
ഇന്‍ഡോര്‍: ബൗളര്‍മാരുടെ കൃത്യതയും ആത്മവിശ്വാസവുമാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ വിജയത്തിന് കാരണമായതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. ഇന്‍ഡോറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ 14 റണ്‍സിന്റെ വിജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു ശ്രേയസ്. ബൗളര്‍മാരുടെ പ്രകടനത്തെയും ആത്മവിശ്വാസത്തെയും പ്രശംസിക്കുകയാണ് ശ്രേയസ്. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി.
തങ്ങള്‍ എന്താണ് ഗ്രൗണ്ടില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചതെന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ബൗളര്‍മാര്‍ക്കുണ്ടായിരുന്നുവെന്ന് മത്സരശേഷം ശ്രേയസ് പറഞ്ഞു. 'ഓരോ ബൗളര്‍ക്കും പന്ത് നല്‍കുമ്പോഴും അവര്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ പൂര്‍ണ സജ്ജരായിരുന്നു. അത് കാണുന്നത് തികച്ചും സന്തോഷകരമാണ്. വെസ്റ്റ് ഇന്‍ഡീസിനെ നമ്മള്‍ ഒരിക്കലും നിസാരമായി കാണരുത്. ഇത്തരത്തിലുള്ള ഉയര്‍ന്ന സ്‌കോറുകള്‍ പിറക്കുന്ന ഗ്രൗണ്ടുകളില്‍ നമ്മുടെ പ്ലാനുകളില്‍ ഉറച്ചുനില്‍ക്കുകയും ആക്രമണ ശൈലി തുടരുകയുമാണ് പ്രധാനം.' ശ്രേയസ് വ്യക്തമാക്കി.
30 പന്തില്‍ 69 റണ്‍സ് നേടിയ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയെയും 18 പന്തില്‍ 37 റണ്‍സ് അടിച്ചുകൂട്ടിയ ഇഷാന്‍ കിഷനെയും ഇന്നിംഗ്‌സിന്റെ അവസാനത്തില്‍ നിര്‍ണ്ണായക റണ്‍സ് സംഭാവന ചെയ്ത പ്രിന്‍സ് യാദവിനെയും ക്യാപ്റ്റന്‍ പ്രത്യേകം അഭിനന്ദിച്ചു.
അതേസമയം, ടോസ് നേടി പന്തയക്കാന്‍ തീരുമാനിച്ചതിന് ശേഷം ബൗളിംഗില്‍ കൂടുതല്‍ കൃത്യത കാണിക്കാമായിരുന്നുവെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ഷായ് ഹോപ്പ് അഭിപ്രായപ്പെട്ടു. 'ചെറിയ വ്യത്യാസങ്ങളിലാണ് ക്രിക്കറ്റ് മത്സരങ്ങളുടെ ഫലം തീരുമാനിക്കപ്പെടുന്നത്. ചില ബൗണ്ടറികള്‍ വിട്ടുകൊടുത്തത് തിരിച്ചടിയായി. എന്നാല്‍ മത്സരത്തിലേക്ക് തിരിച്ചുവന്ന രീതി അഭിനന്ദനാര്‍ഹമാണ്. റോസ്റ്റണ്‍ ചേസിലൂടെ ചില നിര്‍ണ്ണായക വിക്കറ്റുകള്‍ നേടി കളിയിലേക്ക് തിരിച്ചെത്താന്‍ സാധിച്ചു. തുടക്കത്തില്‍ നല്ലൊരു ഓപ്പണിംഗ് കൂട്ടുകെട്ട് കണ്ടെത്തേണ്ടത് ഞങ്ങള്‍ക്ക് അത്യാവശ്യമാണ്.' ഹോപ്പ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!