സെവാഗ് നിരാശപ്പെടുത്തി, നഴ്‌സിന്റെ സെഞ്ചുറിക്ക് ഒബ്രിയാന്റെ മറുപടി; ഗുജറാത്ത് ജയന്റ്‌സിന് ജയം

By Web TeamFirst Published Sep 18, 2022, 8:30 AM IST
Highlights

വിരേന്ദര്‍ സെവാഗ് (6) നിരാശപ്പെടുത്തിയ മത്സരത്തില്‍ മുന്‍ അയര്‍ലന്‍ഡ് താരം കെവിന്‍ ഒബ്രിയാന്റെ (106) സെഞ്ചുറിയാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്.

കൊല്‍ക്കത്ത: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിലെ ആദ്യ ജയം മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ് നയിച്ച ഗുജറാത്ത് ജയന്റ്‌സിന്. ഇന്ത്യ കാപിറ്റല്‍സിനെ മൂന്ന് വിക്കറ്റിനാണ് ഗുജറാത്ത് തോല്‍പ്പിച്ചത്. ടോസ് നേടി ഗുജറാത്ത് ക്യാപ്റ്റന്‍ സെവാഗ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജാക്വസ് കാലിസ് നയിച്ച ഇന്ത്യ കാപിറ്റല്‍സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് കാപിറ്റല്‍സ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19 ഓവറില്‍ ഏഴ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

വിരേന്ദര്‍ സെവാഗ് (6) നിരാശപ്പെടുത്തിയ മത്സരത്തില്‍ മുന്‍ അയര്‍ലന്‍ഡ് താരം കെവിന്‍ ഒബ്രിയാന്റെ (106) സെഞ്ചുറിയാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. പാര്‍ത്ഥിവ് പട്ടേല്‍ (24), യശ്പാല്‍ സിംഗ് (21) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. സെവാഗ് മിച്ചല്‍ ജോണ്‍സണിന്റെ പന്തിലാണ് പുറത്താവുന്നത്. തിസാര പെരേര (1), എല്‍ട്ടണ്‍ ചിഗുംബുര (3), റയാദ് എംറിറ്റ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. റിച്ചാര്‍ഡ് ലെവി (0), മിച്ചല്‍ മക്‌ക്ലെനാഘന്‍ (0) എന്നിവര്‍ പുറത്താവാതെ നിന്നു. 

ഓസീസിനെതിരെ ടി20 പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി, ഷമി പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ചു

61 പന്തില്‍ നിന്നാണ് ഒബ്രിയാന്‍ 106 റണ്‍സെടുത്തത്. ഇതില്‍ 15 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടും. പ്രവീണ്‍ താംബെ കാപിറ്റല്‍സിനായി മൂന്ന് വിക്കറ്റ് വീഴത്തി. ലിയാം പ്ലങ്കറ്റിന് രണ്ട് വിക്കറ്റുണ്ട്. നേരത്തെ മുന്‍ വിന്‍ഡീസ് താരം ആഷ്‌ലി നേഴ്‌സ് പുറത്താവാതെ നേടിയ സെഞ്ചുറിയാണ് (103) കാപിറ്റല്‍സിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 43 പന്തില്‍ എട്ട് ഫോറും ഒമ്പത് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ദനേഷ് രാംദിന്‍ (31) മാത്രമാണ് രണ്ടക്ക കണ്ട മറ്റൊരു താരം.

ഹാമില്‍ട്ടണ്‍ മസകാഡ്‌സ (7), സോളമന്‍ മിറെ (9), ജാക്വസ് കാലിസ് (0), സുഹൈല്‍ ശര്‍മ (0), രജത് ഭാട്ടിയ (0), ലിയാം പ്ലങ്കറ്റ് (15) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മിച്ചല്‍ ജോണ്‍സണ്‍ (9) പുറത്താവാതെ നിന്നു. അപ്പണ്ണ, തിസാര പെരേര, റയാദ് എംറിറ്റ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

ശുഭ്മാന്‍ ഗില്‍ പുതിയ ഐപിഎല്‍ ടീമിലേക്കോ? വിശദീകരണവുമായി ഗുജറാത്ത് ടൈറ്റന്‍സ്

ശനിയാഴ്ച വേള്‍ഡ് ജയന്റ്സുമായുള്ള പ്രദര്‍ശന മല്‍സരത്തില്‍ ഇന്ത്യ മഹാരാജാസിനായി വീരേന്ദര്‍ സെവാഗ് കളിച്ചിന്നു. ഈ മത്സരത്തിലും ബാറ്റിംഗില്‍ കാര്യമായ സംഭാവന നല്‍കാന്‍ അദ്ദേഹത്തിനായില്ല. നാലു റണ്‍സ് മാത്രമെടുത്ത് വീരു മടങ്ങുകയായിരുന്നു.

click me!