
അഹമ്മദാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ റണ്ണൗട്ട് തീരുമാനത്തിന്‍റെ പേരില്‍ അമ്പയറുമായി വാക് പോരിലേര്‍പ്പെട്ട ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്ലിനെ തേടി അച്ചടക്ക നടപടിയുണ്ടാകുമെന്ന് സൂചന. ഇന്നലെ ഗുജറാത്ത് ഇന്നിംഗ്സിന്‍റെ 13-ാം ഓവറിലെ അവസാ പന്തിലാണ് 38 പന്തില്‍ 76 റൺസെടുത്ത ഗിൽ അനാവശ്യ റണ്ണിനായി ഓടി റണ്ണൗട്ടായത്. സീഷാന്‍ അൻസാരിയുടെ പന്ത് ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗിലേക്ക് തട്ടിയിട്ട് ജോസ് ബട്‌ലര്‍ അതിവേഗ സിംഗിളിനായി ഓടുകയായിരുന്നു. നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ശുഭ്മാന്‍ ഗില്‍ ക്രീസിലെത്തും മുമ്പെ ഹര്‍ഷല്‍ പട്ടേലിന്‍റെ ത്രോ സ്ട്രൈക്കിംഗ് എന്‍ഡിലെ സ്റ്റംപിളക്കി.
എന്നാല്‍ ഫീല്‍ഡറുടെ ത്രോ കളക്ട് ചെയ്യുമ്പോള്‍ ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ഹെന്‍റിച്ച് ക്ലാസന്‍റെ ഗ്ലൗസാണോ അതോ പന്താണോ സ്റ്റംപില്‍ തട്ടിയത് എന്ന കാര്യത്തില്‍ ഉറപ്പില്ലായിരുന്നു. ടെലിവിഷൻ റീപ്ലേകളും തേര്‍ഡ് അമ്പയറെ ആശയക്കുഴപ്പത്തിലാക്കി. ഒടുവിൽ തേര്‍ഡ് അമ്പയർ ശുഭ്മൻ ഗിൽ ഔട്ടാണെന്ന് വിധിച്ചു. നിരാശയോടെ ഡഗ്ഔട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് മാച്ച് ഒഫീഷ്യൽസുമായി ഗിൽ രൂക്ഷമായ തർക്കത്തിലേർപ്പെട്ടത്. പിന്നീട് അഭിഷേക് ശർമക്കെതിരെ എല്‍ബിഡബ്ല്യു അപ്പീല്‍ നിഷേധിച്ചതിനെതിരെയും ഫീല്‍ഡ് അമ്പയര്‍മാരുമായി ഗില്‍ കൊമ്പു കോര്‍ത്തു.
ഐപിഎല്‍ പെരുമാറ്റച്ചട്ടം അനുസരിച്ച് ഒരു മത്സര വിലക്കോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ് ഗില്‍ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്‍ പെരുമാറ്റച്ചട്ടം ആര്‍ട്ടിക്കിള്‍ 2.8 പ്രകാരം അമ്പയറുടെ തീരുമാനത്തിൽ നിരാശയോടെ പ്രതികരിക്കുക, കളി പുനരാരംഭിക്കുന്നതിനോ ക്രീസ് വിടുന്നതിനോ കാലതാമസം വരുത്തുക, അസംതൃപ്തനായി തല കുലുക്കുക, എൽബിഡബ്ല്യു നൽകുമ്പോൾ അകത്തെ അരികിലേക്ക് ചൂണ്ടുകയോ നോക്കുകയോ ചെയ്യുക, വിക്കറ്റ് കീപ്പര്‍ ക്യാച്ചെടുക്കുമ്പോള്‍ പാഡിലേക്ക് ചൂണ്ടുകയോ തോളിൽ തടവുകയോ ചെയ്യുക, അമ്പയറിൽ നിന്ന് തൊപ്പി തട്ടിപ്പറിച്ച് മേടിക്കുക, ടിവി അമ്പയറോട് റഫറൽ അഭ്യർത്ഥിക്കുക (മത്സരത്തിൽ അനുവദനീയമായ റഫറലിനായി നിയമാനുസൃതമായ അഭ്യർത്ഥനയുടെ സന്ദർഭത്തിലല്ലാതെ),അമ്പയറുടെ തീരുമാനത്തെക്കുറിച്ച് വാദിക്കുകയോ ദീർഘനേരം ചർച്ചയിൽ ഏർപ്പെടുകയോ ചെയ്യുക തുടങ്ങിയ ഏതെങ്കിലും കുറ്റം ചെയ്താല്‍ അച്ചടക്ക നടപടി നേരിടേണ്ടിവരും.
ഗില്ലിന്‍റെ കാര്യത്തില്‍ ആദ്യത്തെയും അവസാനത്തെയും കുറ്റങ്ങള്‍ ചെയ്തുവെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ലെവല്‍ -1 കുറ്റമാണെങ്കില്‍ താക്കീതും മാച്ച് ഫീയുടെ 25 ശതമാനമോ മുകളിലോ പിഴയോ ലെവല്‍-2 കുറ്റമാണെങ്കില്‍ മാച്ച് ഫീയുടെ 50 മുതല്‍100 ശതമാനം വരെ പിഴയും ഒരു മത്സര വിലക്കും നേരിടേണ്ടിവരാം. മാച്ച് റഫറിയുടെ തീരുമാനമനുസരിച്ചാകും ഗില്ലിനെതിരായ നടപടി തീരുമാനിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!