ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഒക്ടോബര്‍ 14-ാം തിയതി ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം
അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ ഒക്ടോബര്‍ 14ന് നടക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്ത്യയില്‍ വച്ചാണ് ലോകകപ്പ് നടക്കുന്നത് എന്നതിനാല്‍ ജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത് രോഹിത് ശര്‍മ്മയ്‌ക്കും സംഘത്തിനും തന്നെ. എന്നാല്‍ പാകിസ്ഥാന്‍ മുന്‍ താരം ആഖ്വിബ് ജാവേദ് പറയുന്നത് ടീം ഇന്ത്യയെ പാകിസ്ഥാന്‍ തോല്‍പിക്കും എന്നാണ്. 1992ല്‍ ലോകകപ്പ് നേടിയ പാക് ടീമില്‍ അംഗമായിരുന്നു ജാവേദ്.
ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഒക്ടോബര്‍ 14-ാം തിയതി ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം. ഒരുലക്ഷത്തിലേറെ വരുന്ന ആരാധകരുടെ ആരവവും പിന്തുണയും ടീം ഇന്ത്യക്ക് മുതല്‍ക്കൂട്ടാകും എന്നാണ് പൊതുവിലയിരുത്തല്‍. എന്നാല്‍ ഹെവിവെയ്റ്റ് ടീമുകളുടെ പോരാട്ടത്തില്‍ പാകിസ്ഥാനാണ് ജയസാധ്യത എന്ന് ലോകകപ്പ് ജേതാവ് കൂടിയായ പാക് മുന്‍ താരം ആഖ്വിബ് ജാവേദ് പറയുന്നു. 'പാകിസ്ഥാന്‍ ടീം സന്തുലിതമാണ്. പ്രായം കണക്കാക്കിയാല്‍ ഇന്ത്യയേക്കാള്‍ യുവനിരയാണ്. ഇന്ത്യന്‍ നിരയില്‍ വമ്പന്‍ താരങ്ങളുണ്ടെങ്കിലും അവരുടെ ഫിറ്റ്‌നസും ഫോമും മികച്ചത് അല്ല. അതിനാല്‍ ഇന്ത്യ ലോകകപ്പില്‍ പ്രയാസപ്പെടും. ഇന്ത്യ പുതിയ താരങ്ങളുടെ കോംപിനേഷന്‍ കണ്ടെത്തണം. ഇന്ത്യയില്‍ വച്ച് ടീം ഇന്ത്യയെ തോല്‍പിക്കാനുള്ള എല്ലാ സാധ്യതയും പാകിസ്ഥാനുണ്ട്' എന്നും ആഖ്വിബ് ജാവേദ് പറഞ്ഞു.
ഏകദിന ലോകകപ്പില്‍ ടീം ഇന്ത്യയെ ഇതുവരെ തോല്‍പിക്കാനാവാത്ത ടീമാണ് പാകിസ്ഥാന്‍. പാക് ടീമിനെതിരെ തുടര്‍ച്ചയായി ഏഴ് ജയങ്ങളുടെ റെക്കോര്‍ഡ് ഇന്ത്യക്കുണ്ട്. ഇക്കുറിയും ഇരു ടീമുകളും മുഖാമുഖം വരുമ്പോള്‍ ആവേശം ഇരട്ടിയാവും. ഇന്ത്യ- പാകിസ്ഥാന്‍ മത്സരം ഒക്‌ടോബര്‍ 15ന് നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ മത്സരം ഒരു ദിവസം മുന്നേ 14-ാം തിയതി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യ- പാക് മത്സരത്തിന്‍റെ തിയതി മാറിയതോടെ ഒക്ടോബര്‍ 14ന് നടക്കേണ്ടിരുന്ന ഇംഗ്ലണ്ട്- അഫ്‌ഗാനിസ്ഥാന്‍ മത്സരം പുതുക്കിയ മത്സരക്രമം അനുസരിച്ച് 15-ാം തിയതിയേ നടക്കൂ.
Read more: ഏകദിന ലോകകപ്പ്: ഇന്ത്യ- പാക് പോരിന്‍റെ തിയതി മാറ്റി; 9 മത്സരങ്ങള്‍ക്ക് പുതിയ ഷെഡ്യൂള്‍
