
ചെന്നൈ: 2023 ഏകദിന ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് ഇന്ത്യ. ചെന്നൈ, എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയ തകര്‍ത്തത് ആറ് വിക്കറ്റിന്. അതും പരാജയപ്പെടുമെന്ന തോന്നിച്ച മത്സരത്തില്‍. ഒരുഘട്ടത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് എന്ന നിലയാലിയിരുന്നു ഇന്ത്യ. ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവര്‍ റണ്‍സൊന്നുമെടുക്കാതെ പവലിയനില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ വിരാട് കോലി (85) - കെ എല്‍ രാഹുല്‍ (പുറത്താവാതെ 97) സഖ്യം 165 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യ വിജയതീരണഞ്ഞു. കോലി മടങ്ങിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യയെ (11) കൂട്ടുപിടിച്ച് രാഹുല്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യയുടെ നിര്‍ണായക വിജയത്തിന് കാരണമായ ചില കാരണങ്ങള്‍ പരിശോധിക്കാം. തീര്‍ച്ചയായും ഇക്കാര്യത്തില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ തീരുമാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്.
1. ടോസ്
പരമ്പരാഗതമായി സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് ചെന്നൈയിലേത്. എന്നാല്‍ ടോസ് നേടിയിട്ടും ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള തീരുമാനം ഇന്ത്യയെ തുണച്ചു. ഓസീസ് നിരയില്‍ സ്റ്റീവന്‍ സ്മിത്ത് (46), ഡേവിഡ് വാര്‍ണര്‍ (41) എന്നിവര്‍ക്ക് മാത്രമാണ് നേരിയ രീതിയില്‍ പൊരുതാനെങ്കിലും സാധിച്ചത്. ഇരുവരും വീണത് സ്പിന്നിന് മുന്നിലാണ്. വാര്‍ണറെ കുല്‍ദീപ് പുറത്താക്കിയപ്പോള്‍ സ്മിത്തിനെ രവീന്ദ്ര ജഡേജ ബൗള്‍ഡാക്കി.
2. സ്പിന്‍ കെണി
ഓസ്‌ട്രേലിയയുടെ ആറ് വിക്കറ്റുകളും വീണത് സ്പിന്നിന് മുന്നിലാണ്. വാര്‍ണര്‍, സ്മിത്ത് എന്നിവരെ കൂടാതെ മര്‍നസ് ലബുഷെയ്ന്‍ (27), ഗ്ലെന്‍ മാക്‌സ്‌വെല്‍ (15), അലക്‌സ് ക്യാരി (0), കാമറൂണ്‍ ഗ്രീന്‍ (8) എന്നിവര്‍ വീണത് സ്പിന്നര്‍മാരുടെ മുന്നിലാണ്.
3. മൂന്ന് സ്പിന്നര്‍മാര്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം
ചെന്നൈയില്‍ മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താനുള്ള തീരുമാനം ഇന്ത്യക്ക് തുണയായി. മധ്യനിരയിലെ പ്രധാനികളായ സ്മിത്ത്, ലബുഷെയന്‍, ക്യാരി എന്നിവരെ ജഡേജ മടക്കി. അപകടകാരികളായ വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരെ കുല്‍ദീപും തിരിച്ചയച്ചു. ഓള്‍റൗണ്ടര്‍ ഗ്രീനിനെ പിടിക്കാന്‍ അശ്വിനുമായി. മത്സരത്തില്‍ നിര്‍ണായമായത് മൂന്ന് സ്പിന്നര്‍മാരുടെ പ്രകടനം തന്നെയാണ്.
4. രാഹുലിനെ മധ്യനിരയില്‍ നിര്‍ത്തി
ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലിനെ ഓപ്പണറാക്കണമെന്ന വാദമുണ്ടായിരുന്നു. എന്നാല്‍ ടീം മാനേജ്‌മെന്റ് അതിന് മുതിര്‍ന്നില്ല. അദ്ദേഹത്തിന് യോജിച്ച പൊസിഷന്‍ മധ്യനിര തന്നെയാണെന്ന് ടീം മാനേജ്‌മെന്റ് തീരുമാനിച്ചു. ഫലം 97 റണ്‍സുമായി പുറത്താവാതെ നിന്ന രാഹുല്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. രാഹുലിനെ മധ്യനിരയില്‍ കളിപ്പിക്കുന്നതില്‍ കോച്ച് ദ്രാവിഡിന് വലിയ പങ്കുണ്ട്.
5. മധ്യനിരയിലെ കൂട്ടുകെട്ട്
ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത് മധ്യനിരയിലെ കൂട്ടുകെട്ടാണ്. രാഹുല്‍-കോലി സഖ്യം നേടിയത് 165 റണ്‍സണാണ്. അതും ഇന്ത്യ ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് റണ്‍ എന്ന നിലയില്‍ നില്‍ക്കെ.
6. രോഹിത്തിന്റെ ക്യാപ്റ്റന്‍സി
ക്യാപ്റ്റനായി ആദ്യ ലോകകപ്പിനെത്തിയ രോഹിത് ശര്‍മയ്ക്ക് ബൗളര്‍മാരെ നന്നായി ഉപയോഗിക്കായി. ലബുഷെയ്ന്‍, സ്മിത്ത് എന്നിവര്‍ക്കെതിരെ രവീന്ദ്ര ജഡേജയുടെ റെക്കോര്‍ഡ് അദ്ദേഹം ഓര്‍ത്തുകാണും. കൃത്യമായി ജഡേജയെ ഉപയോഗിച്ചപ്പോള്‍ ഇരുവരേയും മടക്കാന്‍ താരത്തിനായി. മൂന്ന് സ്പിന്നര്‍മാരെ ഉപയോഗിക്കാനുള്ള തീരുമാനവും പ്രശംസ അര്‍ഹിക്കുന്നു.