മോശം പെരുമാറ്റം; ഹര്‍മന്‍പ്രീത് കൗറിനെ കടന്നാക്രമിച്ച് ഷാഹിദ് അഫ്രീദി, ഇത്ര അഗ്രഷന്‍ വേണ്ടെന്ന് ഉപദേശം

Published : Jul 26, 2023, 12:24 PM ISTUpdated : Jul 26, 2023, 12:33 PM IST
മോശം പെരുമാറ്റം; ഹര്‍മന്‍പ്രീത് കൗറിനെ കടന്നാക്രമിച്ച് ഷാഹിദ് അഫ്രീദി, ഇത്ര അഗ്രഷന്‍ വേണ്ടെന്ന് ഉപദേശം

Synopsis

കരിയറിലുടനീളം മൈതാനത്തെ മോശം പെരുമാറ്റത്തിന്‍റെ പേരില്‍ ഏറെ പഴി കേട്ടിട്ടുള്ള താരമാണ് ഷാഹിദ് അഫ്രീദി

ലാഹോര്‍: ബംഗ്ലാദേശിന് എതിരായ മൂന്നാം ഏകദിനത്തിലെ മോശം പെരുമാറ്റത്തിന്‍റെ പേരില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെതിരെ പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി. വനിതാ ക്രിക്കറ്റില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കാര്യമാണ് ഹര്‍മന്‍റെ ഭാഗത്ത് നിന്നുണ്ടായത് എന്ന് അഫ്രീദി പറ‌ഞ്ഞു. ഹര്‍മനെതിരെ ഐസിസി സ്വീകരിച്ച കര്‍ശന നടപടി ഭാവി താരങ്ങള്‍ക്ക് മുന്നറിയിപ്പാണ് എന്നും അഫ്രീദി വ്യക്തമാക്കി. കരിയറിലുടനീളം മൈതാനത്തെ മോശം പെരുമാറ്റത്തിന്‍റെ പേരില്‍ ഏറെ വിവാദത്തിലായിട്ടുള്ള താരമാണ് ഷാഹിദ് അഫ്രീദി. 

'ഇന്ത്യന്‍ ടീം മാത്രമല്ല, ഇത്തരം സംഭവങ്ങള്‍ മുമ്പും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വനിതാ ക്രിക്കറ്റില്‍ ഇത് കണ്ടിട്ടില്ല. ഐസിസിയുടെ ടൂര്‍ണമെന്‍റിലെ ഈ പെരുമാറ്റം കടന്നുപോയി. ഹര്‍മനെതിരെ നടപടിയെടുത്തത് ഭാവി താരങ്ങള്‍ക്ക് മുന്നറിയിപ്പാണ്. ക്രിക്കറ്റില്‍ അഗ്രഷന്‍ ആവാം, നിയന്ത്രണത്തോടെയുള്ള അഗ്രഷന്‍ നല്ലതാണ്, എന്നാലിത് എല്ലാ സീമകളും ലംഘിച്ചു' എന്നുമാണ് ഷാഹിദ് അഫ്രീദിയുടെ പ്രതികരണം. 

കടുത്ത നടപടി

ബംഗ്ലാദേശിന് വനിതകള്‍ക്ക് എതിരായ മൂന്നാം ഏകദിനത്തിലെ മോശം പെരുമാറ്റത്തിന് ഹര്‍മന്‍പ്രീത് കൗറിനെതിരെ ഐസിസി കടുത്ത നടപടി സ്വീകരിച്ചിട്ടുണ്ട്. അടുത്ത രണ്ട് രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് ഹര്‍മനെ വിലക്കിയ ഐസിസി മാച്ച് ഫീയുടെ 75 ശതമാനം പിഴയും വിധിച്ചു. പുറത്തായതില്‍ സ്റ്റംപുകള്‍ തട്ടിത്തെറിപ്പിച്ച് പ്രതിഷേധിച്ചു, മത്സര ശേഷം സമ്മാനവേളയില്‍ അംപയര്‍മാരെ പരസ്യമായി വിമര്‍ശിച്ചു എന്നീ രണ്ട് വ്യത്യസ്‌ത കുറ്റങ്ങളിലാണ് ഹര്‍മനെതിരെ കടുത്ത നടപടി പ്രഖ്യാപിച്ചിരിക്കുന്നത്. വിലക്ക് ലഭിച്ചതോടെ എഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ രണ്ട് മത്സരങ്ങളില്‍ ഹര്‍മന്‍പ്രീതിന് കളിക്കാനാവില്ല. 

രണ്ട് കുറ്റങ്ങള്‍

ധാക്കയിലെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 34-ാം ഓവറില്‍ സ്‌പിന്നര്‍ നഹിദ അക്‌തറിന്‍റെ പന്തില്‍ എല്‍ബിയില്‍ പുറത്തായ ശേഷം അംപയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സ്റ്റംപ് തട്ടിത്തെറിപ്പിച്ചതാണ് ഹര്‍മന്‍പ്രീത് ചെയ്‌ത ആദ്യ കുറ്റം എന്നാണ് മാച്ച് റഫറിയുടെ കണ്ടെത്തല്‍. ഡ്രസിംഗ് റൂമിലേക്ക് പോകുംവഴി അംപയര്‍ തന്‍വീര്‍ അഹമ്മദിനോട് ഹര്‍മന്‍ തര്‍ക്കിക്കുകയും ചെയ്‌തിരുന്നു. മൈതാനത്ത് വച്ചുള്ള ഈ മോശം പെരുമാറ്റത്തില്‍ ലെവല്‍ 2 കുറ്റം ഹര്‍മന്‍ ചെയ്‌തതായി ഐസിസി എലൈറ്റ് പാനല്‍ മാച്ച് റഫറി അക്‌തര്‍ അഹമ്മദ് കണ്ടെത്തിയതോടെ താരത്തിന് മാച്ച് ഫീയുടെ 50 ശതമാനം പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്‍റുകളും വിധിച്ചു. ഐസിസി പെരുമാറ്റ ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.8 താരം ലംഘിച്ചതായാണ് കണ്ടെത്തല്‍. 

മത്സര ശേഷം സമ്മാനവേളയില്‍ അംപയറിംഗിനെ പരസ്യമായി വിമര്‍ശിച്ചതാണ് ഹര്‍മന്‍ ചെയ്‌തതായി തെളിഞ്ഞിരിക്കുന്ന രണ്ടാമത്തെ കുറ്റം. ലെവല്‍ 1 കുറ്റം കണ്ടെത്തിയിരിക്കുന്ന ഈ സംഭവത്തിന് മാച്ച് ഫീയുടെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്‍റും ഹര്‍മന്‍പ്രീതിനെതിരെ ചുമത്തി. ഇതോടെ രണ്ട് സംഭവങ്ങളിലുമായി ഹര്‍മനെതിരെ മാച്ച് ഫീയുടെ ആകെ 75 ശതമാനം തുക പിഴയും നാല് ഡീമെറ്റിറ്റ് പോയിന്‍റുമായി ശിക്ഷ. നാല് ഡീമെറ്റിറ്റ് പോയിന്‍റ് ലഭിച്ചതോടെയാണ് രണ്ട് മത്സരങ്ങളില്‍ വിലക്ക് ഹര്‍മന്‍പ്രീത് കൗറിന് പ്രാബല്യത്തില്‍ വന്നത്. 

Read more: 2 മത്സരങ്ങളില്‍ വിലക്ക്, കനത്ത പിഴ! ഹര്‍മന്‍പ്രീത് കൗര്‍ പെട്ടു; കടുത്ത നടപടിയുമായി ഐസിസി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഓസീസ് വീഴുമെന്ന് പ്രവചിച്ചവൻ ദേ വീണ്ടും വരുന്നു; ഇന്ത്യ പാകിസ്ഥാനോട് തോൽക്കുമെന്ന് പ്രവചനം; ഞെട്ടി ആരാധകർ
ലോകകപ്പിനിടെ അഫ്ഗാനിസ്ഥാൻ ടീം അംഗത്തിന് ഹൃദയാഘാതം, ഡൽഹിയിൽ അടിയന്തര ശസ്ത്രക്രിയ