സിബിൻ ​ഗിരീഷ് വിലയേറിയ താരം; KCL താരലേലം പൂ‍ർത്തിയായി

Published : Jul 11, 2026, 06:33 PM IST
kerala cricket league

Synopsis

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലേക്കുള്ള താരലേലം പൂർത്തിയായി. സിബിൻ ഗിരീഷ് 11.80 ലക്ഷം രൂപയ്ക്ക് ലേലത്തിലെ ഏറ്റവും വിലയേറിയ താരമായി. ആലപ്പി റിപ്പിൾസാണ് സിബിനെ സ്വന്തമാക്കിയത്.

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണുള്ള താരലേലം പൂർത്തിയായി. സിബിൻ ഗിരീഷാണ് ലേലത്തിലെ ഏറ്റവും വിലകൂടിയ താരം. ആലപ്പി റിപ്പിൾസ് 11.80 ലക്ഷം രൂപയ്ക്കാണ് സിബിൻ ഗിരീഷിനെ സ്വന്തമാക്കിയത്. കൃഷ്ണദേവനും സച്ചിൻ ബേബിയുമാണ് കൂടുതൽ തുക നേടിയ മറ്റ് താരങ്ങൾ. കൃഷ്ണദേവനെ 11.20 ലക്ഷത്തിന് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് സ്വന്തമാക്കിയപ്പോൾ സച്ചിൻ ബേബിയെ പത്ത് ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിൾസും ടീമിലെത്തിച്ചു. 18 താരങ്ങളെ വിവിധ ടീമുകൾ നേരത്തെ തന്നെ നിലനി‍ർത്തിയിരുന്നു. ശേഷിക്കുന്ന 89 പേരെയാണ് വിവിധ ടീമുകൾ ലേലത്തിലൂടെ സ്വന്തമാക്കിയത്.

സി കാറ്റഗറിയിൽപ്പെട്ട താരമായ സിബിന്റെ അടിസ്ഥാന വില 75,000 രൂപയായിരുന്നു. എന്നാൽ കഴിഞ്ഞ സീസണിലും ഏതാനും ദിവസം മുൻപ് അവസാനിച്ച എൻ.എസ്.കെ. ട്രോഫിയിലുമടക്കം മികച്ച പ്രകടനം കാഴ്ചവെച്ച സിബിനായി വാശിയേറിയ പോരാട്ടമായിരുന്നു അരങ്ങേറിയത്. ആലപ്പി റിപ്പിൾസിന് പുറമെ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും തൃശൂർ ടൈറ്റൻസും കൊച്ചി ബ്ലൂ ടൈഗേഴ്സും സിബിനായി രംഗത്തുണ്ടായിരുന്നു. ഒടുവിൽ 11.80 ലക്ഷത്തിന് സിബിനെ ആലപ്പി സ്വന്തമാക്കുകയായിരുന്നു. കൂറ്റനടികളിലൂടെ കഴിഞ്ഞ സീസണിൽ ശ്രദ്ധേയനായ കൃഷ്ണദേവന് വേണ്ടിയും വാശിയേറിയ ലേലമായിരുന്നു അരങ്ങേറിയത്. തൃശൂരും കൊച്ചിയും ഉയർത്തിയ കടുത്ത വെല്ലുവിളി മറികടന്ന് 11.20 ലക്ഷത്തിന് കാലിക്കറ്റ് തന്നെ ലേലത്തിലൂടെ താരത്തെ നിലനിർത്തി.

എ കാറ്റഗറിയിൽ സച്ചിൻ ബേബിയും വിഷ്ണു വിനോദും നിധീഷ് എം. ഡി.യും ബേസിൽ തമ്പിയും അടക്കമുള്ള താരങ്ങളായിരുന്നു ഏറ്റവും കൂടുതൽ തുക നേടിയത്. തൃശൂർ ഉയർത്തിയ കടുത്ത വെല്ലുവിളി മറികടന്ന് പത്ത് ലക്ഷത്തിന് സച്ചിനെ ആലപ്പി ടീമിലെത്തിച്ചപ്പോൾ, വിഷ്ണു വിനോദിനെ 7.80 ലക്ഷത്തിന് ട്രിവാൺഡ്രം റോയൽസ് സ്വന്തമാക്കി. നിധീഷ് എം. ഡി.യെ 6.60 ലക്ഷത്തിന് കൊല്ലവും ബേസിൽ തമ്പിയെ 5.40 ലക്ഷത്തിന് കൊച്ചി ബ്ലൂ ടൈഗേഴ്സും ടീമിലെത്തിച്ചു. ഓൾ റൗണ്ടർമാരായ അബ്ദുൾ ബാസിദിനെ എട്ട് ലക്ഷത്തിന് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും അഭിജിത് പ്രവീണിനെ ആറ് ലക്ഷത്തിന് ആലപ്പി റിപ്പിൾസും സ്വന്തമാക്കി. എം. അജ്നാസും ആനന്ദ് കൃഷ്ണനുമാണ് എ കാറ്റഗറിയിൽ വലിയ തുക നേടിയ മറ്റ് രണ്ട് താരങ്ങൾ. അജ്നാസിനെ ഏഴ് ലക്ഷത്തിനുംആനന്ദ് കൃഷ്ണനെ 5.20 ലക്ഷത്തിലും കൊല്ലമാണ് സ്വന്തമാക്കിയത്.

