ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കി, ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ റിഷഭ് പന്ത് നയിക്കും

Published : Nov 21, 2025, 10:53 AM IST
Shubman Gill

Synopsis

ഗുവാഹത്തിയില്‍ നിന്ന് ഗില്‍ നേരെ മുംബൈയിലേക്ക് മടങ്ങി. ഇതോടെ നാളെ തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ റിഷഭ് പന്ത് ഇന്ത്യയെ നയിക്കും.

ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമില്‍ നിന്ന് ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കി. നേരത്തെ ആദ്യ ടെസ്റ്റിനുശേഷം ഇന്ത്യൻ ടീമിനൊപ്പം ഗുവാഹത്തിയിലെത്തിയ ഗില്‍ ഇന്ന് കായികക്ഷമതാ പരിശോധനക്ക് വിധേയനാവുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനുശേഷമെ ഗില്‍ നാളെ കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്നായിരുന്നു സൂചന. എന്നാല്‍ കഴുത്തുവേദനയെ തുടര്‍ന്ന് വിശ്രമത്തിലുള്ള ഗില്ലിന് ഡോക്ടര്‍മാര്‍ 10 ദിവസം കൂടി വിശ്രമം നിര്‍ദേശിച്ചതിനാല്‍ ക്യാപ്റ്റനെ ടീമില്‍ നിന്ന് റിലീസ് ചെയ്യുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഗുവാഹത്തിയില്‍ നിന്ന് ഗില്‍ നേരെ മുംബൈയിലേക്ക് മടങ്ങി. ഇതോടെ നാളെ തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ റിഷഭ് പന്ത് ഇന്ത്യയെ നയിക്കും. ഗില്ലിന്‍റെ പകരക്കാരനായി ആരെയും സെലക്ടര്‍മാര്‍ ടീമിലെടുത്തിട്ടില്ല. രണ്ടാം ടെസ്റ്റില്‍ കളിക്കാന്‍ ഗില്‍ അതിയായി ആഗ്രഹിച്ചിരുന്നുവെന്നും അതിനാലാണ് പരിക്കുണ്ടായിട്ടും ആദ്യ ടെസ്റ്റിനുശേഷം കൊല്‍ക്കത്തയില്‍ നിന്ന് ടീമിനൊപ്പം ഗുവാഹത്തിയിലേക്ക് പോയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്നലെ ഒരു മണിക്കൂര്‍ നേരം ബാറ്റിംഗ് പരിശീലനം നടത്താന്‍ ഗില്ലിന് പ്ലാനുണ്ടായിരുന്നെങ്കിലും കഴുത്തിന് വേദന കണക്കിലെടുത്ത് പരിശീലനത്തിനിറങ്ങിയില്ല.

രണ്ടാം ടെസ്റ്റില്‍ കളിച്ചാലും കഴുത്തുവേദന വീണ്ടും വരാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് ഗില്ലിനെ ടീമില്‍ നിന്ന് റിലീസ് ചെയ്തത്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയതിന് പിന്നാലെയാണ് ഗില്ലിന് കഴുത്തുവേദന മൂലം ബാറ്റിംഗ് നിര്‍ത്തി കയറിപോവേണ്ടിവന്നത്. പിന്നീട് സ്കാനിംഗ് അടക്കമുള്ള പരിശോധനകള്‍ക്ക് വിധേയനായ ഗില്ലിന് വീണ്ടും ബാറ്റിംഗിനിറങ്ങായില്ല. രണ്ടാം ഇന്നിംഗ്സില്‍ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് ഓള്‍ ഔട്ടായി 30 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയപ്പോള്‍ ഗില്ലിന്‍റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയായിരുന്നു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര
മുഷ്താഖ് അലി ട്രോഫി റണ്‍വേട്ടയില്‍ ആദ്യ പത്തിലേക്ക് കുതിച്ചെത്തി സഞ്ജു സാംസൺ, ഒന്നാമൻ ചെന്നൈയുടെ യുവ ഓപ്പണര്‍