
ഫിലിപ്സ്ബര്‍ഗ്: ടി20യില്‍ ഇരട്ട സെഞ്ചുറി, ഒടുവില്‍ അതും സംഭവിച്ചു. മുന്‍ വിന്‍ഡീസ് ക്രിക്കറ്റര്‍ ശിവനാരായണ്‍ ചന്ദര്‍പോളാണ് ടി20യില്‍ ഇരുനൂറ് തികച്ചത്. 'ആദം സാന്‍ഫോര്‍ഡ് ക്രിക്കറ്റ് ഫോര്‍ ലൈഫ് ടി20' ടൂര്‍ണമെന്‍റിലാണ് ചന്ദര്‍പോളിന്‍റെ വെടിക്കെട്ട്. വെറും 76 പന്തില്‍ 210 റണ്‍സാണ് ചന്ദര്‍പോള്‍ അടിച്ചുകൂട്ടിയത്. 25 ഫോറും 13 സിക്‌സും അടങ്ങുന്നതായിരുന്നു ചന്ദര്‍പോളിന്‍റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്.
ചന്ദര്‍പോള്‍ വെടിക്കെട്ടില്‍ ടീം 303 റണ്‍സ് പടുത്തുയര്‍ത്തി. മറ്റൊരു ഓപ്പണറായ ഡ്വെയ്‌ന്‍ സ്‌മിത്ത് 29 പന്തില്‍ 54 റണ്‍സെടുത്തു. മത്സരത്തില്‍ 192 റണ്‍സിന്‍റെ കൂറ്റന്‍ ജയം ചന്ദര്‍പോളിന്‍റെ ടീം നേടുകയും ചെയ്തു.
എന്നാല്‍ ഔദ്യോഗിക മത്സരമല്ലാത്തതിനാല്‍ ടി20യിലെ ഉയര്‍ന്ന സ്‌കോറായി ചന്ദര്‍പോളിന്‍റെ 210 റണ്‍സ് പരിഗണിക്കില്ല. വിന്‍ഡീസിന്‍റെ തന്നെ താരമായ ക്രിസ് ഗെയ്‌ല്‍ 2013 ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി നേടിയ 175 റണ്‍സാണ് ടി20യിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായി കണക്കാക്കുന്നത്.