
ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ നാളെ ന്യൂസിലന്‍ഡിനെ നേരിടാനൊരുങ്ങുകയാണ് ഇന്ത്യ. വര്‍ഷങ്ങളായി ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യ ഒരു ട്രോഫി കൊതിക്കുന്നുണ്ട്. 2013ല്‍ ചാംപ്യന്‍സ് ട്രോഫി നേടിയ ശേഷം ഇന്ത്യക്ക് ഏകദിനത്തില്‍ ഒരു ഐസിസി കിരീടം കിട്ടിയിട്ടില്ല. കിരീട വരള്‍ച്ചയ്ക്ക് അറുതിയിടാന്‍ കൂടിയാണ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുന്നത്. അതേസമയം, തന്റെ രണ്ടാമത്തെ ഐസിസി ടൂര്‍ണമെന്റ് ഫൈനല്‍ കളിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ശുഭ്മാന്‍ ഗില്‍.
2023ല്‍ അഹമ്മദാബാദില്‍ നടന്ന ഐസിസി ഏകദിന ലോകകപ്പ് ഫൈനലില്‍, ഗില്‍ വലിയ സ്‌കോര്‍ നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു. നാല് റണ്‍സിന് പുറത്തായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് പരാജയപ്പെട്ടതോടെ മൂന്നാം ടൂര്‍ണമെന്റ് കിരീടം നഷ്ടമായി. എന്തായാലും അവിടെ നിന്നെല്ലാം ഗില്‍ ഒരുപാട് മുന്നോട്ടുവന്നു കഴിഞ്ഞു. ഏകദിന ബാറ്റ്സ്മാന്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഗില്‍സമ്മര്‍ദ്ദം നന്നായി കൈകാര്യം ചെയ്യാനും ക്രീസില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും മാനസികമായി തയ്യാറാണ്.
ഫൈനലിന് മുമ്പ് ഗില്‍ പറയുന്നതിങ്ങനെ... ''ലോകകപ്പ് ഫൈനലില്‍ എനിക്ക് ചില അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. അത് എന്റെ ആദ്യത്തെ ഐസിസി ഫൈനലായിരുന്നു. ആ കളിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല, അന്ന് ആവേശമായിരുന്നു.ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍, വിചാരിക്കുന്നതിലും അല്‍പ്പം കൂടുതല്‍ സമയം ചെലഴിക്കേണ്ടി വരും. അന്ന് ഞങ്ങള്‍ ലോകകപ്പ് ഫൈനല്‍ തോറ്റു. തുടര്‍ന്ന് 2024-ല്‍ ടി20 ലോകകപ്പില്‍ വിജയിച്ചു. അതിനാല്‍ ഈ ഫൈനല്‍ ആവേശകരമായ ഒരു മത്സരമായിരിക്കും. ഇത് ഞങ്ങള്‍ക്ക് വളരെ വലിയ അവസരമാണ്. ഏതൊരു ഐസിസി ടൂര്‍ണമെന്റിലും ഞങ്ങള്‍ക്ക് വളരെയധികം ഉത്തരവാദിത്തമുണ്ട്.'' ഗില്‍ പറഞ്ഞു.
ഇന്ത്യന്‍ സമയം ഉച്ചക്ക് 2.30നാണ് കലാശപ്പോരാട്ടം തുടങ്ങുക. പരാജയമറിയാതെ എത്തിയ ഇന്ത്യയും ഇന്ത്യയോട് മാത്രം തോറ്റ കിവീസും കലാശപ്പോരില്‍ മാറ്റുരക്കുമ്പോള്‍ ആവേശപ്പോരാട്ടം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.