
മുംബൈ: വിജയ് ഹസാരെ ട്രോഫിയില്‍ (Vijay Hazare) മിന്നുന്ന ഫോം തുടരുന്ന വെങ്കിടേഷ് അയ്യര്‍ (Venkatesh Iyer), റിതുരാജ് ഗെയ്കവാദ് (Rituraj Gaikwad) എന്നിവരെ ഇന്ത്യയുടെ (Team India) ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. ദക്ഷിണാഫ്രിക്കന്‍ (South Africa) പര്യടനത്തിനുള്ള ഏകദിന ടീമില്‍ താരങ്ങളെ ഉള്‍പ്പെടുത്തുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വിജയ് ഹസാരെയില്‍ ഇതുവരെ രണ്ട് സെഞ്ചുറികള്‍ താരം സ്വന്തം പേരിലാക്കി. കേരളത്തിനെതിരെ 84 പന്തില്‍ 112 റണ്‍സാണ് താരം നേടിയത്. മൂന്ന് വിക്കറ്റും താരത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നു. പിന്നാലെ ഉത്തരാഖണ്ഡിനെതിരെ 49 പന്തില്‍ 71 റണ്‍സും നേടി. പന്തെടുത്തപ്പോള്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. ഉത്തര്‍ പ്രദേശിനെതിരെയും താരം സെഞ്ചുറി നേടി. മധ്യനിരയില്‍ ബാറ്റുചെയ്ത താരം 113 പന്തില്‍ 151 റണ്‍സ് അടിച്ചെടുത്തു. ബൗളെറിഞ്ഞപ്പോള്‍ രണ്ട് വിക്കറ്റും സ്വന്താക്കി.
ഈ പ്രകടനം തന്നെയാണ് സെക്റ്റര്‍മാരെ ആകര്‍ഷിക്കുന്നത്. ഹാര്‍ദിക്ക് പാണ്ഡ്യയ്ക്ക് പകരം വെങ്കടേഷിനെ ടീമിലുള്‍പ്പെടുത്താനാണ് സെലക്ഷന്‍ കമ്മിറ്റിയുടെ ആലോചന. തുടര്‍ച്ചയായി മൂന്ന് സെഞ്ചുറികള്‍ നേടിയ മഹരാഷ്ട്ര ക്യാപ്റ്റന്‍ റിതുരാജിനും ഏകദിന ടീമില്‍ ഇടം ലഭിച്ചേക്കും. കേരളത്തിനെതിരെ 129 പന്തില്‍ 124 റണ്‍സ് നേടികൊണ്ടായിരുന്നു റിതുരാജിന്റെ തുടക്കം. പിന്നാലെ ഛത്തീസ്ഗഢിനെതിരെ 143 പന്തില്‍ പുറത്താവാതെ 154 റണ്‍സ് നേടി. മധ്യപ്രദേശിനെതിരെ 136 റണ്‍സും താരം സ്വന്തമാക്കി. അതുകൊണ്ടുതന്നെ താരത്തെ തഴയാന്‍ കഴിയില്ല.
വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ഒരവസരം കൂടി നല്‍കാനുള്ള ആലോചനകള്‍ നടക്കുന്നുണ്ട്. എന്നാല്‍ റിതുരാജിന്റെ നിലവിലെ പ്രകടനം സെലക്റ്റര്‍മാരെ ആശയക്കുഴപ്പത്തിലാക്കും.