
ജയ്പൂർ: ഓസ്‌ട്രേലിയൻ സ്പിന്‍ ഇതിഹാസം ഷെയ്ൻ വോണിന്‍റെ ദീർഘവീക്ഷണം ഒടുവിൽ അദ്ദേഹത്തിന്‍റെ കുടുംബത്തിന് നൽകുന്നത് കോടികളുടെ സമ്മാനം. രാജസ്ഥാൻ റോയൽസ് ടീമിന്‍റെ ഉടമസ്ഥാവകാശം അമേരിക്കൻ കമ്പനിയായ കൽ സോമനിയുടെ നേതൃത്വത്തിലുള്ള സംയുക്ത സംരംഭം 15,290 കോടി രൂപയ്ക്ക് സ്വന്തമാക്കിയതോടെ വോണിന്‍റെ കുടുംബത്തിന് ടീമിലെ ഓഹരി പങ്കാളിത്തം വഴി 450 കോടി രൂപ സ്വന്തമാക്കാന്‍ അവസരം ഒരുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
2008-ൽ ഐപിഎല്ലിന്‍റെ ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസ് നായകനായി എത്തിയപ്പോൾ ടീമിന്‍റെ പൂര്‍ണ നിയന്ത്രണത്തിന് പുറമെ വോൺ തന്‍റെ കരാറിൽ ഒരു പ്രത്യേക നിബന്ധന ഉൾപ്പെടുത്തിയിരുന്നു. ടീമിനായി കളിക്കുന്ന ഓരോ വർഷവും ഉടമസ്ഥാവകാശത്തിന്‍റെ 0.75% ഓഹരി വോണിന് നൽകണം എന്നതായിരുന്നു ആ കരാർ. ആദ്യ സീസണില്‍ തന്നെ ടീമിനെ ചാമ്പ്യൻമാരാക്കിയ വോണ്‍ നാല് സീസണുകൾ കൂടി രാജസ്ഥാനായി കളിച്ചു. ഇതോടെ ടീമിലെ അദ്ദേഹത്തിന്‍റെ ആകെ ഓഹരി 3 ശതമാനമായി ഉയർന്നു. രാജസ്ഥാന്‍ റോയല്‍സിനെ ഇപ്പോള്‍ 15,290 കോടി രൂപയ്ക്ക് വിൽക്കുമ്പോൾ, വോണിന്‍റെ കൈവശമുള്ള ഈ 3% ഓഹരിയുടെ മൂല്യം ഏകദേശം 450 മുതൽ 460 കോടി രൂപ വരെയാണ്.
2008-ൽ കേവലം 67 ദശലക്ഷം ഡോളറിനാണ് മനോജ് ബദാലെയുടെ നേതൃത്വത്തിലുള്ള എമർജിംഗ് മീഡിയ രാജസ്ഥാൻ ടീമിനെ വാങ്ങിയത്. അന്ന് ടീമിന്റെ ക്യാപ്റ്റനും കോച്ചും ക്രിക്കറ്റ് ഓപ്പറേഷൻസ് തലവനും ഒക്കെ വോൺ തന്നെയായിരുന്നു. തന്‍റെ കഠിനാധ്വാനത്തിന് പ്രതിഫലമായി ശമ്പളത്തിന് പുറമെ ഓഹരി കൂടി ആവശ്യപ്പെട്ട വോണിന്‍റെ ബുദ്ധി മരണശേഷം കുടുംബത്തിന് വലിയ നേട്ടമായി മാറും.
2022-ൽ അന്തരിച്ച വോണിന്‍റെ കുടുംബത്തിനാകും ഈ തുക ലഭിക്കുക. ബിസിസിഐയുടെ അംഗീകാരത്തിന് വിധേയമായി 2026 ഐപിഎൽ സീസണിന് ശേഷം ഈ ഓഹരികൾ വിൽക്കാനും തുക സ്വന്തമാക്കാനും അവർക്ക് അവകാശമുണ്ടാകും. താൻ കെട്ടിപ്പടുത്ത ടീം ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള ടീമുകളിലൊന്നായി മാറുന്നത് കാണാൻ ഇന്ന് വോൺ കൂടെയില്ലെങ്കിലും, അദ്ദേഹം അന്ന് ഒപ്പിട്ട ആ കരാർ അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ഭാവി സുരക്ഷിതമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!