
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടിയതോടെ ഇതിഹാസങ്ങളെ പിന്നിലാക്കി റെക്കോര്‍ഡിട്ട് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍. ടെസ്റ്റില്‍ ഒരു ഇന്ത്യൻ ക്യാപ്റ്റന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന നേട്ടമാണ് 269 റണ്‍സടിച്ച ഗില്‍ ഇന്ന് ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കിയത്. 2019ല്‍ ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 254 റണ്‍സടിച്ച് റെക്കോര്‍ഡിട്ട വിരാട് കോലിയുടെ റെക്കോര്‍ഡാണ് ഗില്‍ മറികടന്നത്.
ഇന്ന് ഇംഗ്ലണ്ടിനെതിരെ ഡബിള്‍ സെഞ്ചുറി നേടിയതോടെ ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ആറാമത്തെ മാത്രം ഇന്ത്യൻ ക്യാപ്റ്റനും ഈ നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ ക്യാപ്റ്റനുമെന്ന റെക്കോര്‍ഡും ഗില്‍ സ്വന്തം പേരിലാക്കി. വിരാട് കോലി, എം എസ് ധോണി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുനില്‍ ഗവാസ്കര്‍, മന്‍സൂര്‍ അളി ഖാന്‍ പട്ടൗഡി എന്നിവരാണ് ഗില്ലിന് മുമ്പ് ഇന്ത്യൻ ക്യാപ്റ്റനായിരിക്കെ ഡബിള്‍ സെഞ്ചുറി അടിച്ച താരങ്ങള്‍.
സച്ചിനെ മറികടന്ന് ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യൻ ക്യാപ്റ്റനായ ഗില്‍ ടെസ്റ്റില്‍ സച്ചിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായ 248 റണ്‍സ് മറികടക്കുകയും ചെയ്തു. 2004ല്‍ ബംഗ്ലാദേശിനെതിരെ ധാക്കയിലാണ് സച്ചിന്‍ 248 റണ്‍സടിച്ച് ടെസ്റ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് ഇന്ന് നേടിയ 269 റണ്‍സ്. ഗില്‍ നേടിയ 269 റൺസ് ഇംഗ്ലണ്ടില്‍ ഒരു ഇന്ത്യൻ ബാറ്റററുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണ്. വിദേശത്ത് ഒരു ഇന്ത്യൻ ക്യാപ്റ്റന്‍റെ ഉയര്‍ന്ന സ്കോറെന്ന റെക്കോര്‍ഡും വിദേശത്ത് ഡബിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോര്‍ഡും ഗില്‍ ഇന്ന് സ്വന്തമാക്കി.
ഇംഗ്ലണ്ടില്‍ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന സുനില്‍ ഗവാസ്കറുടെ(221) 46 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡും ഗില്‍ ഇന്ന് പഴങ്കഥയാക്കി. ഇംഗ്ലണ്ടില്‍ ഒരു സന്ദര്‍ശക ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ വലിയ വ്യക്തിഗത സ്കോറാണ് ഗില്‍ ഇന്ന് നേടിയത്. ഒന്നാം ഇന്നിംഗ്സില്‍ 587 റണ്‍സടിച്ച ഇന്ത്യ18 വര്‍ഷത്തിനുശേഷമാണ് ഇംഗ്ലണ്ടില്‍ 500 റണ്‍സ് പിന്നിടുന്നത്. ബാസ്ബോൾ യുഗത്തില്‍ ഇംഗ്ലണ്ടിനെതിരെ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലുമാണിത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!