
വഡോദര: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ഇന്ത്യൻ ഏകദിന ടീം നായകനായ ശുഭ്മാന്‍ ഗില്‍. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ടി20 ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഗില്‍ ആദ്യമായി പ്രതികരിച്ചത്.
സെലക്ടര്‍മാരുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും ടി20 ലോകകപ്പില്‍ ഇന്ത്യൻ ടീമിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ഗില്‍ പറഞ്ഞു. ഒന്നാമതായി, എന്‍റെ ജീവിതത്തിൽ, ഞാൻ എവിടെ ആയിരിക്കണമോ അവിടെ തന്നെയാണ് എത്തിയിരിക്കുന്നത് എന്നാണ് എന്‍റെ വിശ്വാസം. എന്‍റെ വിധി എന്താണോ അത് മാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്നും ഗില്‍ പറഞ്ഞു. ലോകകപ്പില്‍ കളിച്ചിരുന്നെങ്കില്‍ ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്താനും ടീമിനെയും രാജ്യത്തെയും ജയിപ്പിക്കാനും കഴിയുമെന്ന് തന്നെയാണ് ഏതൊരു കളിക്കാരനെയുംപോലെ ഞാനും വിശ്വസിക്കുന്നത്. പക്ഷെ അത് പറയുമ്പോഴും സെലക്ടര്‍മാരുടെ തീരുമാനത്തെ ഞാന്‍ അംഗീകരിക്കുന്നു. ലോകകപ്പില്‍ ഇന്ത്യൻ ടീമിന് എല്ലാവിധ ആശംസകളും നേരുന്നു. ഇന്ത്യ ലോകകപ്പ് നേടുമെന്ന് തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു-ഗില്‍ പറഞ്ഞു.
വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഏറ്റവും എളുപ്പമുള്ള ഫോര്‍മാറ്റായ ഏകദിന ഫോര്‍മാറ്റ് തെരഞ്ഞെടുത്തതിനെ വിമര്‍ശിച്ച മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ക്കും ഗില്‍ മറുപടി നല്‍കി. ക്രിക്കറ്റില്‍ ഒരു ഫോര്‍മാറ്റും എളുപ്പമല്ലെന്നും ഏകദിന ക്രിക്കറ്റ് എളുപ്പമുള്ള ഫോര്‍മാറ്റായിരുന്നെങ്കില്‍ 2011നുശേഷം ഇന്ത്യ നിരവധി ഐസിസി കിരീടങ്ങള്‍ നേടുമായിരുന്നുവെന്നും ഗില്‍ പറഞ്ഞു. ഏത് ഫോര്‍മാറ്റില്‍ കളിച്ചാലും കഠിന പരിശീലനവും പരിശ്രമവും ഉണ്ടെങ്കില്‍ മാത്രമെ ഐസിസി കിരീടങ്ങള്‍ നേടാനാവു എന്നും ഗില്‍ പറഞ്ഞു.
ടെസ്റ്റ് പരമ്പരകള്‍ക്ക് മുമ്പ് 15 ദിവസത്തെ പരിശീലന ക്യാംപ് വേണമെന്ന നിര്‍ദേശം താന്‍ ബിസിസിഐക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഗില്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര തോല്‍വി കാരണമല്ല ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചതെന്നും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര 2-0ന് നേടിയിരുന്നെങ്കിലും ഇതേ ആവശ്യം മുന്നോട്ടുവെക്കുമായിരുന്നുവെന്നും ഗില്‍ പറഞ്ഞു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് റെഡ് ബോള്‍ ക്രിക്കറ്റിലേക്കുള്ള മാറ്റം എളുപ്പമാക്കാന്‍ ഇത്തരം പരിശീലന ക്യാംപുകള്‍ കൊണ്ട് കഴിയുമെന്നും ഗില്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!