വിരാട് കോലിയുടെ ഒരു റെക്കോര്‍ഡ് കൂടി മറികടന്ന് ശുഭ്‌മാന്‍ ഗില്‍

By Web TeamFirst Published Nov 4, 2019, 5:39 PM IST
Highlights

ഇന്ത്യ ബിക്കെതിരെ ഫൈനല്‍ പോരാട്ടത്തിന്  ഇറങ്ങിയതോടെ ദേവ്ധര്‍ ട്രോഫി ഫൈനലിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനെന്ന റെക്കോര്‍ഡാണ് ഗില്‍ ഇന്ന് സ്വന്തമാക്കിയത്.

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പിന്‍ഗാമിയായാണ് യുവതാരം ശുഭ്‌മാന്‍ ഗില്‍ അറിയപ്പെടുന്നത്.  കോലിയുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ള കളിക്കാരന്‍. കളിശൈലിയിലും കോലിയുടെ മാതൃക പിന്തുടരുന്ന യുവതാരം ഇപ്പോഴിതാ ആഭ്യന്തര ക്രിക്കറ്റില്‍ കോലിയുടെ പേരില്‍ 10 വര്‍ഷമായി ഉണ്ടായിരുന്ന ഒരു റെക്കോര്‍ഡ് മറികടന്നിരിക്കുന്നു.

ദേവ്‌ധര്‍ ട്രോഫിയില്‍ ഇന്ത്യ സി നായകനായ ഗില്‍ ടീമിനെ ഫൈനലില്‍ എത്തിച്ചിരുന്നു. ഇന്ത്യ ബിക്കെതിരെ ഫൈനല്‍ പോരാട്ടത്തിന്  ഇറങ്ങിയതോടെ ദേവ്ധര്‍ ട്രോഫി ഫൈനലിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനെന്ന റെക്കോര്‍ഡാണ് ഗില്‍ ഇന്ന് സ്വന്തമാക്കിയത്. 2009-2010 സീസണില്‍ നോര്‍ത്ത് സോണിനെ ഫൈനലില്‍ നയിക്കുമ്പോള്‍ കോലിയുടെ പ്രായം 21 വയസും 142 ദിവസവുമായിരുന്നു. ഇന്ന് ഇന്ത്യ സിയെ നയിക്കാനിറങ്ങിപ്പോള്‍ ഗില്ലിന്റെ പ്രായമാകട്ടെ 20 വര്‍ഷവും 57 ദിവസവും മാത്രമാണ്.

കോലിയുടെ റെക്കോര്‍ഡ് മറികടന്നെങ്കിലും ഫൈനലില്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ ഗില്ലിനായില്ല. ബാറ്റിംഗില്‍  ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായി നിരാശപ്പെടുത്തുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ബി 50 ഓവറില്‍ 283/7 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

click me!