
അഹമ്മദാബാദ്: രാജസ്ഥാന്‍ റോയല്‍സിന്റെ കൗമാരതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. സൂര്യവംശിയെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍ എന്ന് വിശേഷിപ്പിച്ചാണ് ഗില്‍ പ്രശംസിച്ചത്. രാജസ്ഥാനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ 2026 ഫൈനലിലേക്ക് യോഗ്യത നേടിയെങ്കിലും, വെറും 47 പന്തില്‍ 96 റണ്‍സ് അടിച്ചുകൂട്ടിയ സൂര്യവംശിയുടെ പോരാട്ടവീര്യമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം.
ഫൈനലിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഈ യുവതാരത്തിന്റെ ഭയമില്ലാത്ത സമീപനത്തെയും സാങ്കേതിക തികവിനെയും ഗില്‍ അഭിനന്ദിച്ചു. ''അവനെ സംബന്ധിച്ച് ഇത് തികച്ചും അവിശ്വസനീയമായ ഒരു സീസണാണ്. ഇതുപോലെ ആരും ബാറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. ഈ നിമിഷത്തില്‍ അവന്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ്. വലിയ ഷോട്ടുകള്‍ കളിക്കുന്നത് മാത്രമല്ല, അവന്റെ ബാറ്റിംഗ് ശൈലിയും കൈകളുടെ വേഗതയും അതിശയകരമാണ്. ഏത് മികച്ച ബോളിംഗ് നിരയ്‌ക്കെതിരെയും അവന്‍ ഒരേ രീതിയിലാണ് കളിക്കുന്നത്.'' ഗില്‍ പറഞ്ഞു.
ഗില്‍ തുടര്‍ന്നു... ''തുടക്കത്തില്‍ മികച്ച തുടക്കം ലഭിച്ചില്ലെങ്കിലും കളിയിലേക്ക് ശക്തമായി തിരിച്ചുവരികയും ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്ത രീതി അവന്റെ മാനസികാവസ്ഥയെ കാണിക്കുന്നു. വരും വര്‍ഷങ്ങളില്‍ അവനെതിരെ കളിക്കുന്ന ടീമുകള്‍ക്ക് അത് കഠിനമായിരിക്കും.'' ഗില്‍ പറഞ്ഞു. ശക്തമായ ഗുജറാത്ത് ബോളിംഗ് നിരയ്‌ക്കെതിരെ രാജസ്ഥാനെ മത്സരത്തില്‍ നിലനിര്‍ത്തിയത് സൂര്യവംശിയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സ് ആയിരുന്നു. ഗുജറാത്തിന്റെ അതിവേഗ ബോളര്‍ കാഗിസോ റബാഡയുടെ മൂര്‍ച്ചയേറിയ ബൗണ്‍സര്‍ തലയിലടിച്ചിട്ടും തളരാതെ, മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ കരുത്തോടെ പന്തുകളെ നേരിട്ട സൂര്യവംശിയുടെ പക്വത ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഈ ഇന്നിംഗ്‌സിനിടെ നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 1,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന ആന്ദ്രേ റസലിന്റെ റെക്കോര്‍ഡും സൂര്യവംശി തകര്‍ത്തു. കൂടാതെ ഇന്നിംഗ്‌സുകളുടെ (23 ഇന്നിംഗ്‌സ്) അടിസ്ഥാനത്തില്‍ ഷോണ്‍ മാര്‍ഷിന് (21) പിന്നില്‍ ഏറ്റവും വേഗത്തില്‍ 1000 ക്ലബിലെത്തുന്ന രണ്ടാമത്തെ താരവുമായി മാറാന്‍ ഈ കൗമാരക്കാരന് കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!