
ഹരാരെ: നെതര്‍ലന്‍ഡ്സിനെതിരായ ഏകദിന ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസ. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സ് വിക്രംജീത് സിംഗ്, മാക്സ് ഓഡോഡ്, സ്കോട് എഡ്വേര്‍ഡ്സ് എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സടിച്ചപ്പോള്‍ സിക്കന്ദര്‍ റാസയുടെ വെടിക്കെട്ട് സെഞ്ചുറിയുടെയും ഷോണ്‍ വില്യംസിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ സിംബാബ്‌വെ 40.5 ഓവറില്‍ ലക്ഷ്യം മറികടന്നു.
സിക്കന്ദര്‍ റാസ 54 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഷോണ്‍ വില്യംസ് 58 പന്തില്‍ 91 റണ്‍സടിച്ച് പുറത്തായി. 16 റണ്‍സുമായി റയാന്‍ ബേള്‍ വിജയത്തില്‍ റാസക്ക് കൂട്ടായി. 48 പന്തില്‍ 50 റണ്‍സടിച്ച ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിന്‍, 40 റണ്‍സടിച്ച ഓപ്പണര്‍ ജോയ്ലോര്‍ഡ് ഗുംബി എന്നിവരും സിംബാബ്‌വെയുടെ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.
54 പന്തില്‍ സെഞ്ചുറി നേടിയ സിക്കന്ദര്‍ റാസ ഏകദിന ക്രിക്കറ്റില്‍ സിംബാബ്‌വെ ബാറ്ററുടെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോര്‍ഡും സ്വന്തമാക്കി. വാന്‍ ബീക്കിനെ സിക്സിന് പറത്തിയാണ് റാസ സെഞ്ചുറിയും സിംബാബ്‌വെയുടെ വിജയവും പൂര്‍ത്തിയാക്കിയത്.
കൂറ്റന്‍ ജയത്തോടെ ഗ്രൂപ്പ് എയില്‍ വെസ്റ്റ് ഇന്‍ഡീസിനെ മറികടന്ന് സിംബാബ്‌വെ ഒന്നാം സ്ഥാനത്തെത്തി. രണ്ട് കളികളില്‍ നാലു പോയന്‍റുമായാണ് സിംബാബ്‌വെ ഒന്നാമതെത്തിയത്. ഒരു മത്സരം കളിച്ച വെസ്റ്റ് ഇന്‍ഡീസ് രണ്ട് പോയന്‍റുമായി രണ്ടാം സ്ഥാനത്താണ്. നേപ്പാള്‍, അമേരിക്ക, നെതര്‍ലന്‍ഡ്സ് ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഗ്രൂപ്പ് ജേതാക്കള്‍ മാത്രമാണ് ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക.