- Home
- Sports
- Cricket
- ടി20 ലോകകപ്പിന്‍റെ നിലനില്‍പ്പ് തന്നെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തില്‍, നടന്നില്ലെങ്കില്‍ നഷ്‌ടം കോടിക്കണക്കിന് രൂപ!
ടി20 ലോകകപ്പിന്‍റെ നിലനില്‍പ്പ് തന്നെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തില്‍, നടന്നില്ലെങ്കില്‍ നഷ്‌ടം കോടിക്കണക്കിന് രൂപ!
ട്വന്‍റി 20 ലോകകപ്പ് 2026ല്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ നിന്ന് പിന്‍മാറുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പാകിസ്ഥാന്‍. ലോകകപ്പില്‍ വലിയ സാമ്പത്തിക നഷ്‌ടമുണ്ടാക്കും ഇന്ത്യ- പാക് മത്സരത്തിന്‍റെ അഭാവം.

ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരം എന്നാണ് എക്കാലവും ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തെ വിശേഷിപ്പിക്കുന്നത്. അയല്‍ക്കാരുടെ പോരിന് കാത്ത് ലോകമെങ്ങും ക്രിക്കറ്റ് പ്രേമികള്‍ അന്നേദിനം അവധി പോലുമെടുത്ത് ടിവിക്ക് മുന്നിലിരിക്കും എന്നാണ് മുന്‍കാല ചരിത്രം പറയുന്നത്. ഇത്തവണത്തെ ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നടക്കാതിരുന്നാല്‍ ടിക്കറ്റ് വരുമാനം അടക്കം കോടികളുടെ നഷ്‌ടം ഐസിസി സഹിക്കേണ്ടിവരും.
ലോകകപ്പിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാരെയും ഡിജിറ്റല്‍ പാര്‍ട്‌ണര്‍മാരെയും സംബന്ധിച്ച് ഏറ്റവും വരുമാനമേറിയ മത്സരമാണ് ഇന്ത്യ- പാക് ടീമുകള്‍ തമ്മിലുള്ളത്. ഇന്ത്യയും പാകിസ്ഥാനും മൈതാനത്ത് ഏറ്റുമുട്ടുമ്പോള്‍ വ്യൂവര്‍ഷിപ്പ് കൂടുമെന്നതിന് പുറമെ പരസ്യ, സ്‌പോണ്‍സര്‍ഷിപ്പ് തുകകളും കുതിച്ചുയരും എന്നതുതന്നെ ഇതിന് കാരണം. ഏകദേശം 200 കോടി രൂപയുടെ പരസ്യനഷ്ടം ഒരൊറ്റ ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം വഴി ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നടക്കാതിരുന്നാല്‍ ബ്രോഡ്‌കാസ്റ്റര്‍മാര്‍ ഐസിസിയോട് നഷ്‌ടപരിഹാരം തേടിയേക്കും. ഇതുതന്നെ ദശലക്ഷക്കണക്കിന് രൂപ വിലമതിക്കുന്നതായിരിക്കും.
ട്വന്‍റി 20 ലോകകപ്പ് 2026ൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള പാകിസ്ഥാൻ സർക്കാരിന്‍റെ തീരുമാനത്തിന് പിന്നാലെ, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ (പിസിബി) കടുത്ത അച്ചടക്ക നടപടികളുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) രംഗത്തെത്താനും സാധ്യതയുണ്ട്. ലോകകപ്പിൽ നിന്ന് പാകിസ്ഥാനെ പൂർണ്ണമായി വിലക്കുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് ഐസിസിയുടെ പരിഗണനയിലുള്ളത്. പിസിബിക്കുള്ള സാമ്പത്തിക വിഹിതമായ 316 കോടിയോളം രൂപയും ഐസിസി തടഞ്ഞുവെച്ചേക്കും. ഇതെല്ലാം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനും വലിയ സാമ്പത്തിക നഷ്‌ടമുണ്ടാക്കും.
ബംഗ്ലാദേശിനെ ടി20 ലോകകപ്പിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യ- പാക് മത്സരത്തില്‍ നിന്ന് വിട്ടുനിൽക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്. ഇന്ത്യക്കെതിരായ മത്സരത്തില്‍ നിന്ന് പിന്‍മാറാനുള്ള പാകിസ്ഥാന്‍ സര്‍ക്കാരിന്‍റെയും പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെയും വിവാദ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധം ക്രിക്കറ്റ് ലോകത്ത് നിന്ന് ഉയരുകയാണ്.
ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ മത്സരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം വീണ്ടുമൊരിക്കല്‍ കൂടി കാണാനാണ് ക്രിക്കറ്റ് ആരാധകര്‍ ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അതിനിടെയാണ്, ടീം ഇന്ത്യക്കെതിരെ കളിക്കില്ലെന്ന നാടകീയ തീരുമാനം പാകിസ്ഥാന്‍ കൈക്കൊണ്ടത്. ലോകകപ്പില്‍ നിന്നും ഭാവി ടൂര്‍ണമെന്‍റുകളില്‍ നിന്നും പുറത്താക്കുന്നതും സാമ്പത്തിക ഉപരോധവും അടക്കമുള്ള ശക്തമായ നടപടികളിലേക്ക് ഐസിസി കടക്കുന്നതോടെ പിസിബിക്ക് മനംമാറ്റമുണ്ടാകുമോ എന്ന് കാത്തിരുന്നറിയാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

