'സഞ്ജുവിന് മികച്ച റെക്കോർഡുണ്ട്, പക്ഷേ...'; 2027ലെ ഏകദിന ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പർമാരെ പ്രവചിച്ച് ഇർഫാൻ പത്താൻ

Published : Jun 05, 2026, 05:22 PM ISTUpdated : Jun 05, 2026, 05:25 PM IST
Sanju Samson

Synopsis

സ്റ്റാർ സ്‌പോർട്സിന്‍റെ 'ഫോളോ ദി ബ്ലൂസ്' എന്ന പരിപാടിയിൽ സംസാരിക്കവെയാണ് ഇർഫാൻ പത്താൻ ലോകകപ്പ് സാധ്യതകളെക്കുറിച്ച് മനസ്സ് തുറന്നത്.

മുംബൈ: 2027ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്‍റെ വിക്കറ്റ് കീപ്പർ ബാറ്ററാവാനുള്ള മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണേക്കാൾ മുൻതൂക്കം ലഭിക്കുക കെ.എൽ രാഹുലിനും ഇഷാൻ കിഷനുമായിരിക്കുമെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. സഞ്ജുവിന്‍റെ ഏകദിന റെക്കോർഡുകൾ മികച്ചതാണെങ്കിലും ടീം മാനേജ്‌മെന്‍റിന്‍റെ ആദ്യ ചോയ്‌സുകൾ രാഹുലും കിഷനുമായിരിക്കുമെന്നാണ് പത്താന്‍റെ വിലയിരുത്തൽ. വരാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ രാഹുലിനെയും ഇഷാൻ കിഷനെയുമാണ് വിക്കറ്റ് കീപ്പർമാരായി ബിസിസിഐ ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്റ്റാർ സ്‌പോർട്സിന്‍റെ 'ഫോളോ ദി ബ്ലൂസ്' എന്ന പരിപാടിയിൽ സംസാരിക്കവെയാണ് ഇർഫാൻ പത്താൻ ലോകകപ്പ് സാധ്യതകളെക്കുറിച്ച് മനസ്സ് തുറന്നത്. മിഡിൽ ഓർഡറിൽ കളിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ കെ.എൽ രാഹുൽ തന്നെയായിരിക്കും ലോകകപ്പിലെ ഒന്നാം നമ്പർ ചോയ്‌സ്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ കെൽപ്പുള്ള വെർസറ്റൈൽ പ്ലെയറാണ് അദ്ദേഹം. ടോപ് ഓർഡറിൽ കളിക്കാനും ഷോർട്ട് ബോളുകളെ സ്ക്വയർ ദി വിക്കറ്റിലൂടെ മികച്ച രീതിയിൽ നേരിടാനും സാധിക്കുന്ന ഒരു ഇടംകയ്യൻ ബാറ്ററെ ആവശ്യമുള്ളതിനാലാണ് ഇഷാൻ കിഷനെ ടീമിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അതുകൊണ്ട് ഇവർ രണ്ടുപേർക്കുമായിരിക്കും ഏറ്റവും കൂടുതൽ മുൻഗണനയെന്നും പത്താൻ പറഞ്ഞു.

അതേസമയം, മികച്ച റെക്കോർഡുകളുള്ള സഞ്ജു സാംസണെ പൂർണ്ണമായി തള്ളിക്കളയാൻ കഴിയില്ലെന്നും മൂന്നാമതൊരു ഓപ്ഷനായി മലയാളി താരത്തെ സജീവമായി പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി മറ്റാർക്കെങ്കിലും അവസരം നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് സഞ്ജു സാംസണായിരിക്കണം. അവസരങ്ങൾ ലഭിച്ചപ്പോഴൊക്കെ മികച്ച പ്രകടനമാണ് സഞ്ജു ഏകദിനത്തിൽ പുറത്തെടുത്തിട്ടുള്ളത്. അദ്ദേഹത്തിന്‍റെ ഏകദിന റെക്കോർഡ് മികച്ചതാണ്. ഇപ്പോൾ വളരെ പക്വതയോടെ ബാറ്റ് ചെയ്യാനും സമ്മർദ്ദഘട്ടങ്ങളെ അതിജീവിച്ച് നീണ്ട ഇന്നിംഗ്സുകൾ കളിക്കാനും സഞ്ജുവിന് സാധിക്കുന്നുണ്ട്. ഏകദിനത്തിൽ 14 ഇന്നിംഗ്സുകളിൽ നിന്ന് 56.67 ശരാശരിയിൽ 510 റൺസ് സഞ്ജു അടിച്ചുകൂട്ടിയിട്ടുണ്ടെങ്കിലും 2023 ഡിസംബറിന് ശേഷം ഇന്ത്യക്കായി ഏകദിന ഫോർമാറ്റിൽ കളിക്കാൻ അവസരം ലഭിച്ചിട്ടില്ല. നിലവിൽ റിഷഭ് പന്ത് വൈറ്റ് ബോള്‍ ടീമിലെത്താനുള്ള മത്സരത്തില്‍ ഏറെ പിന്നിലാണെങ്കിലും ഇഷാൻ കിഷന്‍റെ ഗംഭീര തിരിച്ചുവരവ് മാതൃകയാക്കി പന്തിനും ടീമിലേക്ക് മടങ്ങിവരാൻ സാധിക്കുമെന്ന് പത്താൻ പ്രത്യാശ പ്രകടിപ്പിച്ചു.

