ശുഭ്‌മാന്‍ ഗില്ലിന് അര്‍ധസെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ ശക്തമായ നിലയില്‍

By Web TeamFirst Published Sep 9, 2019, 8:19 PM IST
Highlights

66 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും ആറ് റണ്‍സുമായി അങ്കിത് ഭാവ്‌നെയുമാണ് ക്രീസില്‍. 30 റണ്‍സെടുത്ത റുതുരാജ് ഗെയ്‌ക്‌വാദും 26 റണ്‍സെടുത്ത റിക്കി ബൂയിയുമാണ് പുറത്തായത്.

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ ക്കെതിരായ ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ഇന്ത്യ എ ശക്തമായ നിലയില്‍. ദക്ഷിണാഫ്രിക്ക എയെ 164 റണ്‍സിന് പുറത്താക്കിയ ഇന്ത്യ എ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെന്ന നിലയിലാണ്.

66 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും ആറ് റണ്‍സുമായി അങ്കിത് ഭാവ്‌നെയുമാണ് ക്രീസില്‍. 30 റണ്‍സെടുത്ത റുതുരാജ് ഗെയ്‌ക്‌വാദും 26 റണ്‍സെടുത്ത റിക്കി ബൂയിയുമാണ് പുറത്തായത്. കേരളത്തിന്റെ രഞ്ജി താരം ജലജ് സക്സേനയും ഇന്ത്യന്‍ ടീമിലുണ്ട്.  നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞൊതുക്കി.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ശര്‍ദ്ദുല്‍ ഠാക്കൂറും കെ ഗൗതമും രണ്ട് വിക്കറ്റെടുത്ത ഷഹബാസ് നദീമുമാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. ഒരു ഘട്ടത്തില്‍ 101/8 ലേക്ക് കൂപ്പുകുത്തിയ ദക്ഷിണാഫ്രിക്കയെ ഒമ്പതാമാനായി എത്തിയ മാര്‍ക്കോ ജാന്‍സന്റെ(45) ഇന്നിംഗ്സാണ് 150 കടത്തിയത്. ഡെയ്ന്‍ പെഡിറ്റ്(33), വിയാന്‍ മള്‍ഡര്‍(21), ലുങ്കി എങ്കിഡി(15) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ പ്രധാന സ്കോറര്‍മാര്‍.

click me!