ബംഗ്ലാദേശിനെതിരെ ഊഴം കാത്ത് സഞ്ജു സാംസണ്‍; മുന്നില്‍ വെല്ലുവിളികള്‍

By Web TeamFirst Published Oct 17, 2019, 10:04 AM IST
Highlights

ബംഗ്ലാദേശിനെതിരായ ട്വന്‍റി 20 പരമ്പരയിൽ മലയാളി താരത്തെ പരിഗണിച്ചേക്കും. എന്നാല്‍ ഋഷഭ് പന്തിന്‍റെയും ഇഷാന്‍ കിഷന്‍റെയും വെല്ലുവിളി മറികടക്കാന്‍ കൂടുതൽ മികച്ച ഇന്നിംഗ്സുകള്‍ സഞ്ജുവിന് ആവശ്യമാണ്

തിരുവനന്തപുരം: വിജയ് ഹസാരേ ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടത്തിൽ വീണത് കേരളത്തിന് തിരിച്ചടിയാണ്. രഞ്ജി ട്രോഫിയിൽ മികവുകാട്ടുമ്പോഴും പരിമിത ഓവര്‍ ക്രിക്കറ്റില്‍ സ്ഥിരത പുലര്‍ത്താത്ത പതിവിന് ഇക്കുറിയും മാറ്റമുണ്ടായില്ല. വിഷ്‌ണു വിനോദിന്‍റെയും സഞ്ജു സാംസണിന്‍റെയും മികവാണ് ആശ്വാസമായത്. 

ജയത്തിനുള്ള അവസരങ്ങള്‍ നഷ്ടമാക്കിയ കേരളം എലൈറ്റ് ഗ്രൂപ്പിലെ സമ്മര്‍ദ്ദത്തിൽ കുടുങ്ങി. വലിയ പ്രതീക്ഷയുമായി കേരളത്തിന്‍റെ നായകപദവി ഏറ്റെടുത്ത റോബിന്‍ ഉത്തപ്പ ഉത്തരവാദിത്തം ഏറ്റെടുത്തില്ല. എട്ട് ഇന്നിംഗ്സിൽ നേടിയത് 112 റൺസ് മാത്രം.

ഗോവയ്‌ക്കെതിരായ ഇരട്ടസെഞ്ചുറി ദേശീയ തലത്തിലും സഞ്ജു സാംസണെ ശ്രദ്ധേയനാക്കി. ബംഗ്ലാദേശിനെതിരായ ട്വന്‍റി 20 പരമ്പരയിൽ മലയാളി താരത്തെ പരിഗണിച്ചേക്കും. എന്നാല്‍ ഋഷഭ് പന്തിന്‍റെയും ഇഷാന്‍ കിഷന്‍റെയും വെല്ലുവിളി മറികടക്കാന്‍ കൂടുതൽ മികച്ച ഇന്നിംഗ്സുകള്‍ സഞ്ജുവിന് ആവശ്യമാണ്.

കര്‍ണാടകത്തിനെതിരെ അടക്കം മൂന്ന് സെഞ്ചുറികള്‍ നേടിയ വിഷ്‌ണു വിനോദ് തകര്‍പ്പന്‍ സിക്സറുകളുമായി ക്രീസ് നിറഞ്ഞത് നേട്ടമായി. മുഷ്താഖ് അലി ട്രോഫിയിലും
തിളങ്ങിയാൽ ഐപിഎല്‍ താരലേലത്തിൽ വിഷ്‌ണുവിന്‍റെ പേര് ഉയര്‍ന്നുവന്നേക്കും. ക്യാപറ്റന്‍ പദവി നഷ്ടമായത് ബാധിക്കാതെ ബാറ്റുവീശിയ സച്ചിന്‍ ബേബിയും ടൂര്‍ണമെന്‍റില്‍ 300 റൺസ് മറികടന്നു.

click me!