
ലാഹോർ: എക്കാലവും ഇരു രാജ്യങ്ങളിലേയും ആരാധകരെ ത്രസിപ്പിച്ച പോരാട്ടമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത്. ലോകകപ്പ് വേദിയില്‍ അയല്‍ക്കാർ നേർക്കുനേർ വരുമ്പോള്‍ പോരാട്ടത്തിന് മൂർച്ച കൂടും. ഇക്കുറി ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ, പാക് ടീമുകള്‍ നേർക്കുനേർ വരുന്നുണ്ട്. ഒക്ടോബർ 14ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഈ ത്രില്ലർ പോരാട്ടം. മത്സരത്തിന് മുമ്പ് പോർവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ പേസർ ഷൊയൈബ് അക്തർ. പാക് ടീം ഇന്ത്യയെ ഇന്ത്യയില്‍ വച്ച് കീഴടക്കും എന്നാണ് അക്തറിന്‍റെ പ്രവചനം.
ഏകദിന ലോകകപ്പ് ഒക്ടോബർ 5ന് തുടങ്ങുമെങ്കിലും ആരാധകരുടെ കണ്ണുകള്‍ നീളുന്നത് ഒക്ടോബർ 14ലേക്കാണ്. അന്നേദിനം ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ബന്ധവൈരികളായ ടീം ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും വലിയ പോരാട്ടമായാണ് മത്സരത്തെ വിശേഷിപ്പിക്കുന്നത്. ഒരു ലക്ഷത്തിലേറെ കാണികള്‍ക്ക് മുമ്പില്‍ അയല്‍ക്കാർ പോരിനിറങ്ങുമ്പോള്‍ ഷൊയൈബ് അക്തറിന്‍റെ എല്ലാ പിന്തുണയും പാക് ടീമിനൊപ്പം. 'ലോകകപ്പിന്‍റെ എല്ലാ സമ്മർദവും ഇന്ത്യന്‍ ടീമിന് മുകളിലായിരിക്കും. ഇന്ത്യന്‍ ടീമിനെ ഇന്ത്യയില്‍ വച്ച് കീഴടക്കാന്‍ ഇതിലും വലിയ അവസരമുണ്ടാവില്ല' എന്നുമാണ് അക്തർ ഒരു മാധ്യമത്തോട് പറഞ്ഞത്. ഏകദിന ലോകകപ്പില്‍ പാക് പുരുഷ ക്രിക്കറ്റ് ടീമിന് ഇതുവരെ ടീം ഇന്ത്യയെ തോല്‍പിക്കാനായിട്ടില്ല എന്നതാണ് ചരിത്രം. പാക് ടീമിനെതിരെ തുടര്‍ച്ചയായി ഏഴ് ജയങ്ങളുടെ റെക്കോര്‍ഡ് ഇന്ത്യക്കുണ്ട്.
ഏകദിന ലോകകപ്പില്‍ ടീം ഇന്ത്യയെ ഇന്ത്യയില്‍ വച്ച് തോല്‍പിക്കുമെന്ന് പാകിസ്ഥാന്‍ മുന്‍ താരം ആഖ്വിബ് ജാവേദ് നേരത്തെ പ്രവചിച്ചിരുന്നു. 1992ല്‍ ലോകകപ്പ് നേടിയ പാക് ടീമില്‍ അംഗമായിരുന്നു ജാവേദ്. ഇക്കുറി ഇന്ത്യ- പാകിസ്ഥാന്‍ മത്സരം ഒക്‌ടോബര്‍ 15ന് നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ കളി ഒരു ദിവസം മുന്നേ 14-ാം തിയതി സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലോകകപ്പിന് മുമ്പ് ഏഷ്യാ കപ്പില്‍ ഇന്ത്യ- പാക് പോരാട്ടം വരുന്നുണ്ട്.
Read more: 'ലോകകപ്പില്‍ ടീം ഇന്ത്യയെ ഇന്ത്യയില്‍ വച്ച് തോല്‍പിക്കും'; വെല്ലുവിളിച്ച് പാക് മുന്‍ താരം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!