റൂട്ട് ക്രീസിലുള്ളപ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ 450 റണ്‍സെങ്കിലും നേടുക എന്നത് എഡ്ജ്ബാസ്റ്റണിലെ ബാറ്റിംഗ് പിച്ചില്‍ അസാധ്യമല്ലായിരുന്നു. എന്നിട്ടും അമിത ആത്മവിശ്വാസത്തില്‍ സ്റ്റോക്സ് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.
എഡ്ജ്ബാസ്റ്റണ്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഓസ്ട്രേലിയ പരമ്പരയില്‍ 1-0ന് മുന്നിലെത്തിയപ്പോള്‍ പിഴച്ചത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്‍റെ തന്ത്രങ്ങള്‍ കൂടിയാണ്. ബാസ്ബോള്‍ ശൈലിയില്‍ അടിച്ചു തകര്‍ത്ത് റണ്ണടിച്ചുവെങ്കിലും ആദ്യ ഇന്നിംഗ്സിലെ ഇംഗ്ലണ്ടിന്‍റെ അപ്രതീക്ഷിത ഡിക്ലറേഷനാണ് അന്തിമഫലത്തില്‍ എഡ്ജ്ബാസ്റ്റണില്‍ നിര്‍ണായകമായത്.
എഡ്ജ്ബാസ്റ്റണില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് മൂന്ന് സെഷന്‍ പോലും തികച്ച് കളിക്കാതെ 78 ഓവര്‍ മാത്രം ബാറ്റ് ചെയ്ത് 393-8 എന്ന സ്കോറില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 118 റണ്‍സുമായി ജോ റൂട്ടും 17 റണ്‍സോടെ ഒലി റോബിന്‍സണും ക്രീസിലുള്ളപ്പോഴായിരുന്നു സ്റ്റോക്സിന്‍റെ നാടകീയ ഡിക്ലറേഷന്‍. ഇംഗ്ലണ്ട് സ്കോറിന് ക്ലാസിക് ശൈലിയില്‍ മറുപടി നല്‍കിയ ഓസ്ട്രേലിയ 116 ഓവര്‍ ബാറ്റ് ചെയ്ത് 386 റണ്‍സടിച്ച് ഇംഗ്ലീഷ് സ്കോറിന് അടുത്തെത്തി.
രണ്ടാം ഇന്നിംഗ്സിലും തകര്‍ത്തടിക്കാനുള്ള മൂഡില്‍ തന്നെയായിരുന്നു ഇംഗ്ലണ്ട്. ഏകദിന ശൈലിയില്‍ ബാറ്റ് വീശി 66 ഓവറില്‍ 273 റണ്‍സടിച്ച ഇംഗ്ലണ്ട് ഓസീസിന് നല്‍കിയത് 281 റണ്‍സിന്‍റെ വിജലക്ഷ്യം. നാലാം ദിനം ഡേവിഡ് വാര്‍ണറെയും മാര്‍നസ് ലാബുഷെയ്നിനെയും സ്റ്റീവ് സ്മിത്തിനെയും വീഴ്ത്തി ഇംഗ്ലണ്ട് വിജയമുറപ്പിച്ചുവെന്ന് കരുതിയിരിക്കെയാണ് ഉസ്മാന്‍ ഖവാജയിലൂടെ ഓസീസ് ചെറുത്തുനില്‍പ്പ് തുടങ്ങിയത്. അവസാനം പാറ്റ് കമിന്‍സും നേഥന്‍ ലിയോണും ചേര്‍ന്ന് ഓസീസ് വീരഗാഥ പൂര്‍ത്തിയാക്കുമ്പോള്‍ മത്സരത്തില്‍ ബാക്കിയുണ്ടായിരുന്നത് വെറും അഞ്ചോവര്‍ മാത്രം.
18 വര്‍ഷത്തെ കാത്തിരിപ്പ്; ഒടുവില്‍ ഇംഗ്ലണ്ടിനോട് എഡ്ജ്ബാസ്റ്റണിലെ കടം വീട്ടി ഓസ്ട്രേലിയ
റൂട്ട് ക്രീസിലുള്ളപ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ 450 റണ്‍സെങ്കിലും നേടുക എന്നത് എഡ്ജ്ബാസ്റ്റണിലെ ബാറ്റിംഗ് പിച്ചില്‍ അസാധ്യമല്ലായിരുന്നു. എന്നിട്ടും അമിത ആത്മവിശ്വാസത്തില്‍ സ്റ്റോക്സ് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ആദ്യ ഇന്നിംഗ്സില്‍ 50 റണ്‍സെങ്കിലും ലീഡുണ്ടായിരുന്നെങ്കില്‍ ആദ്യ ടെസ്റ്റിന്‍റെ ഫലം ഓസീസ് തോല്‍വിയോ സമനിലയോ മാത്രമാകുമായിരുന്നു. ഒരിക്കലും ഇംഗ്ലണ്ട് തോല്‍ക്കേണ്ടി വരില്ലായിരുന്നുവെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
എങ്കിലും മഴമൂലം ഒരു സെഷന്‍ പൂര്‍ണമായും നഷ്ടമായ ടെസ്റ്റിനെ ഇത്രയും ആവേശകരമാക്കിയത് സ്റ്റോക്സിന്‍റെ തന്ത്രങ്ങള്‍ തന്നെയായിരുന്നു. എഡ്ജ്ബാസ്റ്റണില്‍ ബൗളര്‍മാര്‍ക്ക് കാര്യമായ പിന്തുണയൊന്നും ലഭിക്കാതിരുന്ന പിച്ചില്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ അവസാന നിമിഷം വരെ പോരാടി. ടെസ്റ്റില്‍ ഇതുവരെ കാണാത്ത ഫീല്‍ഡ് പ്ലേസിംഗുകളും അപ്രതീക്ഷിത ബൗളിംഗ് മാറ്റങ്ങളുമെല്ലാമായി സ്റ്റോക്സ് ക്യാപ്റ്റനെന്ന നിലയിലെ തന്‍റെ മികവ് ഒരിക്കല്‍ കൂടി അടിവരയിടുകയും ചെയ്തു.
