
ലഖ്നൗ: ഐപിഎല്ലിലും ഇന്ത്യന്‍ കുപ്പായത്തിലും ശുഭ്മാന്‍ ഗില്‍ മിന്നുന്ന പ്രകടനങ്ങളുമായി മുന്നേറുമ്പോള്‍ വിരാട് കോലിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയായി ഗില്ലിനെ വാഴ്ത്തുന്ന തിരക്കിലാണ് ക്രിക്കറ്റ് ലോകം. എന്നാല്‍ ശുഭ്മാന്‍ ഗില്ലിന്‍റെ ബാറ്റിംഗിന് വിരാട് കോലിയേക്കാള്‍ സാമ്യം ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ബാറ്റിംഗിനോടാണെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.
കോലിയുടെ ബാറ്റിംഗില്‍ ന്യൂനതകള്‍ ഉണ്ടെന്നും 2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ കോലി സമ്പൂര്‍ണ പരാജയമായിരുന്നുവെന്നും സ്പോര്‍ട്സ് കീഡക്ക് നല്‍കിയ അഭിമുഖത്തില്‍ കൈഫ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഗില്ലിന്‍റെ ബാറ്റിംഗ് സച്ചിന്‍റെ ബാറ്റിംഗിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. സച്ചിന്‍റെയും കോലിയുടെയും ബാറ്റിംഗിനെയും താരതമ്യം ചെയ്യുമ്പോള്‍ കോലിയുടെ ബാറ്റിംഗില്‍ ഒട്ടേറെ ന്യൂനതകള്‍ കാണാനാവും. 2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ് മുന്നില്‍ കോലി അടിയറവ് പറഞ്ഞ രീതി തന്നെ നോക്കുക. ഓഫ് സ്റ്റംപിന് പുറത്ത് തുടര്‍ച്ചയായി എറിഞ്ഞാണ് ആന്‍ഡേഴ്സണ്‍ കോലിയെ വീഴ്ത്തിയത്. ആന്‍ഡേഴ്സന്‍റെ സ്വിംഗിന് മുന്നില്‍ കോലിക്ക് ഉത്തരമില്ലായിരുന്നു. കോലി ആ പരമ്പരയില്‍ സമ്പൂര്‍ണ പരാജയമായിരുന്നു.
എന്നാല്‍ ഗില്ലിന്‍റെ ടെക്നിക്ക് സച്ചിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. കുറവുകളുണ്ടാകാമെങ്കിലും ഇപ്പോഴത്തെ ഫോമില്‍ ഗില്ലിനെ പുറത്താക്കാന്‍ ബുദ്ധിമുട്ടാണ്. സച്ചിനും കോലിയും ഇതിഹാസങ്ങള്‍ തന്നെയാണ്. ഇരുവര്‍ക്കുമൊപ്പം ഞാന്‍ കളിച്ചിട്ടുമുണ്ട്. പക്ഷെ കോലിയുടെ ബാറ്റിംഗില്‍ ന്യൂനതകള്‍ ഏറെയുണ്ടെന്നത് വസ്തുതയാണ്. അതേസമയം, ബാറ്റിംഗ് ടെക്നിക്കിന്‍റെ കാര്യത്തിലും മാനസികമായ കരുത്തിന്‍റെ കാര്യത്തിലും ഗില്ലിന് സച്ചിനോടാണ് കൂടുതല്‍ സാമ്യം-കൈഫ് പറഞ്ഞു.
ഈ വര്‍ഷം ഏകദിന ഡബിളും ടി20, ടെസ്റ്റ് സെഞ്ചുറികളും നേടിയ ഗില്‍ ഐപിഎല്ലില്‍ ടോപ് സ്കോററുമായിരുന്നു. ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലാണിപ്പോള്‍ ഗില്‍.