'അതെല്ലാം വ്യാജമാണ്'; പാകിസ്ഥാന്‍ ചീഫ് സെലക്ടര്‍ ആകുമെന്ന വാര്‍ത്തകള്‍ തള്ളി ഷുഹൈബ് അക്തര്‍

Published : Oct 04, 2026, 08:04 PM IST
Shoaib Akhtar and Mohsin Naqvi

Synopsis

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടർ ആകുമെന്ന വാർത്തകൾ മുൻ പേസ് ബൗളർ ഷുഹൈബ് അക്തർ നിഷേധിച്ചു. പിസിബിയിൽ ഔദ്യോഗിക പദവികൾ ഏറ്റെടുക്കാൻ തനിക്ക് താല്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാൻ ക്രിക്കറ്റിനെ സേവിക്കാൻ മറ്റ് വഴികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍ ആകുമെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ തള്ളി മുന്‍ പാക് പേസ് ബൗളര്‍ ഷുഹൈബ് അക്തര്‍. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ ഔദ്യോഗിക പദവികള്‍ ഏറ്റെടുക്കാന്‍ തനിക്ക് യാതൊരു താല്‍പര്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'പിസിബിയില്‍ നിന്നും പാകിസ്ഥാന്‍ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന്' അമ്മ തനിക്ക് ഉപദേശം നല്‍കിയിട്ടുണ്ടെന്നും, ആ ഉപദേശം താന്‍ പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിയുമായി കൂടിക്കാഴ്ച നടത്തിയെന്ന തരത്തിലുള്ള വാര്‍ത്തകളും അദ്ദേഹം നിഷേധിച്ചു.

പി ടിവി സ്‌പോര്‍ട്‌സിലെ തത്സമയ പരിപാടിക്കിടെയാണ് 'റാവല്‍പിണ്ടി എക്‌സ്പ്രസ്' എന്നറിയപ്പെടുന്ന ഷുഹൈബ് അക്തര്‍ ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. അത്തരം വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ലെന്നും, ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് വരുന്നുവെന്ന പ്രചാരണം വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ പുരോഗതി മാത്രമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ബോര്‍ഡില്‍ ചേരാന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഒരു സ്വകാര്യ സന്ദര്‍ശനത്തിനായി ഹൂസ്റ്റണിലാണ് അക്തറുള്ളത്.

പാകിസ്ഥാന്‍ ക്രിക്കറ്റിനെ സേവിക്കാന്‍ മറ്റ് വഴികളുണ്ട്

പാകിസ്ഥാനുവേണ്ടി 46 ടെസ്റ്റുകളും 163 ഏകദിനങ്ങളും 15 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള അക്തര്‍, രാജ്യത്തെ ക്രിക്കറ്റിന് തന്റെ സംഭാവനകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനായി പിസിബിയില്‍ ചേരേണ്ടതില്ലെന്ന് വ്യക്തമാക്കി. 'പാകിസ്ഥാന്‍ ക്രിക്കറ്റിനെ സേവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ അതിന് മറ്റ് നിരവധി മാര്‍ഗ്ഗങ്ങളുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.' അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ ക്രിക്കറ്റില്‍ വലിയ അഴിച്ചുപണികള്‍ നടക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് അക്തറിന്റെ പേര് ചീഫ് സെലക്ടര്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടത്. എന്നാല്‍ അക്തറിന്റെ പുതിയ വെളിപ്പെടുത്തലോടെ ആ അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമായിരിക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ആര്‍ ജി വണ്‍ വനിതാ ടി20 ടൂര്‍ണമെന്റില്‍ കേരളം ജേതാക്കള്‍; ബറോഡയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു
വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തള്ളി ശുഭ്മാന്‍ ഗില്‍