2027 ലോകകപ്പിലെ ഓൾറൗണ്ടർമാരെക്കുറിച്ചുള്ള ചർച്ചയിൽ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ഒന്നാം നമ്പർ ഓൾറൗണ്ടറെന്ന് പത്താൻ വ്യക്തമാക്കി. എന്നാൽ ഹാർദിക്കിന്‍റെ പരിക്ക് പലപ്പോഴും വില്ലനാകാറുള്ളതിനാൽ കൃത്യമായ ബാക്കപ്പ് ടീമിന് ആവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ദക്ഷിണാഫ്രിക്കയിലാണ് അടുത്ത ലോകകപ്പ് നടക്കുന്നത് എന്നതിനാൽ സ്പിൻ ഓൾറൗണ്ടർമാരേക്കാൾ പേസ് ഓൾറൗണ്ടർമാരെയാണ് ഇന്ത്യക്ക് ആവശ്യം. ഹാർദിക്കിന്ഡറെ ഏറ്റവും മികച്ച ബാക്കപ്പായി യുവതാരം നിതീഷ് കുമാർ റെഡ്ഡിയെയാണ് ഇർഫാൻ പത്താൻ നിർദ്ദേശിക്കുന്നത്.

എനിക്ക് നിതീഷ് കുമാർ റെഡ്ഡിയെ ടീമിൽ കാണാനാണ് താൽപര്യം. അവൻ തന്‍റെ ബൗളിംഗ് വേഗത വർദ്ധിപ്പിച്ചിട്ടുണ്ട്, ബാറ്റിംഗിലും വലിയ പുരോഗതിയുണ്ടായി. ഓസ്‌ട്രേലിയയിൽ പോയി ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റിൽ സെഞ്ച്വറി നേടാൻ അവന് സാധിച്ചു. ബൗൺസ് പിച്ചുകളെ നേരിടാനുള്ള മികച്ച സാങ്കേതിക തികവ് അവനുണ്ടെന്നാണ് ഇത് കാണിക്കുന്നത്. അതുകൊണ്ട് ഹാർദിക് കഴിഞ്ഞാൽ നിതീഷിന് പരമാവധി അവസരങ്ങൾ നൽകണം. ശിവം ദുബെയും പരിഗണനയിലുണ്ടെങ്കിലും മുംബൈ താരത്തെക്കൊണ്ട് ഇന്ത്യ അധികം ബൗളിംഗ് ചെയ്യിക്കുന്നില്ലെന്നത് പോരായ്മയായി പത്താൻ ചൂണ്ടിക്കാട്ടി. രാമകൃഷ്ണ ഘോഷ്, സൂര്യൻഷ് ഷെഡ്‌ഗെ എന്നിവരും മികച്ച ഓപ്ഷനുകളാണെങ്കിലും ഐപിഎൽ 2026-ൽ തങ്ങളുടെ ഓൾറൗണ്ട് മികവ് തെളിയിക്കാൻ ഇവർക്ക് വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ലെന്നും പത്താൻ വിലയിരുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സൂര്യകുമാറിന് പകരക്കാരനാവേണ്ടത് ശ്രേയസോ ഇഷാന്‍ കിഷനോ അല്ല', സര്‍പ്രൈസ് പേര് നിര്‍ദേശിച്ച് സഞ്ജയ് മഞ്ജരേക്കർ
'ഇനിയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കാം'; ആത്മവിശ്വാസം പ്രകടിപ്പിച്ച് ഗൗതം ഗംഭീര്‍