ഇന്ത്യ-പാക് ബന്ധം തകര്‍ന്നതിന് കാരണം ഒരാള്‍ മാത്രമെന്ന് ഷഹീദ് അഫ്രീദി

By Web TeamFirst Published Feb 25, 2020, 5:05 PM IST
Highlights

രണ്ട് രാജ്യത്തുള്ള ജനങ്ങള്‍ക്കും അതിര്‍ത്തി കടന്ന് അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യണമെന്നുണ്ട്. മോദിയുടെ അജണ്ട എന്താണെന്നും അദ്ദേഹം എന്തു ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അറിയില്ലെന്നും മുന്‍ പാക് നായകന്‍ കൂട്ടിച്ചേര്‍ത്തു

ലാഹോര്‍: നരേന്ദ്ര മോദി അധികാരത്തില്‍ ഉള്ള കാലത്തോളം ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കാനുള്ള സാധ്യതകളില്ലെന്ന് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷഹീദ് അഫ്രീദി. 2014ല്‍ ബിജെപിയും നരേന്ദ്ര മോദിയും അധികാരത്തിലെത്തിയത് മുതലാണ് ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായതെന്നും അഫ്രീദി ആരോപിച്ചു.

മോദി അധികാരത്തിലുള്ള കാലത്തോളം ഇന്ത്യയില്‍ നിന്ന് പ്രതികരണം ഒന്നും ലഭിക്കുമെന്ന് കരുതുന്നില്ല. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ തങ്ങള്‍ക്കെല്ലാവര്‍ക്കും മോദി എന്താണ് ചിന്തിക്കുന്നതെന്ന് മനസിലാകും. നെഗറ്റിവിറ്റി മാത്രമാണ് മോദി ചിന്തിക്കുന്നതെന്നും ക്രിക്കറ്റ് പാകിസ്ഥാന് നല്‍കിയ അഭിമുഖത്തില്‍ അഫ്രീദി പറഞ്ഞു. ഒരാള്‍ കാരണം മാത്രമാണ് ഇന്ത്യ-പാക് ബന്ധം ഇത്രയും തകര്‍ന്നത്. ഇതല്ല നമുക്ക് വേണ്ടതെന്നും അഫ്രീദി പറഞ്ഞു.

രണ്ട് രാജ്യത്തുള്ള ജനങ്ങള്‍ക്കും അതിര്‍ത്തി കടന്ന് അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യണമെന്നുണ്ട്. മോദിയുടെ അജണ്ട എന്താണെന്നും അദ്ദേഹം എന്തു ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അറിയില്ലെന്നും മുന്‍ പാക് നായകന്‍ കൂട്ടിച്ചേര്‍ത്തു. 2012-13 വര്‍ഷത്തിലാണ് അവസാനമായി പരമ്പരയ്ക്കായി പാകിസ്ഥാന്‍ ഇന്ത്യയില്‍ എത്തിയത്. രണ്ട് ട്വന്‍റി 20കളും മൂന്ന് ഏകദിനങ്ങളുമാണ് അന്ന് പാകിസ്ഥാന്‍ ഇന്ത്യയില്‍ കളിച്ചത്.

2006ല്‍ രാഹുല്‍ ദ്രാവിഡ് നായകനായിട്ടുള്ള സമയത്താണ് അവസാനമായി ഇന്ത്യ പാക് മണ്ണില്‍ പരമ്പരയ്ക്കായി പോയത്. ഇപ്പോള്‍ ഐസിസി ടൂര്‍ണമെന്‍റുകളില്‍ മാത്രമാണ് ഇരുടീമുകളും ഏറ്റുമുട്ടാറുള്ളത്. നേരത്തെ, ക്രിക്കറ്റ് പരമ്പര കളിക്കാന്‍ ഇന്ത്യ തയ്യാറാവണമെന്ന് പാകിസ്ഥാന്‍ മുന്‍ പേസര്‍ ഷൊയൈബ് അക്‌തര്‍ വീണ്ടും ആവശ്യപ്പെട്ടിരുന്നു. 

'ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരബന്ധമുണ്ട്, കബഡി കളിക്കുന്നു, ഡേവിസ് കപ്പില്‍ മത്സരിക്കുന്നു, എന്തുകൊണ്ട് ക്രിക്കറ്റ് കളിക്കുന്നില്ല. ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്കും പാകിസ്ഥാന്‍ ടീം ഇന്ത്യയിലേക്കും യാത്ര ചെയ്യാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഏഷ്യാകപ്പിലെ പോലെ ഇരു രാജ്യങ്ങള്‍ക്കും സമ്മതമുള്ള പൊതുവേദി തെരഞ്ഞെടുക്കണം. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് കളിക്കുന്നില്ലെങ്കില്‍ മറ്റ് കായിക ഇനങ്ങളിലൊന്നും സഹകരണം പാടില്ല'. 

'ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ് കളിച്ചപ്പോഴൊക്കെ അതില്‍ രാഷ്‌ട്രീയം കടന്നുവന്നിട്ടുണ്ട്. കൂടുതല്‍ വരുമാനം കണ്ടെത്താന്‍, ആരാധക പിന്തുണ കൂട്ടാന്‍, പുതിയ താരങ്ങളുടെ ഉദയത്തിന്... ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പര പ്രധാനമാണ്. ക്രിക്കറ്റ് പാകിസ്ഥാനിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ക്രിക്കറ്റ് കളിക്കാന്‍ രാജ്യം സുരക്ഷിതമാണ്. പാകിസ്ഥാനിലേക്ക് വരാന്‍ താല്‍പര്യമില്ലെങ്കില്‍ പൊതുവേദിയിലാവാം മത്സരം'. 

'മികച്ച ആതിഥേയ രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാന്‍. വീരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുടങ്ങിയ താരങ്ങളോട് ചോദിക്കുക. മറ്റെന്തിനെയും പോലെ അവരെ ഞങ്ങള്‍ സ്‌നേഹിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളൊന്നും ക്രിക്കറ്റിനെ ബാധിക്കാന്‍ പാടില്ല. ഇന്ത്യ- പാക് ക്രിക്കറ്റ് പരമ്പര ഉടന്‍ കാണാം എന്നാണ് പ്രതീക്ഷിക്കുന്നത്' എന്നും അക്തര്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. 

click me!