ഷെഫാലി, വനിത ക്രിക്കറ്റിലെ ഒരേയൊരു രാജ്ഞി ; കൗമാരതാരം ഐസിസി റാങ്കിങ്ങില്‍ ഒന്നാമത്

By Web TeamFirst Published Mar 4, 2020, 10:11 AM IST
Highlights

16 വയസ് മാത്രം പ്രായം. കളിച്ചത് വെറും 18 ടി20 മത്സരങ്ങള്‍ മാത്രം. എന്നിട്ടും ഇന്ത്യന്‍ വനിത താരം ഷെഫാലി വര്‍മ ടി20 റാങ്കിങ്ങില്‍ ഒന്നാമതെത്തി. ഇന്ന് പ്രഖ്യാപിച്ച ബാറ്റേഴ്‌സിന്റെ പുതിയ റാങ്കിങ്ങില്‍ 19 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഷെഫാലി ഒന്നാം സ്ഥാനത്തെത്തിയത്.

ദുബായ്: 16 വയസ് മാത്രം പ്രായം. കളിച്ചത് വെറും 18 ടി20 മത്സരങ്ങള്‍ മാത്രം. എന്നിട്ടും ഇന്ത്യന്‍ വനിത താരം ഷെഫാലി വര്‍മ ടി20 റാങ്കിങ്ങില്‍ ഒന്നാമതെത്തി. ഇന്ന് പ്രഖ്യാപിച്ച ബാറ്റേഴ്‌സിന്റെ പുതിയ റാങ്കിങ്ങില്‍ 19 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഷെഫാലി ഒന്നാം സ്ഥാനത്തെത്തിയത്. 761 പോയിന്റാണ് ഇന്ത്യന്‍ ഓപ്പണര്‍ സ്വന്തമാക്കിയത്. ന്യൂസിലന്‍ഡിന്റെ സൂസി ബെയ്റ്റ്‌സിനെയാണ് ഷെഫാലി പിന്തള്ളിയത്. ഇരുവരും തമ്മില്‍ 11 പോയിന്റ് വ്യത്യാസമുണ്ട്.

വനിതാ ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനമാണ് ഷെഫാലിയെ ഉയര്‍ന്ന് റാങ്കിലെത്തിച്ചത്. 161 റണ്‍സാണ് ലോകകപ്പിലെ നാല് ഇന്നിങ്‌സുകളില്‍ നിന്നായി ഷെഫാലി നേടിയത്. ടി20 ക്രിക്കറ്റില്‍ 18 മത്സരങ്ങളില്‍ നിന്ന് 485 റണ്‍സ് നേടിയിട്ടുണ്ട്. ഷെഫാലിയെ കൂടാതെ രണ്ട് ഇന്ത്യന്‍ താരങ്ങള്‍കൂടി ആദ്യ പത്തിലുണ്ട്. സ്മൃതി മന്ഥാന ആറാം സ്ഥാനത്തും ജമീമ റോഡ്രിഗസ് ഒമ്പതാം സ്ഥാനത്തുമാണ്. ഇരുവര്‍ക്കും രണ്ട് സ്ഥാനങ്ങള്‍ നഷ്ടമായി. 

മൂന്ന് ഓസട്രേലിയന്‍ താരങ്ങള്‍ ആദ്യ പത്തിലുണ്ട്. ബേത് മൂണി (3), മെഗ് ലാന്നിങ് (5), അലീസ ഹീലി (7) എന്നിവരാണ് ആദ്യ പത്തിലുള്ള ഓസീസ് വനിതകള്‍. സൂസി ബെയ്റ്റ്‌സിന് പുറമെ സോഫി ഡിവൈനാണ് (4) ആദ്യ പത്തിലുള്ള മറ്റൊരു കിവീസ് താരം. സ്റ്റെഫാനി ടെയ്‌ലര്‍ (വെസ്റ്റ് ഇന്‍ഡീസ്- 8), നതാലി സ്‌കിവര്‍ (10- ഇംഗ്ലണ്ട്) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റുതാങ്ങള്‍.

ബൗളര്‍മാരുടെ പട്ടികയിലും മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി. ദീപ്തി ശര്‍മ (5), രാധ യാദവ് (7), പൂനം യാദവ് (8) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ഇംഗണ്ടിന്റെ സോഫി എക്ലസ്റ്റോണാണ് പട്ടികയ നയിക്കുന്നത്. ന്യൂസിലന്‍ഡിന്റെ കൗമാരതാരം അമേലിയ കേര്‍ നാലാം സ്ഥാനത്തുണ്ട്.

click me!