Asianet News MalayalamAsianet News Malayalam

ഓസീസിനെതിരെ ടി20 പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി, ഷമി പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ചു

കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഷമി ആദ്യ ടി20 നടക്കുന്ന മൊഹാലിയിലേക്ക് തിരിച്ചിട്ടില്ല. ഉമേഷ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടി20 ടീമിലേക്ക് തിരിച്ചെത്തുന്നത്.

Mohammed Shami tests positive for Covid 19
Author
First Published Sep 18, 2022, 7:17 AM IST

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി. കൊവിഡ് ബാധിതനായ ഷമി പരമ്പരയില്‍ കളിക്കില്ല. ഷമിക്ക് പകരം ഉമേഷ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തി. ചൊവ്വാഴ്ച മൊഹാലിയിലാണ് മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരന്പര തുടങ്ങുക. ഇതിന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന പരമ്പരയില്‍ ഷമിക്ക് കളിക്കാനാവുമെന്നാണ് പ്രതീക്ഷ. ഈമാസം 28ന് കാര്യവട്ടത്താണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ മത്സരം.

കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഷമി ആദ്യ ടി20 നടക്കുന്ന മൊഹാലിയിലേക്ക് തിരിച്ചിട്ടില്ല. ഉമേഷ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടി20 ടീമിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ സീസണ്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത താരമാണ് ഉമേഷ്. 7.06 എക്കണോമിയില്‍ 16 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പില്‍ മിഡില്‍സെക്‌സിന് വേണ്ടിയും താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

ശുഭ്മാന്‍ ഗില്‍ പുതിയ ഐപിഎല്‍ ടീമിലേക്കോ? വിശദീകരണവുമായി ഗുജറാത്ത് ടൈറ്റന്‍സ്

ഓസീസിനെതിരെ മൂന്ന് ടി20 മത്സരങ്ങാണ് ഇന്ത്യ കളിക്കുക. രണ്ടാം മത്സരം 23നും അവസാന ടി20 25നും നടക്കും. ശേഷം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയും ഇന്ത്യ കളിക്കും. അതിലും മൂന്ന് മത്സരങ്ങളാണുള്ളത്. ഷമി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്റ്റാന്‍ഡ് ബൈ താരമായി ഇടം നേടിയിരുന്നു. രണ്ട് പരമ്പരകളിലും കരുത്ത് തെളിയിച്ച് ടി20 ടീമില്‍ ഉള്‍പ്പെടാനുള്ള സുവര്‍ണാവസരമാണ് ഷമിക്കുണ്ടായിരുന്നത്.

പുതിയ നിയമവുമായി ബിസിസിഐ, പകരക്കാരന് ബാറ്റും ബൗളും ചെയ്യാം; ഐപിഎല്ലില്‍ പരീക്ഷിക്കും

2021ന് ശേഷം ഒരു ടി20 മത്സരം പോലും ഷമി കളിച്ചിരുന്നില്ല. എന്നാല്‍ ഓസ്‌ട്രേലിയയിലെ പേസ് ട്രാക്കുകള്‍ കണക്കിലെടുത്ത് താരത്തെ സ്റ്റാന്‍ഡ് ബൈ താരമായി ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനമായിരുന്നു ഷമിയുടേത്. ഗുജറത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ താരം വലിയ പങ്കുവഹിച്ചു. 20 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

Follow Us:
Download App:
  • android
  • ios