
ലണ്ടന്‍: ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന ഇന്ത്യന്‍ റെക്കോഡ് മറികടക്കാനാവാതെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 11 റണ്‍സിന് പുറത്തായ ഗില്‍ പരമ്പരയില്‍ ഒന്നാകെ 754 റണ്‍സാണ് നേടിയത്. നിലവില്‍ രണ്ടാം സ്ഥാനത്താണ് ഗില്‍. 1971ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 774 റണ്‍സ് നേടിയ സുനില്‍ ഗവാസ്‌ക്കറാണ് ഒന്നാമന്‍. 20 റണ്‍സിന്റെ വ്യത്യാസത്തിലാണ് ഗില്ലിന് റെക്കോഡ് നഷ്ടമായത്. ഇക്കാര്യത്തില്‍ മൂന്നാമതും ഗവാസ്‌കര്‍ തന്നെയാണ്.
1978-79ല്‍ വിന്‍ഡീസിനെതിരെ തന്നെ 732 റണ്‍സ് ഗവാസ്‌കര്‍ അടിച്ചെടുത്തിരുന്നു. ഇന്ത്യന്‍ ഓപ്പണ്‍ യശസ്വി ജയ്‌സ്വാളാണ് മൂന്നാമത്. 2024ല്‍ ഇംഗ്ലണ്ടിനെതിരെ 712 റണ്‍സാണ് ജയ്‌സ്വാള്‍ അടിച്ചെടുത്തത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അഞ്ചാമത്. 2014-15ല്‍ ഓസ്‌ട്രേലിയക്കെതിരെ കോലി അടിച്ചെടുത്തത് 692 റണ്‍സ്. അതേസമയം, ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും റണ്‍സ് നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന ബഹുമതി ഗില്ലിന് സ്വന്തമായി. സുനില്‍ ഗവാസ്‌കറിന്റെ റെക്കോഡാണ് ഗില്‍ മറികടന്നത്. 1978ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ 732 റണ്‍സ് നേടുമ്പോള്‍ ഗവാസ്‌ക്കറായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍.
അദ്ദേഹത്തെ മറികടക്കാന്‍ ഗില്ലിന് സാധിച്ചു. ലോക ക്രിക്കറ്റെടുത്താല്‍ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനായി ഗില്‍. ഇക്കാര്യത്തില്‍ ഡോണ്‍ ബ്രാഡ്മാനാണ് ഒന്നാമത്. 1936ല്‍ ഇംഗ്ലണ്ടിനെതിരെ 810 റണ്‍സാണ് ബ്രാഡ്മാന്‍ അടിച്ചുകൂട്ടിയത്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഗ്രഹാം ഗൂച്ച് (752), ഡേവിഡ് ഗോവര്‍ (732), ഗാരി സോബേഴ്സ് (722), ബ്രാഡ്മാന്‍ (715), ഗ്രെയിം സ്മിത്ത് (714) എന്നിവര്‍ ഗില്ലിന് പിന്നിലായി.
അതേസമയം, പരമ്പരയില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കിയ രവീന്ദ്ര ജഡേജയെ തേടിയും ചില റെക്കോഡുകളെത്തി. ഇന്ത്യക്ക് വേണ്ടി ഒരു പരമ്പരയില്‍ ആറാം സ്ഥാനത്തോ അതിന് താഴെയോ ബാറ്റ് ചെയ്ത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി ജഡേജ. വിവിഎസ് ലക്ഷ്മണ്‍ (474), രവി ശാസ്ത്രി (374), റിഷഭ് പന്ത് (350) എന്നിവര്‍ ജഡേജയുടെ പിന്നിലായി. ഒരു പരമ്പരയില്‍ 500+ സ്‌കോര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ഓള്‍റൗണ്ടറാണ് ജഡേജ. ലോകത്താകെ എടുത്താല്‍ നാലാമത്തെ താരവും. ഗാരി സോബേഴ്‌സ്, ഇയാന്‍ ബോതം, ജാക്വസ് കാലിസ് എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍.
ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലും മറികടക്കുന്ന പ്രകടനമായിരുന്നു ജഡേജയുടേത്. സച്ചിന് തന്റെ ക്രിക്കറ്റ് കരിയറില്‍ ഒരിക്കല്‍ പോലും ഒരു പരമ്പരയില്‍ 500 കടക്കാന്‍ സാധിച്ചിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!