116 പന്തില്‍ 52 റണ്‍സുമായി രാഹുലും 16 റണ്‍സുമായി ദേവ്‌ദത്ത് പടിക്കലുമാണ് ക്രീസില്‍. ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക് എത്താൻ ഇന്ത്യക്ക് ഇനി 209 റണ്‍സ് ആവശ്യമാണ്

വെല്ലിംഗ്ടൺ ടെസ്റ്റില്‍ ന്യൂസിലൻഡിനെതിരെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം. ആതിഥേയര്‍ ഉയര്‍ത്തിയ 368 എന്ന ഒന്നാം ഇന്നിങ്സ് സ്കോറിനെതിരെ ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എന്ന നിലയിലാണ്. 89 പന്തില്‍ 85 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ മികവിലാണ് സന്ദര്‍ശകര്‍ മികച്ച നിലയിലേക്ക് എത്തിയത്. ജയ്സ്വാളിന് പുറമെ കെ എല്‍ രാഹുലും അര്‍ദ്ധ സെഞ്ചുറി നേടി.

116 പന്തില്‍ 52 റണ്‍സുമായി രാഹുലും 16 റണ്‍സുമായി ദേവ്‌ദത്ത് പടിക്കലുമാണ് ക്രീസില്‍. ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക് എത്താൻ ഇന്ത്യക്ക് ഇനി 209 റണ്‍സ് ആവശ്യമാണ്. മാറ്റ് ഹെൻറിയാണ് ന്യൂസിലൻഡിന്റെ ഏക വിക്കറ്റ് നേടിയത്.

ആദ്യ ദിനം 243-5 എന്ന നിലയില്‍ കളിയവസാനിപ്പിച്ച ന്യൂസിലൻഡിന് രണ്ടാം ദിനം 125 റണ്‍സാണ് ചേർക്കാനായത്. ഹെൻറി നിക്കോള്‍സിന് പിന്നാലെ ഗ്ലെൻ ഫിലിപ്‌സും സെഞ്ചുറി നേടി. ഫിലിപ്‌സ് (118), നാഥാൻ സ്മിത്ത് (14), കെയില്‍ ജാമിസണ്‍ (11), മാറ്റ് ഹെൻറി (1), ജേക്കബ് ഡഫി (4) എന്നിവരുടെ വിക്കറ്റാണ് ആതിഥേയർക്ക് നഷ്ടമായത്. 175 റണ്‍സുമായി നിക്കോള്‍സ് പുറത്താകാതെ നിന്നു.

ഇന്ത്യക്കായി ജസ്പ്രിത് ബുമ്ര 92 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ നേടി. ആകാശ് ദീപ് മൂന്നും അൻഷൂല്‍ കാമ്പോജ് രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റുമാണ് സ്വന്തമാക്കിയത്. ഇന്ത്യൻ ബൗളിങ് നിരയില്‍ വാഷിങ്ടണ്‍ സുന്ദറിന് മാത്രമാണ് വിക്കറ്റ് ലഭിക്കാതിരുന്നത്.