന സഞ്ജു രണ്ടാം തവണയാണ് പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടുന്നത്. കൊല്ലം, സെയ്‌ലേഴ്‌സിനെതിരായ മത്സരത്തിലും സഞ്ജുവിനായിരുന്നു പുരസ്‌കാരം. അന്ന് സെഞ്ചുറി നേടിയിരുന്നു സഞ്ജു.

നിലവില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുണ്ട് ഇന്ത്യന്‍ ടി20 വിക്കറ്റ് കീപ്പര്‍ കൂടിയായ സഞ്ജു. അഞ്ച് മത്സരങ്ങളില്‍ നേടിയത് 285 റണ്‍സ്. ആദ്യ മത്സരത്തില്‍ റോയല്‍സിനെതിരെ സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. ആലപ്പി റിപ്പിള്‍സിനെതിരെ രണ്ടാം മത്സരത്തില്‍ 22 പന്തില്‍ 12 റണ്‍സുമായി പുറത്തായി. പിന്നീട് കൊല്ലം സെയ്‌ലേഴ്‌സിനെതിരെ ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു 51 പന്തില്‍ 121 റണ്‍സാണ് അടിച്ചെടുത്തത്. കഴിഞ്ഞ ദിവസം തൃശൂര്‍ ടൈറ്റന്‍സിനെതിരെ 46 പന്തില്‍ 89 റണ്‍സും സഞ്ജു നേടി. ഇന്ന് 62 റണ്‍സും. ഒരു സെഞ്ചുറി രണ്ട് അര്‍ധ സെഞ്ചുറിയുമാണ് സഞ്ജുവിന്റെ അക്കൗണ്ടില്‍. എന്തായാലും ഈ മിന്നുന്ന പ്രകടനം ഏഷ്യാ കപ്പിനൊരുങ്ങുന്ന താരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്.

മത്സരത്തില്‍ ഒമ്പത് റണ്‍സ് ജയമാണ് ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്. രണ്ട് പരാജയങ്ങള്‍ക്ക് ശേഷമാണ് ബ്ലൂ ടൈഗേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയത്. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബ്ലൂ ടൈഗേഴ്‌സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടുന്നത്. സഞ്ജുവിന് പുറമെ നിഖിലിന്റെ (35 പന്തില്‍ 45) ഇന്നിംഗ്‌സും ടീമിന് കരുത്തായി. മറുപടി ബാറ്റിംഗില്‍ റോയല്‍സിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുക്കാനാണ് സാധിച്ചത്. സഞ്ജീവ് സതീഷന്‍ (46 പന്തില്‍ 70), അബ്ദുള്‍ ബാസിത് (27 പന്തില്‍ 41) എന്നിവര്‍ മാത്രമാണ് റോയല്‍സിന് നിരയില്‍ തിളങ്ങിയത്. കൃഷ്ണ പ്രസാദ് (29 പന്തില്‍ 36) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും