
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പദ്ധതികളില്‍ നിന്നെല്ലാം പുറത്തായ താരമാണ് മുപ്പത്തിയെട്ട് വയസുകാരനായ ശിഖര്‍ ധവാന്‍. ഒരുകാലത്ത് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ വിശ്വസ്തനായ ഇടംകൈയന്‍ ഓപ്പണറായിരുന്നു ധവാന്‍. സ്ട്രൈക്ക് റേറ്റ് കാര്യമായി താഴ്‌ന്നതോടെയും യുവതാരങ്ങളുടെ വരവോടെയും പതുക്കെ ദേശീയ ടീമില്‍ ധവാന്‍റെ സ്ഥാനം നഷ്ടമായി. എന്നാല്‍ ഐപിഎല്ലില്‍ ഇപ്പോഴും സജീവമായ താരം വരും സീസണിന് മുന്നോടിയായി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുത്തിരിക്കുകയാണ്.
മുംബൈയിലെ ഡിവൈ പാട്ടീല്‍ ട്വന്‍റി 20 കപ്പില്‍ ഡിവൈ പാട്ടീല്‍ ബ്ലൂ ടീമിനായി ധവാന്‍ 29 പന്തില്‍ പുറത്താവാതെ 45 റണ്‍സെടുത്തു. ഐപിഎല്‍ 2023 സീസണിന് ശേഷം ധവാന്‍റെ ആദ്യ മത്സര ക്രിക്കറ്റായിരുന്നു ഇത്. ധവാന്‍റെ മിന്നും ബാറ്റിംഗ് കരുത്തില്‍ ഡിവൈ പാട്ടീല്‍ ബ്ലൂ എതിര്‍ ടീമായ ആര്‍ബിഐയെ 9 വിക്കറ്റിന് തകര്‍ത്തുവിട്ടു. വെറും 10.5 ഓവറില്‍ 113 റണ്‍സ് വിജയലക്ഷ്യം ഡിവൈ പാട്ടീല്‍ ബ്ലൂ നേടി. മത്സരത്തില്‍ മറ്റൊരു സീനിയര്‍ താരം ദിനേശ് കാര്‍ത്തിക്കും ഇറങ്ങിയിരുന്നു. ഡികെ 21 പന്തില്‍ 36 റണ്‍സുമായും തിളങ്ങി.
ഐപിഎല്‍ 2024 സീസണിന് മുമ്പ് ഡിവൈ പാട്ടീല്‍ ട്വന്‍റി 20 കപ്പിലൂടെ തയ്യാറെടുപ്പ് നടത്തുകയാണ് ശിഖര്‍ ധവാന്‍. ഐപിഎല്ലില്‍ ധവാന്‍ പഞ്ചാബ് കിംഗ്സിന്‍റെ താരമാണ്. ഐപിഎല്‍ 2024 സീസണിനായി മികച്ച തയ്യാറെടുപ്പാണ് നടത്തുന്നത് എന്ന് ധവാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ധവാന്‍ 41 ശരാശരിയില്‍ 373 റണ്‍സ് പേരിലാക്കിയിരുന്നു. ഐപിഎല്‍ കരിയറിലാകെ 217 മത്സരങ്ങളില്‍ രണ്ട് സെഞ്ചുറികളും 50 ഫിഫ്റ്റികളോടെയും 6616 റണ്‍സ് ധവാനുണ്ട്. 34 ടെസ്റ്റില്‍ 2315 റണ്‍സും 167 ഏകദിനങ്ങളില്‍ 6793 റണ്‍സും 68 രാജ്യാന്തര ട്വന്‍റി 20കളില്‍ 1759 റണ്‍സും ധവാന് സ്വന്തം.
Read more: ഗ്രേസ് ഹാരിസ് വെടിക്കെട്ട്; ഗുജറാത്ത് ജയന്‍റ്സിനെ മലർത്തിയടിച്ച് യുപി വാരിയേഴ്സ്