ധോണിക്കോ രോഹിത്തിനോ പോലും ഇല്ലാത്ത നേട്ടം, ക്യാപ്റ്റൻസിയില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് ശ്രേയസ് അയ്യര്‍

Published : May 27, 2025, 09:29 AM IST
ധോണിക്കോ രോഹിത്തിനോ പോലും ഇല്ലാത്ത നേട്ടം, ക്യാപ്റ്റൻസിയില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് ശ്രേയസ് അയ്യര്‍

Synopsis

2008ലെ ആദ്യ സീസണിലും 2014ലും മാത്രമാണ് ഇതിന് മുമ്പ് പഞ്ചാബ് ക്വാളിഫയറിലെത്തിയത്. ഇത്തവണ പഞ്ചാബിനെ കിരീടത്തിലേക്ക് നയിച്ചാല്‍ രണ്ട് വ്യത്യസ്ത ടീമുകളെ ഐപിഎല്‍ കിരീടത്തിലേക്ക് നയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡും ശ്രേയസിന് സ്വന്തമാവും.

ജയ്പൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ 11 വര്‍ഷത്തിനുശേഷം ക്വാളിഫയറിലെത്തിച്ചതോടെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ സ്വന്തമാക്കിയത് അപൂര്‍വനേട്ടം. ഐപിഎല്‍ ചരിത്രത്തില്‍ മൂന്ന് വ്യത്യസ്ത ടീമുകളെ ആദ്യ ക്വാളിഫയറിലെത്തിക്കുന്ന ഒരേയൊരു ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് ഇന്നലെ ശ്രേയസ് അയ്യര്‍ സ്വന്തമാക്കിയത്. ക്യാപ്റ്റനായിരിക്കെ മുമ്പ് ഡല്‍ഹി ക്യാപിറ്റല്‍സിനെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയുമാണ് ശ്രേയസ് ആദ്യ ക്വാളിഫയറിലെത്തിച്ചിരുന്നു.

2018ല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനായ ശ്രേയസ് 2020ലാണ് ടീമിനെ രണ്ടാം സ്ഥാനത്തെത്തിച്ച് ആദ്യ ക്വാളിഫയറിന് യോഗ്യത നേടിക്കൊടുത്തത്. ആ വര്‍ഷം രണ്ടാം ക്വാളിഫയറില്‍ ജയിച്ച് ടീമിനെ ഫൈനലിലെത്തിച്ചെങ്കിലും മുംബൈക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഒന്നാം സ്ഥാനത്തെത്തിച്ചാണ് ശ്രേയസ് ടീമിനെ ആദ്യ ക്വാളിഫയറിലത്തിച്ചത്. ക്വാളിഫയര്‍ ജയിച്ച് ഫൈനലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്തക്ക് മൂന്നാം കിരീടം സമ്മാനിക്കുകയും ചെയ്തു. 18 വര്‍ഷത്തെ ഐപിഎല് ചരിത്രത്തില്‍ ഇത് മൂന്നാം തവണ മാത്രമാണ് പഞ്ചാബ് ഐപിഎല്ലില്‍ ക്വാളിഫയറിന് യോഗ്യത നേടുന്നത്.

2008ലെ ആദ്യ സീസണിലും 2014ലും മാത്രമാണ് ഇതിന് മുമ്പ് പഞ്ചാബ് ക്വാളിഫയറിലെത്തിയത്. ഇത്തവണ പഞ്ചാബിനെ കിരീടത്തിലേക്ക് നയിച്ചാല്‍ രണ്ട് വ്യത്യസ്ത ടീമുകളെ ഐപിഎല്‍ കിരീടത്തിലേക്ക് നയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡും ശ്രേയസിന് സ്വന്തമാവും. ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടാത്ത ടീമുകളിലൊന്നാണ് പഞ്ചാബ്. കഴിഞ്ഞ സീസണില്‍ കിരീടം സമ്മാനിച്ചിട്ടും ശ്രേയസിനെ നിലനിര്‍ത്താന്‍ കൊല്‍ക്കത്ത ടീം മാനേജ്മെന്‍റ് തയാറായിരുന്നില്ല. ലേലത്തില്‍ ശ്രേയസിനായി ടീമുകള്‍ വാശിയോടെ രംഗത്തെത്തിയപ്പോള്‍ 10 കോടി കടന്നതോടെ കൊല്‍ക്കത്ത ശ്രേയസിനെ കൈവിടുകയും ചെയ്തിരുന്നു. ഒടുവില്‍ 26.75 കോടി രൂപക്കാണ് പഞ്ചാബ് ശ്രേയസിനെ ടീമിലെത്തിച്ചത്.

ഐപിഎല്ലില്‍ ഒരു ടീമിനെ ഏറ്റവും കൂടുതല്‍ തവണ ആദ്യ ക്വാളിഫയറിലെത്തിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഇപ്പോഴും പക്ഷെ എം എസ് ധോണിക്കാണ്. ഏഴ് തവണയാണ് ധോണിക്ക് കീഴില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്വാളിഫയറിന് യോഗ്യത നേടിയത്. അഞ്ച് തവണ മുംബൈയെ ആദ്യ ക്വാളിഫയറിലെത്തിച്ച രോഹിത് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. മൂന്ന് വ്യത്യസ്ത ടീമുകളെ ആദ്യ ക്വാളിഫയറിലെത്തിച്ച ശ്രേയസ് മൂന്നാം സ്ഥാനത്താണ്.

PREV
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍
ഏകദിന റാങ്കിംഗ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി രോഹിത് ശര്‍മ, വിരാട് കോലി തൊട്ടുപിന്നില്‍, രാഹുലിനും നേട്ടം