ഇന്ത്യന്‍ പേസര്‍മാരെ വാനോളം വാഴ്‌ത്തി രാഹുല്‍ ദ്രാവിഡ്; ഐപിഎല്‍ ടീമുകള്‍ക്ക് ഒരു ഉപദേശവും

By Web TeamFirst Published Nov 29, 2019, 1:03 PM IST
Highlights

ലക്‌നൗവില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്‍റെ പ്രകടനം വീക്ഷിക്കവെയാണ് ദ്രാവിഡ് സ്റ്റാര്‍ പേസര്‍മാരെ പ്രശംസിച്ചത്. 

ലക്‌നൗ: ഇന്ത്യന്‍ പേസ് നിരയെ പ്രശംസിച്ച് ഇതിഹാസ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവുമായ രാഹുല്‍ ദ്രാവിഡ്. ലക്‌നൗവില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്‍റെ പ്രകടനം വീക്ഷിക്കവെയാണ് ദ്രാവിഡ് സ്റ്റാര്‍ പേസര്‍മാരെ പ്രശംസിച്ചത്. 

"മികച്ച പേസില്‍ പന്തെറിയാനും ഇന്ത്യക്കായി മികവ് കാട്ടാമെന്നും പ്രതീക്ഷിക്കുന്ന യുവതാരങ്ങള്‍ക്ക് റോള്‍ മോഡലാണ് ഇശാന്ത് ശര്‍മ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത് ബുമ്ര എന്നിവര്‍. അണ്ടര്‍ 19 തലത്തില്‍ മികച്ച പേസ് നിര ഇന്ത്യക്കുണ്ട്. കഴിഞ്ഞ ലോകകപ്പില്‍(2018-19) കംലേഷ് നാഗര്‍കോട്ടി, ശിവം മാവി, ഇഷാന്‍ പോരെല്‍ എന്നിവരുണ്ടായിരുന്നു. ഈ വര്‍ഷം ഒരുപറ്റം മികച്ച പേസര്‍മാരെ ടീമില്‍ കാണാം". 

"കപില്‍ ദേവ്, ജവഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍ തുടങ്ങിയ മികച്ച പേസര്‍മാര്‍ നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സംഘം ടീം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് ബൗളിംഗ് യുണിറ്റായിരിക്കാം. ഇത് യുവ താരങ്ങള്‍ക്ക് വലിയ പ്രചോദനമാണ്"- രാഹുല്‍ ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. 

ഐപിഎല്ലിലും ഇന്ത്യന്‍ പരിശീലകര്‍ വരട്ടെ...

ഇന്ത്യ മികച്ച പരിശീലകരെ സൃഷ്ടിക്കുന്നുണ്ട് എന്നുപറഞ്ഞ വന്‍മതില്‍, അവരെ നിയമിക്കാന്‍ ഐപിഎല്‍ ടീമുകള്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. "നമുക്ക് മികച്ച പരിശീലകരുണ്ട്. അവര്‍ക്ക് തിളങ്ങാനുള്ള അവസരവും ആത്മവിശ്വാസവും നല്‍കണം. ഐപിഎല്ലില്‍ സഹപരിശീലകരായി ഇന്ത്യക്കാരെ പരിഗണിക്കാത്തത് പലപ്പോഴും നിരാശനാക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ ഇന്ത്യന്‍ പരിശീലകരെ നിയമിക്കുന്നത് ടീമുകള്‍ക്ക് പ്രയോജനമാകുന്നുണ്ട്. കാരണം, ഇന്ത്യന്‍ താരങ്ങളെ അവര്‍ക്ക് കൃത്യമായി അറിയാം, അവരെ മനസിലാക്കാന്‍ കഴിയും" എന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു.

click me!