ലാഹോറില്‍ കഴിഞ്ഞ വര്‍ഷം മഞ്ഞുപെയ്തു; ഗവാസ്കറിന് മറുപടിയുമായി അക്തര്‍

By Web TeamFirst Published Apr 15, 2020, 5:20 PM IST
Highlights
തല്‍ക്കാലം ഇരുടീമുകളും ഐസിസി ടൂര്‍ണമെന്റുകളിലും ലോകകപ്പിലും മാത്രം ഏറ്റുമുട്ടാനുള്ള സാധ്യതകളെയുള്ളുവെന്നും അല്ലാതെ ഇരുരാജ്യങ്ങളും തമ്മിലൊരു പരമ്പര ഇപ്പോഴത്തെ സാഹചര്യത്തില്‍ അസാധ്യമാണെന്നും ഗവാസ്കര്‍ ഇന്നലെ പറഞ്ഞിരുന്നു.
മുംബൈ: കൊവിഡ് ബാധിതരെ സഹായിക്കാനുള്ള ഫണ്ട് ശേഖരണാര്‍ത്ഥം ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര നടത്തണമെന്ന നിര്‍ദേശം തള്ളിയ ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗവാസ്കര്‍ക്ക് മറുപടിയുമായി പാക് മുന്‍ താരം ഷൊയൈബ് അക്തര്‍. ലാഹോറില്‍ മഞ്ഞു പെയ്തേക്കാം, എന്നാലും സമീപ ഭാവിയിലൊന്നും ഇന്ത്യ-പാക് പരമ്പരക്ക് സാധ്യതയില്ലെന്ന് ഗവാസ്കര്‍ ഇന്നലെ പറഞ്ഞിരുന്നു. മുന്‍ പാക് നായകന്‍ റമീസ് രാജയുടെ യുട്യൂബ് ചാനലില്‍ സംസാരിക്കുമ്പോഴായിരുന്നു അക്തറുടെ നിര്‍ദേശം തള്ളി ഗവാസ്കര്‍ രംഗത്തെത്തിയത്. എന്നാല്‍ ഇതിന് മറുപടിയായി ലാഹോറില്‍ കഴിഞ്ഞ വര്‍ഷം മഞ്ഞു വീഴ്ചയുണ്ടായതിന്റെ ചിത്രം ട്വീറ്റ് ചെയ്ത അക്തര്‍, സണ്ണി ഭായ്, കഴിഞ്ഞ വര്‍ഷം ലാഹോറില്‍ മഞ്ഞ് വീഴ്ചയുണ്ടായിരുന്നു, അപ്പോള്‍, ഒന്നും അസാധ്യമല്ലെന്ന് ട്വിറ്ററില്‍ കുറിച്ചു.
 

Well Sunny bhai, we did have a snowfall in Lahore last year :)
So nothing is impossible. pic.twitter.com/CwbEGBc45N

— Shoaib Akhtar (@shoaib100mph)
തല്‍ക്കാലം ഇരുടീമുകളും ഐസിസി ടൂര്‍ണമെന്റുകളിലും ലോകകപ്പിലും മാത്രം ഏറ്റുമുട്ടാനുള്ള സാധ്യതകളെയുള്ളുവെന്നും അല്ലാതെ ഇരുരാജ്യങ്ങളും തമ്മിലൊരു പരമ്പര ഇപ്പോഴത്തെ സാഹചര്യത്തില്‍ അസാധ്യമാണെന്നും ഗവാസ്കര്‍ ഇന്നലെ പറഞ്ഞിരുന്നു. കൊവിഡ് ബാധിതരെ സഹായിക്കാന്‍ നിഷ്പക്ഷ വേദിയില്‍ ഇന്ത്യ-പാക് ടീമുകള്‍ മൂന്ന് മത്സര പരമ്പര കളിക്കണമെന്നായിരുന്നു അക്തറിന്റെ നിര്‍ദേശം. എന്നാല്‍ അക്തറിന്റെ അഭിപ്രായം മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവും തള്ളിക്കളഞ്ഞിരുന്നു.

കൊവിഡ് ബാധിതരെ സഹായിക്കാന്‍ ഇന്ത്യക്ക് പണം ആവശ്യമില്ലെന്നും ക്രിക്കറ്റ് താരങ്ങളുടെ ജീവന്‍വെച്ച് പന്താടാനാവില്ലെന്നുമായിരുന്നു കപിലിന്റെ മറുപടി. എന്നാല്‍ കപിലിന് പണം വേണ്ടായിരിക്കാം, പക്ഷെ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പണത്തിന്റെ ആവശ്യമുണ്ടെന്നായിരുന്നു ഇതിന് അക്തറിന്റെ മറുപടി. അക്തറിനെ പിന്തുണച്ച് കഴിഞ്ഞ ദിവസം മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദിയും രംഗത്തെത്തിയിരുന്നു. കപിലിന്റെ പ്രസ്താവന ഞെട്ടിച്ചുവെന്നായിരുന്നു അഫ്രീദിയുടെ പ്രതികരണം.
 
click me!