ബി വിഭാഗത്തിൽ എം. നിഖിൽ, അക്ഷയ് മനോഹർ എന്നിവരാണ് കൂടുതൽ തുക നേടിയത്. നിഖിലിനെ 6.20 ലക്ഷത്തിനും അക്ഷയ് മനോഹറിനെ 4.80 ലക്ഷത്തിനും ട്രിവാൺഡ്രം റോയൽസാണ് ടീമിലെത്തിച്ചത്. സി വിഭാഗത്തിൽ സിബിൻ ഗിരീഷിനും കൃഷ്ണദേവനും പുറമെ അമൽ എ. ജി., എം. എസ്. അഖിൽ, വിപുൽ ശക്തി തുടങ്ങിയ താരങ്ങൾക്ക് വേണ്ടിയാണ് കടുത്ത മത്സരം നടന്നത്. 3.80 ലക്ഷത്തിന് അമൽ എ. ജിയെ കൊല്ലം സെയിലേഴ്സും എം. എസ്. അഖിലിനെ തൃശൂർ ടൈറ്റൻസും സ്വന്തമാക്കിയപ്പോൾ വിപുൽ ശക്തിയെ മൂന്ന് ലക്ഷത്തിന് കൊച്ചി ബ്ലൂ ടൈഗേഴ്സും ടീമിലെത്തിച്ചു.

ഏരീസ് കൊല്ലം സെയിലേഴ്സും തൃശൂർ ടൈറ്റൻസും നാല് താരങ്ങളെ വീതവും കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും ട്രിവാൺഡ്രം റോയൽസും മൂന്ന് താരങ്ങളെ വീതവും കൊച്ചി ബ്ലൂ ടൈഗേഴ്സ് രണ്ട് പേരെയും ആലപ്പി റിപ്പിൾസ് രണ്ട് പേരെയും വീതം നിലനിർത്തിയിരുന്നു. ബാക്കിയുള്ളവർക്കായാണ് ലേലം നടന്നത്. ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ചെലവഴിക്കാൻ കഴിയുമായിരുന്നത്. ഇതിൽ ട്രിവാൺഡ്രം റോയൽസും ആലപ്പി റിപ്പിൾസും കൊച്ചി ബ്ലൂ ടൈഗേഴ്സും മുഴുവൻ തുകയും ചെലവഴിച്ചു. കൊല്ലം 49.75 ലക്ഷവും കാലിക്കറ്റ് 49.70 ലക്ഷവും തൃശൂർ 49.35 ലക്ഷം വീതവും ചെലവഴിച്ചു. കൊച്ചിയും തൃശൂരും 20 താരങ്ങളെ ടീമിലെത്തിച്ചപ്പോൾ ആലപ്പിയും കാലിക്കറ്റും ട്രിവാൺഡ്രവും 16 പേരെ വീതവും കൊല്ലം 19 പേരെയും ലേലത്തിലൂടെ സ്വന്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കിരീടനേട്ടത്തിന് പിന്നാലെ കളിക്കാരെ നെഞ്ചോട് ചേർത്ത് കൊച്ചി ബ്ലൂ ടൈഗേഴ്സ്; ചാമ്പ്യൻഷിപ്പ് പ്രൈസ് മണി മുഴുവൻ താരങ്ങൾക്ക്
ഇംഗ്ലണ്ടിനെതിരെ നാണക്കേട് ഒഴിവാക്കാൻ ഇന്ത്യ ഇന്നിറങ്ങും; ടീമില്‍ മാറ്റങ്ങൾക്ക് സാധ്യത, സഞ്ജുവിന് വീണ്ടും അവസരം