കരിയറില്‍ നേരിട്ട ഏറ്റവും മികച്ച ബൌളറെക്കുറിച്ച് ശിഖര്‍ ധവാന്‍

By Web TeamFirst Published Apr 15, 2020, 12:00 PM IST
Highlights
ഇംഗ്ലണ്ട് ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ നേടിയ സെഞ്ചുറിയാണ് കരിയറിലെ ഏറ്റവും സ്പെഷല്‍ ഇന്നിംഗ്സായി താന്‍ കാണുന്നതെന്ന് ധവാന്‍.
ദില്ലി: കൊവിഡ് കാലം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് അപ്രതീക്ഷിതമായി വീണുകിട്ടിയ വിശ്രമകാലമാണ്. കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചും ആരാധകരുമായും സഹതാരങ്ങളുമായും സംവദിച്ചുമെല്ലാം ആണ് ഇന്ത്യന്‍ താരങ്ങള്‍ സമയം ചെലവഴിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റില്‍ ഇന്ത്യന്‍ താരം ശ്രേയസ് അയ്യരുമായി സംവദിച്ച ഓപ്പണര്‍ ശിഖര്‍ ധവാന്‍ കരിയറിലെ മികച്ച ഇന്നിംഗ്സിനെക്കുറിച്ചും കരിയറില്‍ നേരിട്ട ഏറ്റവും മികച്ച ബൌളറെക്കുറിച്ചും മനസ് തുറന്നിരുന്നു.

ഇംഗ്ലണ്ട് ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ നേടിയ സെഞ്ചുറിയാണ് കരിയറിലെ ഏറ്റവും സ്പെഷല്‍ ഇന്നിംഗ്സായി താന്‍ കാണുന്നതെന്ന് ധവാന്‍ പറഞ്ഞു. മത്സരത്തില്‍ ബാറ്റിംഗിനിടെ ഓസീസ് പേസര്‍ പാറ്റ് കമിന്‍സിന്റെ പന്ത് കൈയില്‍ കൊണ്ട് പരിക്കേറ്റെങ്കിലും 109 പന്തില്‍ 117 റണ്‍സടിച്ചശേഷമാണ് ധവാന്‍ പുറത്തായത്. ധവാന്റെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സടിച്ചു. 

മറുപടി ബാറ്റിംഗില്‍ ഓസീസിനെ 316 റണ്‍സിന് പുറത്താക്കി ഇന്ത്യ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ജയത്തോടെ തുടങ്ങുകയും ചെയ്തു. പിന്നീട് കൈയില്‍ പൊട്ടലുണ്ടെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ധവാന് ടൂര്‍ണമെന്റ് നഷ്ടമായിരുന്നു. എന്നാല്‍ അന്നത്തെ ഇന്നിംഗ്സ് കരിയറിലെ ഏറ്റവും സ്പെഷലാണെന്ന് ധവാന്‍ ശ്രേയസ് അയ്യരോട് പറഞ്ഞു.

കരിയറില്‍ നേരിട്ട ഏറ്റവും മികച്ച ബൌളര്‍ ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിനാണെന്നും ധവാന്‍ വ്യക്തമാക്കി. സ്പിന്‍ പിച്ചുകളില്‍ ഓഫ് സ്പിന്നര്‍മാരും തന്നെ ഏറെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും ധവാന്‍ പറഞ്ഞു. ലോക്ഡൌണ്‍ കാലത്ത് താന്‍ ഓടക്കുഴല്‍ വായിക്കാന്‍ പഠിക്കുകയാണെന്നും എല്ലാവരും ഇതുപോലെ സംഗീതോപകരണങ്ങള്‍ വായിക്കാന്‍ പഠിക്കുന്നത് നല്ലതണെന്നും ധവാന്‍ വ്യക്തമാക്കി. സംഗീതോപകരണങ്ങള്‍ വായിക്കുന്നത് മനസ് ശാന്തമാക്കുമെന്നും 34കാരനായ ധവാന്‍ പറ‍ഞ്ഞു.
click me!