നായകൻ ഡാ! പരുക്ക് വകവെക്കാതെ കളത്തിലെത്തി; തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റി ശ്രേയസ് അയ്യര്‍

Published : May 18, 2025, 08:14 PM IST
നായകൻ ഡാ! പരുക്ക് വകവെക്കാതെ കളത്തിലെത്തി; തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റി ശ്രേയസ് അയ്യര്‍

Synopsis

സാധാരണയായി മൂന്നാം നമ്പറില്‍ ക്രീസിലെത്തുന്ന ശ്രേയസ് പരുക്ക് മൂലം ബാറ്റിങ് ഓര്‍ഡറില്‍ പിന്നിലായാണ് ഇറങ്ങിയത്

പരുക്ക് പറ്റിയിട്ടും പഞ്ചാബ് കിംഗ്‌സിനായി ബാറ്റ് ചെയ്യാനിറങ്ങി തകര്‍ച്ചയില്‍ രക്ഷകനായി നായകൻ ശ്രേയസ് അയ്യ‍ര്‍. പഞ്ചാബിന്റെ ഇന്നിങ്സിന് ശേഷമായിരുന്നു ശ്രേയസിന് പരുക്കുണ്ടായിരുന്ന വിവരം പുറത്തറഞ്ഞത്. രാജസ്ഥാൻ ബാറ്റ് ചെയ്യാനിറങ്ങിയപ്പോള്‍ അപ്രതീക്ഷിതമായി ശ്രേയസിനെ ടീം സബ്ബ് ചെയ്യുകയും പകരം ഹര്‍പ്രീത് ബ്രാറിനെ പകരക്കാരനായി ഇറക്കുകയും ചെയ്തു. തുടര്‍ന്ന് കമന്ററി ടീം ശ്രേയസിന് ചെറിയ പരുക്കേറ്റ കാര്യം വ്യക്തമാക്കി. പകരം ശശാങ്ക് സിങ്ങായിരുന്നു പഞ്ചാബിനെ നയിച്ചത്.

സാധാരണയായി മൂന്നാം നമ്പറില്‍ ക്രീസിലെത്തുന്ന ശ്രേയസ് പരുക്ക് മൂലം ബാറ്റിങ് ഓര്‍ഡറില്‍ പിന്നിലായാണ് ഇറങ്ങിയത്. 3.1 ഓവറില്‍ തന്നെ 34-3 എന്ന സ്കോറിലേക്ക് പഞ്ചാബ് വീണതോടെയായിരുന്നു ശ്രേയസ് കളത്തിലെത്തിയത്. ബാറ്റിംഗ് തകര്‍ച്ചയിലേക്ക് പഞ്ചാബ് നീങ്ങുന്നുവെന്ന് കരുതിയെങ്കിലും നേഹല്‍ വധേരയെ കൂട്ടുപിടിച്ച ശ്രേയസ് പഞ്ചാബിനെ കരകയറ്റുകയായിരുന്നു. നാലാം വിക്കറ്റില്‍ 67 റണ്‍സാണ് സഖ്യം ചേര്‍ത്തത്.

25 പന്തില്‍ 30 റണ്‍സുമായി വധേരയ്ക്ക് മികച്ച പിന്തുണയാണ് ശ്രേയസ് നല്‍കിയത്. 19-ാം പന്തില്‍ ക്രീസിലെത്തിയ ശ്രേയസ് പുറത്തായത് 11-ാം ഓവറിലാണ്. റിയാൻ പരാഗിന്റെ പന്തില്‍ യശസ്വി ജയ്സ്വാളിന് ക്യാച്ച് നല്‍കിയായിരുന്നു മടക്കം.

ശ്രേയസ് മടങ്ങിയതോടെ ശശാങ് സിങ് ക്രീസിലെത്തുകയും പഞ്ചാബ് ടോപ് ഗിയറിലേക്ക് മാറുകയായിരുന്നു. വധേരയും ശശാങ്കും അനായാസം റണ്‍സ് കണ്ടെത്തിയതോടെ കൂറ്റൻ സ്കോറിലേക്ക് പഞ്ചാബ് കുതിച്ചു. 37 പന്തില്‍ 70 റണ്‍സായിരുന്നു വധേര നേടിയത്.  അഞ്ച് വീതം ഫോറും സിക്സുമായിരുന്നു വധേരയുടെ സമ്പാദ്യം. സീസണിലെ താരത്തിന്റെ രണ്ടാം അര്‍ദ്ധ സെഞ്ച്വറിയാണിത്.

30 പന്തില്‍ 59 റണ്‍സെടുത്താണ് ശശാങ്ക് പുറത്താകാതെ നിന്നത്. അഞ്ച് ഫോറും മൂന്ന് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. ഇതോടെ 219 എന്ന ശക്തമായ സ്കോറിലേക്ക് പഞ്ചാബ് എത്തുകയും ചെയ്തു. മറുപടി ബാറ്റിങ്ങില്‍ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവൻശിയും ദ്രുവ് ജൂറലും പൊരുതിയെങ്കിലും രാജസ്ഥാന് വിജയിക്കാനായില്ല. സീസണിലെ രാജസ്ഥാന്റെ പത്താം തോല്‍വിയാണിത്. ജയത്തോടെ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനും പഞ്ചാബിനായി.
 

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല