ഒടുവില്‍ ഡക്കറ്റ് വീണു, ഇംഗ്ലണ്ടിന് വേണ്ടത് 102 റണ്‍സ്, ഇന്ത്യക്ക് വേണ്ടത് 6 വിക്കറ്റ്, ലീഡ്സ് ടെസ്റ്റ് ആന്‍റി ക്ലൈമാക്സിലേക്ക്

Published : Jun 24, 2025, 09:12 PM IST
Shardul Thakur

Synopsis

ഓപ്പണിംഗ് വിക്കറ്റില്‍ 188 റണ്‍സടിച്ച ബെന്‍ ഡക്കറ്റ്-സാക് ക്രോളി സഖ്യമാണ് ഇംഗ്ലണ്ടിനെ ലക്ഷ്യത്തോട് അടുപ്പിച്ചത്. ലഞ്ചിനുശേഷം ക്രോളിയെ പുറത്താക്കിയ പ്രസിദ്ധ് കൃഷ്ണയാണ് ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്.

ലീഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് 371 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഇംഗ്ലണ്ട് അവസാന ദിനം ചായക്ക് പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സെന്ന നിലയിലാണ്. 37.3 ഓവര്‍ കൂടി അവസാന സെഷനില്‍ ബാക്കിയിരിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 102 റണ്‍സ്. ഇന്ത്യക്ക് വേണ്ടത് ആറ് വിക്കറ്റും. 14 റണ്‍സോടെ ജോ റൂട്ടും 13 റണ്‍സുമായി ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സും ക്രീസില്‍. അര്‍ധസെഞ്ചുറി നേടിയ സാക് ക്രോളി, സെഞ്ചുറി നേടിയ ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ഹാരി ബ്രൂക്ക് എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് ലഞ്ചിനുശേഷമുള്ള സെഷനില്‍ നഷ്ടമായത്. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണയും ഷാര്‍ദ്ദുല്‍ താക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഓപ്പണിംഗ് വിക്കറ്റില്‍ 188 റണ്‍സടിച്ച ബെന്‍ ഡക്കറ്റ്-സാക് ക്രോളി സഖ്യമാണ് ഇംഗ്ലണ്ടിനെ ലക്ഷ്യത്തോട് അടുപ്പിച്ചത്. ലഞ്ചിനുശേഷം ക്രോളിയെ പുറത്താക്കിയ പ്രസിദ്ധ് കൃഷ്ണയാണ് ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. പ്രസിദ്ധിന്‍റെ പന്തില്‍ ക്രോളിയെ സ്ലിപ്പില്‍ രാഹുല്‍ പിടികൂടുകയായിരുന്നു. സെഞ്ചുറിക്ക് അരികെ 98ല്‍ നില്‍ക്കെ മുഹമ്മദ് സിറാജിന്‍രെ പന്തില്‍ ബെന്‍ ഡക്കറ്റ് നല്‍കിയ ക്യാച്ച് സ്ക്വയര്‍ ലെഗ് ബൗണ്ടറിയില്‍ നിന്ന് ഓടിയെത്തി യശസ്വി ജയ്സ്വാള്‍ കൈവിട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. 

 

എന്നാല്‍ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ഒല്ലി പോപ്പിനെ(8) കൂടി മടക്കി പ്രസിദ്ധ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. അപ്പോഴും ഒരറ്റത്ത് തകര്‍ത്തടിച്ച ഡക്കറ്റ് ഇന്ത്യൻ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. ബുമ്രക്ക് പോലും ഡക്കറ്റിനെ വിറപ്പിക്കാനായില്ല. ഒടുവില്‍ അവസാന ശ്രമമെന്ന നിലയില്‍ ഷാര്‍ദ്ദുല്‍ താക്കൂറിനെ പന്തേല്‍പ്പിച്ച ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെ പ്രകടനമാണ് ഇന്ത്യയെ മത്സരത്തില്‍ പിടിച്ചുനിര്‍ത്തിയത്.

170 പന്തില്‍ 149 റണ്‍സടിച്ച ഡക്കറ്റിനെ പകരക്കാരന്‍ ഫീല്‍ഡറായ നിതീഷ് കുമാര്‍ റെഡ്ഡിയുടെ കൈകളിലെത്തിച്ച ഷാര്‍ദ്ദുല്‍ അടുത്ത പന്തില്‍ ഹാരി ബ്രൂക്കിനെ(0) റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ച് ഇരട്ടപ്രഹരമേല്‍പ്പിച്ചു. എന്നാല്‍ ജോ റൂട്ട്-ബെന്‍ സ്റ്റോക്സ് സഖ്യം ഇന്ത്യക്ക് ഭീഷണിയായി ക്രീസിലുണ്ട്. നേരത്തെ ആദ്യ സെഷനില്‍ ഇന്ത്യക്ക് ഒരു വിക്കറ്റ് പോലും വീഴ്ത്താനായിരുന്നില്ല. അവസാന ദിനം ആദ്യ മണിക്കൂറില്‍ ന്യൂ ബോളിന്‍റെ ആനുകൂല്യവും മൂടിക്കെട്ടിയ അന്തരീക്ഷവും മുതലെടുത്ത് വിക്കറ്റ് വീഴ്ത്താമെന്ന ഇന്ത്യൻ പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റും സാക്ക് ക്രോളിയും ക്രീസിലുറച്ചത്.

 

ആദ്യ മണിക്കൂറില്‍ ബുമ്രയെ കരുതലോടെ നേരിട്ട ഇംഗ്സണ്ട് ഓപ്പണര്‍മാര്‍ റണ്ണടിക്കുന്നതിനെക്കാള്‍ വിക്കറ്റ് വീഴാതെ പിടിച്ചു നില്‍ക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ബുമ്രയുടെ സ്പെല്‍ അവസാനിച്ച് പ്രസിദ്ധും ഷാര്‍ദ്ദുല്‍ താക്കൂറും സിറാജും പന്തെറിയാനെത്തിയതോടെ സ്കോറിംഗ് വേഗം കൂട്ടിയ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ ലക്ഷ്യത്തോട് അടുത്തു. ലഞ്ചിന് ശേഷം നേരിയ ചാറ്റല്‍ മഴമൂലം മത്സരം കുറച്ചു സമയം നിര്‍ത്തിവെച്ചെങ്കിലും ഓവറുകള്‍ നഷ്ടമായില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഒമാനെ 'എറിഞ്ഞൊതുക്കി' ലങ്കൻ പടയോട്ടം; 105 റൺസിന്‍റെ പടുകൂറ്റൻ ജയം, വെടിക്കെട്ടുമായി രത്നായകെയും ഷനകയും
ഡബിള്‍ സൂപ്പർ ഓവർ ത്രില്ലറല്ല, അതുക്കും മേലെ! അപൂർവമായ ട്രിപ്പിള്‍ സൂപ്പർ ഓവർ