
കൊച്ചി: ഏകദിന ലോകകപ്പില്‍ ഇന്ത്യയോടേറ്റ കനത്ത തോല്‍വിക്കുശേഷം സ്റ്റേഡിയത്തില്‍ നിന്ന് ഒരു തരത്തിലുള്ള പിന്തുണയും ലഭിച്ചില്ലെന്നും ഇത് ഐസിസി ലോകകപ്പല്ല ബിസിസിഐ നടത്തുന്ന ടൂര്‍ണമെന്‍റാണെന്നും ആരോപിച്ച പാക് ക്രിക്കറ്റ് ടീം ഡയറക്ടര്‍ മിക്കി ആര്‍തറുടെ വിമര്‍ശനത്തിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്. ഇന്ത്യ കളിച്ചാലും അത് ബിസിസിഐ ടൂര്‍ണമെന്‍റാകുമെന്ന് ശ്രീശാന്ത് സ്പോര്‍ട്സ് കീഡയോട് പറഞ്ഞു.
ഇന്ത്യ എവിടെ കളിച്ചാലും അത് ഐസിസി നടത്തുന്ന ടൂര്‍ണമെന്‍റായി തോന്നില്ല.അത് എല്ലായ്പ്പോഴും ബിസിസിഐ നടത്തുന്ന ടൂര്‍ണമെന്‍റായെ തോന്നു.പാക് ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍ക്ക് '83' സിനിമ ഒന്ന് സബ് ടൈറ്റിലിട്ട് കാണിച്ചു കൊടുത്താല്‍ തീരാവുന്ന പ്രശ്നമേയുള്ളു. അപ്പോള്‍ അദ്ദേഹത്തിന് കാര്യം മനസിലാവും. എവിടെയായിരുന്ന ബിസിസിഐ ആണ് ഇപ്പോള്‍ ഇവിടെ എത്തി നില്‍ക്കുന്നതെന്ന് വ്യക്തമാവും. കായികലോകത്തെ എറ്റവും പ്രചോദനാത്മകമായ ഉയര്‍ച്ചയുടെ കഥയാണത്.
ബിസിസിഐ ഇത്രയും കരുത്തുറ്റ സംഘടനയായത് ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചും സ്വപ്രയത്നത്താലുമാണ്.ഭരണകര്‍ത്താക്കളും കളിക്കാരുമെല്ലാം ഒന്നിനൊന്ന് മികച്ചവരാണിപ്പോള്‍. നമ്മുടെ സി ടീം ഈ ലോകകപ്പില്‍ കളിച്ചാല്‍ പോലും മികച്ച പ്രകടനം പുറത്തെടുക്കുമെന്നുറപ്പാണ്. ഇത്രയും വരുമാനവും മറ്റെല്ലാ കാര്യങ്ങളും ഇന്ത്യയില്‍ നിന്ന് വരുമ്പോള്‍ ഐസിസി ഇത്തരം ആരോപണങ്ങളോട് എന്ത് പറയാനാണ്.ലോകകപ്പ് ഇംഗ്ലണ്ടില്‍ നടന്നാലും ഇന്ത്യയിലാണെന്നെ തോന്നു. ഞാന്‍ ഡര്‍ബനില്‍ കളിച്ചപ്പോഴും ഇന്ത്യയില്‍ കളിക്കുന്നതുപോലെയാണ് തോന്നിയത്. അത് തന്നെയാണ് ആര്‍തറും പറഞ്ഞതെന്നും ശ്രീശാന്ത് പറഞ്ഞു.
മിക്കി ആര്‍തറുടെ പ്രസ്താവനക്കെതിരെ പാക് പേസ് ഇതിഹാസം വസീം അക്രവും കഴിഞ്ഞ ദിവസം രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇന്ത്യയെ നേരിടാന്‍ എന്ത് പദ്ധതിയാണ് ഉണ്ടായിരുന്നതെന്ന് പറയാതെ ബിസിിസിഐയെ കുറ്റം പറഞ്ഞ് രക്ഷപ്പെടാനാവില്ലെന്നായിരുന്നു അക്രത്തിന്‍റെ വിമര്‍ശനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!