സെഞ്ചുറിയടിക്കാന്‍ ശുഭ്മാന്‍ ഗില്ലിന് പ്രത്യേക കഴിവ് തന്നെ! ശിഖര്‍ ധവാന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ

By Web TeamFirst Published Jan 24, 2023, 4:23 PM IST
Highlights

ഇതോടെ ഒരു ഇന്ത്യന്‍ റെക്കോര്‍ഡ് ഗില്ലിനെ തേടിയെത്തി. ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സില്‍ നാല് ഏകദിന സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന താരമായിരിക്കുകയാണ് ഗില്‍. 21 ഇന്നിംഗ്‌സുകളിലാണ് ഗില്‍ നാല് സെഞ്ചുറികള്‍ നേടിയത്.

ഇന്‍ഡോര്‍: നാല് ഏകദിനങ്ങള്‍ക്കിടെ മൂന്നാം സെഞ്ചുറിയാണ് ശുഭ്മാന്‍ ഗില്‍ നേടുന്നത്. ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയില്‍ രണ്ടാം സെഞ്ചുറിയും. ഹൈദരാബാദില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഗില്‍ ഇരട്ട സെഞ്ചുറി നേടിയിരുന്നു. 149 പന്തുകള്‍ നേരിട്ട താരം 208 റണ്‍സാണ് നേടിയത്. റായ്പൂരില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ പുറത്താവാതെ 40 റണ്‍സും സ്വന്തമാക്കി. ഇപ്പോള്‍ ഇന്‍ഡോറില്‍ 112 റണ്‍സും. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന അവസാന ഏകദിനത്തില്‍ ഗില്‍ 116 റണ്‍സും നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം സിംബാബ്‌വെയ്‌ക്കെതിരായിരുന്നു ഗില്ലിന്റെ ആദ്യ ഏകദിന സെഞ്ചുറി. 97 പന്തില്‍ 130 റണ്‍സാണ് ഗില്‍ അന്ന് നേടിയത്.

ഇതോടെ ഒരു ഇന്ത്യന്‍ റെക്കോര്‍ഡ് ഗില്ലിനെ തേടിയെത്തി. ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സില്‍ നാല് ഏകദിന സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന താരമായിരിക്കുകയാണ് ഗില്‍. 21 ഇന്നിംഗ്‌സുകളിലാണ് ഗില്‍ നാല് സെഞ്ചുറികള്‍ നേടിയത്. ശിഖര്‍ ധവാനെയാണ് ഗില്‍ മറികടന്നത്. ധവാന് 24 ഇന്നിംഗ്‌സുകള്‍ വേണ്ടിവന്നിരുന്നു. അന്താരാഷ്ട്ര തലത്തില്‍ നാലാം സ്ഥാനത്താണ് ഗില്‍. പാകിസ്ഥാന്‍ താരം ഇമാം ഉള്‍ ഹഖാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍. ഒമ്പതി ഇന്നിംഗ്‌സില്‍ നിന്ന് താരം നാല് സെഞ്ചുറി നേടിയിരുന്നു. 16 ഇന്നിംഗ്‌സില്‍ നാല് സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കാന്‍ താരം ക്വിന്റണ്‍ ഡി കോക്ക് രണ്ടാമത്. മുന്‍ ഇംഗ്ലണ്ട് താരം ഡെന്നിസ് അമിസ് മൂന്നാമതുണ്ട്. 18 ഇന്നിംഗ്‌സില്‍ നിന്നായിരുന്നു നേട്ടം. പിന്നില്‍ ഗില്‍. വെസ്റ്റ് ഇന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്മയേര്‍ അഞ്ചാമതുണ്ട്. 22 ഇന്നിംഗിസില്‍ നിന്നാണ് ഹെറ്റ്മയേര്‍ നാല് സെഞ്ചുറി നേടിയത്. 

നേരത്തെ, മൂന്ന് ഏകദിനങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡും ഗില്‍ സ്വന്തമാക്കിയിരുന്നു. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനൊപ്പം നേട്ടം പങ്കിടുകയാണ് ഗില്‍. ഇരുവര്‍ക്കും 360 റണ്‍സ് വീതമാണുള്ളത്. ഈ റെക്കോര്‍ഡ് പട്ടികയില്‍ ബംഗ്ലാദേശ് താരം ഇമ്രുല്‍ കയേസ് രണ്ടാമതുണ്ട്. 2018ല്‍ സിംബാബ്‌വെക്കെതിരെ  349 റണ്‍സാണ് കയേസ് നേടിയത്. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് മൂന്നാം സ്ഥാനത്തായി. 2013ല്‍ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ 342 റണ്‍സാണ് ഡി കോക്ക് നേടിയത്. 2013ല്‍ ഇംഗ്ലണ്ടിനെതിരെ 330 റണ്‍സ് നേടിയ ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റില്‍ നാലാമതുണ്ട്. 2013ല്‍ നടന്ന പരമ്പരയിലാണ് കിവീസ് ഓപ്പണറുടെ നേട്ടം.

ഇന്‍ഡോറില്‍ ഗില്‍ മിന്നല്‍, ഹിറ്റ്‌മാന്‍ കൊടുങ്കാറ്റ്; പുതിയ റെക്കോര്‍ഡ്

click me!