കരുത്തോടെ ഇംഗ്ലണ്ട്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിജയപ്രതീക്ഷ

By Web TeamFirst Published Dec 28, 2019, 9:23 PM IST
Highlights

നേരത്തെ 103 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ 272 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ജോഫ്ര ആര്‍ച്ചറുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ ഇതിലും വലിയ ലീഡ് നേടുന്നതില്‍  നിന്ന് തടഞ്ഞത്.

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ. 376 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെന്ന നിലയിലാണ്. 77 റണ്‍സുമായി റോറി ബേണ്‍സും 10 റണ്ണോടെ ജോ ഡെന്‍ലിയും ക്രീസില്‍. 29 റണ്‍സെടുത്ത ഡൊമനിക് സിബ്‌ലിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ സിബ്‌ലി-ബേണ്‍സ് സഖ്യം 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസവും ഒമ്പത് വിക്കറ്റും ശേഷിക്കെ ജയിക്കാന്‍ ഇംഗ്ലണ്ടിന് 255 രമ്‍സ് കൂടി വേണം.

നേരത്തെ 103 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍ 272 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ജോഫ്ര ആര്‍ച്ചറുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ ഇതിലും വലിയ ലീഡ് നേടുന്നതില്‍  നിന്ന് തടഞ്ഞത്.

നാലിന് 72 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക മൂന്നാംദിനം ആരംഭിച്ചത്. ക്രീസിലുണ്ടായിരുന്നു റാസി വാന്‍ ഡര്‍ ഡസ്സന്‍ (51) അര്‍ധ സെഞ്ചുറി തികച്ചയുടനെ പുറത്തായി. പിന്നാലെ ആന്റിച്ച് നോര്‍ജെ (40) മടങ്ങി. ഇരുവരും 91 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നാലെ എത്തിയ ക്വിന്റണ്‍ ഡി കോക്ക് (34), വെര്‍നോണ്‍ ഫിലാന്‍ഡര്‍ (46) എന്നിവരും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ലീഡ് 350 കവിഞ്ഞു.

ആര്‍ച്ചര്‍ക്ക് പുറമെ ബെന്‍ സ്റ്റോക്‌സ് രണ്ട് വിക്കറ്റ് വീഴ്ത്തി. സാം കുറന്‍, ജയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്. ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക നേടിയ 284നെതിരെ ഇംഗ്ലണ്ട് 181ന് പുറത്താവുകയായിരുന്നു.

click me!