ഹിന്ദുവായതിന്റെ പേരില്‍ കനേരിയ വിവേചനം നേരിട്ടുവെന്ന പരാമര്‍ശം; നിലപാട് മയപ്പെടുത്തി അക്തര്‍

By Web TeamFirst Published Dec 29, 2019, 11:31 AM IST
Highlights

പാക് ടീമിലെ ചിലര്‍ മാത്രം ഇതിന് എതിരായിരുന്നു. പക്ഷെ ഇത് ടീമിന്റെ ആകെ മനോഭാവമായി കാണരുത്. ഒന്നോ രണ്ടോ കളിക്കാര്‍ മാത്രമാണ് അത്തരത്തില്‍ കനേരിയക്കെതിരെ വംശീയ പരാമര്‍ശം നടത്തിയത്.

കറാച്ചി: പാക് ക്രിക്കറ്റ് ടീം അംഗമായിരുന്ന ഡാനിഷ് കനേരിയ ഹിന്ദുവായതിന്റെ പേരില്‍ ടീം അംഗങ്ങളില്‍ നിന്ന് വിവേചനം നേരിട്ടുവെന്ന വെളിപ്പെടുത്തലില്‍ നിലപാട് മയപ്പെടുത്തി പാക് മുന്‍ താരം ഷൊയൈബ് അക്തര്‍. തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വിവാദമാക്കുകയായിരുന്നുവെന്ന് അക്തര്‍ പറഞ്ഞു. പാക് ടീമിലെ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് കനേരിയയെ വംശീയമായി അധിക്ഷേപിച്ചിട്ടുള്ളുവെന്നും മറ്റ് ടീം അംഗങ്ങള്‍ ഒരിക്കലും അത് പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നും അക്തര്‍ പറഞ്ഞു.

 കളിക്കാര്‍ ഏത് മതവിഭാഗത്തില്‍ നിന്നായാലും പരസ്പരം ബഹുമാനിക്കണമെന്നത് കളിക്കാര്‍ക്കിടയിലെ അലിഖിത നിയമമാണ്. എന്നാല്‍ പാക് ടീമിലെ ചിലര്‍ മാത്രം ഇതിന് എതിരായിരുന്നു. പക്ഷെ ഇത് ടീമിന്റെ ആകെ മനോഭാവമായി കാണരുത്. ഒന്നോ രണ്ടോ കളിക്കാര്‍ മാത്രമാണ് അത്തരത്തില്‍ കനേരിയക്കെതിരെ വംശീയ പരാമര്‍ശം നടത്തിയത്. ഇത്തരം കളിക്കാര്‍ ലോകമെമ്പാടുമുണ്ട്. എന്നാല്‍ ടീം എന്ന നിലക്ക് അത് മുളയിലെ നുള്ളുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമായിരുന്നു. ഞാനും ഈ സമൂഹത്തിന്റെ സൃഷ്ടിയാണ്. അതുകൊണ്ടുതന്നെയാണ് ഞാനതിന് തയാറായത്.

കനേരിയയുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നവര്‍ ടീമില്‍ കാണില്ലെന്ന് ഞാന്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാരണം അത് ഞങ്ങളുടെ സംസ്കാരമല്ല. ഒരു രാജ്യമെന്ന നിലയ്ക്ക് ഇത്തരം വിവേചനങ്ങള്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കാനാവില്ല. അതുകൊണ്ടുതന്നെ അത് അവിടെ അവസാനിപ്പിച്ചു. ഒരു  സമൂഹമെന്ന നിലയില്‍ കഴിഞ്ഞ 10-15 വര്‍ഷത്തിനിടെ ഞങ്ങള്‍ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. കളിക്കാരനെന്ന നിലയില്‍ പാക്കിസ്ഥാന് ഒരുപാട് വിജയങ്ങള്‍ സമ്മാനിച്ച കളിക്കാരനാണ് കനേരിയ. മുഷ്താഖ് അഹമ്മദിന്റെ കാലത്താണ് അദ്ദേഹം കളിച്ചത്. അദ്ദേഹം ഒരു രണ്ടു വര്‍ഷം മുമ്പെങ്കിലും ടീമിലെത്തണമായിരുന്നുവെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും അക്തര്‍ പറഞ്ഞു.

അതേസമയം, അക്തര്‍ തുറന്നുവിട്ട വിവാദത്തില്‍ കൂടുതല്‍ ആരോപണവുമായി കനേരിയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒത്തുകളി ആരോപണം ഉയര്‍ന്നപ്പോള്‍ പാക് സര്‍ക്കാരില്‍ നിന്നും ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും തനിക്ക് യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ലെന്ന് കനേരിയ പറഞ്ഞു. പാക്കിസ്ഥാനായി 61 ടെസ്റ്റ് കളിച്ചിട്ടുള്ള കനേരിയ 261 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

click me!