
മുംബൈ: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. അഞ്ച് ഐപിഎൽ കിരീടങ്ങളുള്ള മുംബൈ ഇന്ത്യൻസും മൂന്ന് ഐപിഎൽ കിരീടങ്ങളുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സും നേര്‍ക്കുനേര്‍ വരുമ്പോൾ വാങ്കഡെയലിന്ന് പോരാട്ടം തീപാറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ദൈവത്തിന്‍റെ പോരാളികളെന്ന വിളിപ്പേരുള്ള മുംബൈയ്ക്കിത് അഭിമാന പോരാട്ടത്തിന്‍റെ സീസൺ കൂടിയാണ്. കഴിഞ്ഞ അഞ്ച് വർഷത്തെ തിരിച്ചടികൾ മറക്കാനൊരു കിരീടം വേണം. അതിന് പോന്നൊരു തുടക്കവും.
ഹിറ്റ്മാൻ രോഹിത് ശർമയാണ് മുംബൈയില്‍ ഇന്ന് ശ്രദ്ധാകേന്ദ്രമാകുക. ഫിറ്റായി സെറ്റായി എത്തുന്ന രോഹിത് കളം നിറഞ്ഞ് കളിക്കുമെന്ന് ആരാധക പ്രതീക്ഷ. രോഹിതിനൊപ്പം ഓപ്പണിങ്ങിൽ ക്വിന്‍റൺ ഡി കോക്കുണ്ട്. പിന്നാലെ സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, നമൻ ധീർ എന്നിവരും. വമ്പൻ സ്കോർ നേടാനുള്ള എല്ലാ സെറ്റപ്പും മുംബൈയുടെ കയ്യിലുണ്ട്.
പോയ വർഷം എട്ടാമതായി പോയതിന്‍റെ നിരാശ തീർക്കണം കൊൽക്കത്തയ്ക്ക് ഇത്തവണ. ഫിൻ അലനും ടിം സൈഫർട്ടുമടക്കമുള്ള ബാറ്റിങ് നിര. 25 കോടി മുടക്കിയ കാമറൺ ഗ്രീനിൽ നിന്ന് ടീം പ്രതീക്ഷിക്കുന്നത് മാച്ച് വിന്നിങ് പ്രകടനങ്ങൾ. യുവ താരം. അംഗ്രിഷ് രഘുവംശിയുടെ ബാറ്റിലേക്ക് ആവേശത്തോടെ നോക്കുന്നുണ്ട് ആരാധകർ. പരിശീലന മത്സരത്തിൽ സെഞ്ച്വറി നേടിയ താരം തകര്‍ത്തടിക്കുമെന്നാണ് പ്രതീക്ഷ.
പേസ് കരുത്തില്‍ മുംബൈയാണ് ഒരുപടി മുന്നിൽ. ബുംറയും ബോൾട്ടുമടങ്ങുന്ന ഡബിൾ എഞ്ചിൻ പവർ. കൂട്ടിന് ദീപക് ചഹറും ഷാർദുൽ ഠാക്കൂറും പാണ്ഡ്യയും. കൊല്‍ക്കത്തയുടെ പേസ് ബോളിങ് ഡിപ്പാർട്ട്മെന്‍റ് ആകെ പരിക്കിന്‍റെ പിടിയിലാണ്. ഹർഷിതും ആകാശ്ദീപും പരിക്കേറ്റ് പുറത്തായി. ലങ്കൻ പേസർ മതീഷ പതിരാന എത്താൻ വൈകും. തൽക്കാലം കാര്‍ത്തിക് ത്യാഗിയേയും വൈഭവ് അറോറയേയും വിശ്വസിക്കാനെ വഴിയുള്ളു. പക്ഷേ, സ്പിൻ ഡിപ്പാർട്മെന്‍റിൽ കൊല്‍ക്കത്തക്കാണ് മേൽക്കൈ. സുനിൽ നരെയ്നേയും വരുൺ ചക്രവർത്തിയേയും കരുതിക്കളിച്ചാലെ മുംബൈയ്ക്ക് രക്ഷയുള്ളൂ
ക്യാപ്റ്റൻസി ടാസ്കിലും ഇരു ടീമുകളും ബലാബലം. രോഹിതിനേയും സൂര്യയേയുമടക്കം നിയന്ത്രിക്കുന്ന ക്യാപ്റ്റൻ ഹാർദികിന് ഈ സീസൺ നിർണായകം. തിരിച്ചുവരവിൽ കിരീടം നേടാനുള്ള ലാസ്റ്റ് ചാൻസെന്ന് വിളിച്ചാലും തെറ്റില്ല. കെകെആറിൽ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ശരിക്കും ടീമിന് ആശങ്കയാണ്. ടി20 സ്റ്റൈലിൽ രഹാനെ മിന്നിച്ചില്ലെങ്കിൽ തലവേദനയാകും. രഹാനയ്ക്ക് ബാക്കപ്പായാകും വൈസ് ക്യാപ്റ്റനായി റിങ്കു സിങ്ങിനെ എത്തിച്ചത്. ഐപിഎല്ലിൽ 35 തവണ ഏറ്റുമുട്ടിയപ്പോൾ 24 തവണയും ജയിച്ചത് മുംബൈ. കൊല്‍ക്കത്ത ജയിച്ചത് 11 തവണ മാത്രം. പക്ഷേ, അവസാന പത്ത് മത്സരത്തിൽ ഇരു ടീമുകളും അഞ്ച് വീതം ജയം നേടി ഒപ്പത്തിനൊപ്പമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!