ഇന്‍ഡോറില്‍ കിവീസ് ബൗളര്‍മാരെ തുടക്കം മുതല്‍ കടന്നാക്രമിച്ചാണ് രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും ടീം ഇന്ത്യക്ക് ഗംഭീര തുടക്കം നല്‍കിയത്

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിന് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്‍ഡോറിനെ ത്രസിപ്പിച്ച വെടിക്കെട്ടുമായി ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും റെക്കോര്‍ഡ് ബുക്കില്‍. ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് എതിരെ ഓപ്പണിംഗ് വിക്കറ്റിലെ എക്കാലത്തെയും ഉയര്‍ന്ന സ്‌കോറാണ് ഇന്ന് ഇരുവരും പടുത്തുയര്‍ത്തിയത്. 2009ല്‍ ഹാമില്‍ട്ടണില്‍ ഇന്ത്യയുടെ തന്നെ വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും ചേര്‍ന്ന് നേടിയ 201 റണ്‍സിന്‍റെ റെക്കോര്‍ഡ് ഇരുവരും തിരുത്തി. ഇന്‍ഡോറില്‍ രോഹിത്-ഗില്‍ സഖ്യം സ്ഥാപിച്ച 212 റണ്‍സാണ് പുതിയ റെക്കോര്‍ഡ്. 

ഇന്‍ഡോറില്‍ കിവീസ് ബൗളര്‍മാരെ തുടക്കം മുതല്‍ കടന്നാക്രമിച്ചാണ് രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും ടീം ഇന്ത്യക്ക് ഗംഭീര തുടക്കം നല്‍കിയത്. ഇരുവരുടേയും കൂട്ടുകെട്ട് 26.1 ഓവര്‍ നീണ്ടുനിന്നപ്പോള്‍ 212 റണ്‍സ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ പിറന്നു. രോഹിത്തും ഗില്ലും സെഞ്ചുറി നേടുകയും ചെയ്തു. ഗില്‍ 72ഉം രോഹിത് 83 പന്തില്‍ സെഞ്ചുറിയിലെത്തി. ഏകദിന ഫോര്‍മാറ്റില്‍ രോഹിത്തിന്‍റെ മുപ്പതാമത്തേയും ഗില്ലിന്‍റെ അവസാന നാല് ഇന്നിംഗ്‌സില്‍ മൂന്നാമത്തെയും സെഞ്ചുറിയാണിത്. ഇതോടെ മുപ്പത് സെഞ്ചുറികളുടെ റിക്കി പോണ്ടിംഗിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തി ഹിറ്റ്‌മാന്‍. 

എന്നാല്‍ സെഞ്ചുറിക്ക് പിന്നാലെ ഇരുവരും പുറത്തായി. 85 പന്തില്‍ 9 ഫോറും 6 സിക്‌സറും സഹിതം 101 റണ്‍സ് നേടിയ ഹിറ്റ്‌മാനെ ബ്രേസ്‌വെല്‍ ബൗള്‍ഡാക്കിയപ്പോള്‍ തൊട്ടടുത്ത ഓവറിലെ അവസാന പന്തില്‍ ഗില്ലിന്‍റെ ബാറ്റിംഗും അവസാനിച്ചു. ടിക്‌നറെ അതിര്‍ത്തിക്ക് പുറത്തേക്ക് പറത്താന്‍ ശ്രമിച്ച ഗില്ലിന് പിഴയ്ക്കുകയായിരുന്നു. ഗില്‍ കോണ്‍വേയുടെ ക്യാച്ചില്‍ പുറത്തായി. 78 പന്തില്‍ 13 ഫോറും 5 സിക്‌സും ഉള്‍പ്പടെ 112 റണ്‍സെടുത്താണ് ഗില്ലിന്‍റെ മടക്കം. ഏകദിത്തിലെ 21-ാം ഇന്നിംഗ്‌സിലാണ് ഗില്ലിന്‍റെ നാല് സെഞ്ചുറികള്‍. 

ഇന്‍ഡോറില്‍ സെഞ്ചുറിപ്പൂരവുമായി രോഹിത്തും ഗില്ലും; കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമാക്കി ഇന്ത്യ